വിശ്വാസ വോട്ടെടുപ്പ് ബഹിഷ്കരിച്ച് ബി.ജെ.പി: യെദ്യൂരപ്പയുടെ പ്രസംഗത്തിന്‌ പിന്നാലെ ഇറങ്ങിപ്പോക്ക്
Karnata Election
വിശ്വാസ വോട്ടെടുപ്പ് ബഹിഷ്കരിച്ച് ബി.ജെ.പി: യെദ്യൂരപ്പയുടെ പ്രസംഗത്തിന്‌ പിന്നാലെ ഇറങ്ങിപ്പോക്ക്
ന്യൂസ് ഡെസ്‌ക്
Friday, 25th May 2018, 4:24 pm

ബെംഗളൂരു: കർണ്ണാടക നിയമസഭയിൽ എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിൽ നടന്ന കോൺഗ്രസ്സ്-ജെ.ഡി.എസ് സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ബഹിഷ്കരിച്ച് ബി.ജെ.പി. യെദ്യൂരപ്പയുടെ പ്രസംഗത്തിന്‌ ശേഷം ഏറ്റവും വലിയ ഒറ്റകക്ഷി ആയ ബി.ജെ.പി അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങി പോവുകയായിരുന്നു.

പ്രോ ടേം സ്പീക്കറും ബി.ജെ.പി അംഗവുമായ കെ.ജി ബൊപ്പയ്യയ്ക്ക് പകരം സ്പീക്കറായി ബി.ആർ രമേഷ് കുമാറിനെ തെരഞ്ഞെടുത്ത് കൊണ്ടാണ്‌ സഭാനടപടികൾ ആരംഭിച്ചത്. ബി.ജെ.പിയിൽ നിന്ന് സ്പീക്കർ തെരഞ്ഞെടുപ്പിന്‌ എസ്.സുരേഷ് കുമാർ പത്രിക നൽകിയിരുന്നെങ്കിലും, പിന്നീട് പിൻവലിച്ചു. ഇതോടെ രമേഷ് കുമാർ എതിരില്ലാതെ കർണ്ണാടക സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.  സ്പീക്കർ പദവിയുടെ മൂല്യം കാത്ത് സൂക്ഷിക്കാനാണ്‌ പത്രിക പിൻവലിച്ചതെന്ന് ബി.ജെ.പി അംഗങ്ങൾ പറഞ്ഞു.

ഭാവിയിൽ സംസ്ഥാനത്ത് നടത്താൻ ഉദ്ദേശിക്കുന്ന പദ്ധതികളാണ്‌ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി തന്റെ പ്രസംഗത്തിൽ വിശദീകരിച്ചത്. ബി.ജെ.പിയുമായി മുമ്പ് സഖ്യം ഉണ്ടാക്കിയത് തെറ്റായ തീരുമാനം ആയിപോയെന്ന് വിശ്വാസപ്രമേയം അവതരിപ്പിച്ച് കൊണ്ട് കുമാരസ്വാമി പറഞ്ഞു. ആശങ്കകൾ ഇല്ലെന്നും വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കുമാരസ്വാമി വിശ്വാസവഞ്ചകൻ ആണെന്നും, മുമ്പ് സഖ്യമുണ്ടാക്കിയതിൽ ഖേദിക്കുന്നു എന്ന് പറഞ്ഞാണ്‌ യെദ്യൂരപ്പ തന്റെ പ്രസംഗം ആരംഭിച്ചത്. മുഖ്യമന്ത്രി പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കി കാണിക്കാൻ യെദ്യൂരപ്പ കുമാരസ്വാമിയെ വെല്ലുവിളിച്ചു.  കാർഷിക കടങ്ങൾ എഴുതി തള്ളാനുള്ള തന്റെ തീരുമാനം നടാപ്പാക്കിയില്ലെങ്കിൽ മെയ് 28ന്‌ കർണാടക ബന്ദ് നടത്തുമെന്നും യെദ്യൂരപ്പ മുന്നറിയിപ്പ് നൽകി.