'ഒരിക്കല്‍ വിശ്വാസികള്‍ തിരുത്തിച്ചതാണ്, പഴയതൊന്നും മറന്നിട്ടില്ല പിണറായി വിജയാ'; ശബരിമലയില്‍ പൊലീസുകാര്‍ക്കുള്ള നിര്‍ദേശത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി കെ. സുരേന്ദ്രന്‍
Kerala News
'ഒരിക്കല്‍ വിശ്വാസികള്‍ തിരുത്തിച്ചതാണ്, പഴയതൊന്നും മറന്നിട്ടില്ല പിണറായി വിജയാ'; ശബരിമലയില്‍ പൊലീസുകാര്‍ക്കുള്ള നിര്‍ദേശത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി കെ. സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th November 2022, 11:47 am

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന സീസണിന് മുന്നോടിയായി പൊലീസുകാര്‍ക്ക് നല്‍കിയ പൊതു നിര്‍ദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

‘ഒരിക്കല്‍ വിശ്വാസികള്‍ നിങ്ങളെക്കൊണ്ടു തിരുത്തിച്ചതാണ്. വീണ്ടും അവിവേകത്തിനാണ് വരുന്നതെങ്കില്‍ പഴയതൊന്നും മറന്നിട്ടില്ലെന്ന് പിണറായി വിജയനെ ഓര്‍മ്മിപ്പിക്കുന്നു,’ കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

2018ലെ സുപ്രീം കോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് തീര്‍ത്ഥാടനം അനുവദിച്ചിട്ടുണ്ടെന്ന നിര്‍ദേശത്തിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്.

ശബരിമലയില്‍ ഡ്യൂട്ടിയില്‍ ഉള്ള പൊലീസുകാര്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളിലാണ് ആഭ്യന്തര വകുപ്പ് എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് തീര്‍ത്ഥാടനം അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നത്.

ശബരിമലയില്‍ പൊലീസിന് നല്‍കിയ വിവാദ നിര്‍ദേശം കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്താണെങ്കിലും, അത് മുളയിലെ നുള്ളുന്നതാണ് നല്ലതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

പൊലീസുകാര്‍ക്ക് നല്‍കിയ പൊതു നിര്‍ദേശങ്ങള്‍:

സുപ്രീം കോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളതാണ്.

ശബരിമലയില്‍ നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ എല്ലാ ഉദ്യോഗസ്ഥരും പാലിക്കണം.

ഡ്യൂട്ടി സമയത്തും, അല്ലാത്തപ്പോഴും തീര്‍ത്ഥായകരോട് മാന്യമായും സഹാനൂഭൂതിയോടെയും പെരുമാറണം, തുടങ്ങിയ നിര്‍ദേശങ്ങളാണ് ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് നല്‍കിയിട്ടുള്ളത്.

ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച ചരിത്ര വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത് 2018 സെപ്റ്റംബര്‍ 28നാണ്.

എന്നാല്‍ അതിന് ശേഷം അതിശക്തമായ പ്രതിഷേധമാണ് ശബരിമല വിഷയത്തില്‍ അരങ്ങേറിയത്. ആചാരസംരക്ഷണത്തിനായി സംഘപരിവാര്‍ സംഘടനകളും ബി.ജെ.പിയും പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും, ലീഗുമടക്കം രംഗത്തിറങ്ങിയപ്പോള്‍, സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന നിലപാടിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ഈ നിലപാടില്‍ നിന്ന് പിന്നോട്ട് പോകുകയായിരുന്നു.

Content Highlight: BJP State President K Surendran Slams Pinarayi Vijayan over Police Instructions to Sabarimala Duty