ഫിറോസാബാദ്: റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് തട്ടിയെടുത്ത കുഞ്ഞിനെ വാങ്ങിയ ബി.ജെ.പി നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഫിറോസാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍ വിനീത അഗര്‍വാളിനെയാണ് പാര്‍ട്ടി പുറത്താക്കിയത്.
വിനീത അഗര്‍വാളും ഭര്‍ത്താവ് മുരാരി അഗര്‍വാളും 1.80 ലക്ഷം രൂപ നല്‍കിയാണ് ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ വാങ്ങിയത്. ദമ്പതികള്‍ക്ക് മറ്റൊരു മകളുണ്ട്. ആണ്‍കുട്ടി വേണമെന്ന ആഗ്രഹം കൊണ്ടാണ് കുഞ്ഞിനെ വാങ്ങിയതെന്നാണ് വിനീതയുടെ പ്രതികരണം.
ഇതിന് വേണ്ടിയാണ് കുട്ടിയെ വില്‍ക്കുന്നവരെ സമീപിച്ചതെന്നും അവര്‍ പൊലീസിനോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫിറോസാബാദിലെ 51ാം വാര്‍ഡ് കൗണ്‍സിലാറായിരുന്നു വിനീത. സംഭവം വിവാദമായതോടെ ഇവരെ പാര്‍ട്ടിയില്‍ നിന്ന് ഉടന്‍ സസ്‌പെന്‍ഡ് ചെയ്തുവെന്ന് ഫിറോസാബാദ് മഹാനഗര്‍ യൂണിറ്റ് ബി.ജെ.പി അധ്യക്ഷന്‍ രാകേഷ് ശങ്കര്‍ പറഞ്ഞു. കൗണ്‍സിലര്‍ക്ക് നല്‍കിയ കത്തില്‍ സംസ്ഥാന കമ്മിറ്റിയില്‍ അഗര്‍വാളിന്റെ പെരുമാറ്റം ശരിയായില്ലെന്ന് യൂണിറ്റ് കമ്മിറ്റി പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി എന്ന് അറിയിച്ചിട്ടുണ്ട്.
കുഞ്ഞിനെ മഥുരയിലെ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്ന് ഓഗസ്റ്റ് 24നായിരുന്നു തട്ടിക്കൊണ്ടുപോയത്.
റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങിക്കിടന്ന മാതാവിനരികില്‍ നിന്നായിരുന്നു അജ്ഞാതനായ യുവാവ് കുഞ്ഞിനെ തട്ടിയെടുത്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
മഥുര സ്റ്റേഷനില്‍ സ്ഥാപിച്ച സി.സി.ടി.വിയില്‍ നിന്നായിരുന്നു കുഞ്ഞിനെ തട്ടിയെടുക്കുന്നതിന്റെ വീഡിയോ ലഭിച്ചത്.
ഉറങ്ങി കിടന്ന അമ്മക്കരികില്‍ നിന്നും കുഞ്ഞിനെ എടുത്ത് ഓടുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. സംഭവത്തില്‍ കേസെടുത്ത് മഥുര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
മഥുര സ്റ്റേഷനില്‍ നിന്ന് 10 കിലോമീറ്റര്‍ മാറിയായിരുന്നു കുഞ്ഞിനെ ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഗര്‍വാളും അവരുടെ ഭര്‍ത്താവും ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്.