ഐ.എന്‍.എല്ലിന് പി.എഫ്.ഐയുമായി ബന്ധം; അഹമ്മദ് ദേവര്‍കോവിലിനെ പുറത്താക്കാന്‍ ബി.ജെ.പി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും: കെ. സുരേന്ദ്രന്‍
Kerala News
ഐ.എന്‍.എല്ലിന് പി.എഫ്.ഐയുമായി ബന്ധം; അഹമ്മദ് ദേവര്‍കോവിലിനെ പുറത്താക്കാന്‍ ബി.ജെ.പി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും: കെ. സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th September 2022, 11:43 am

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചത് സമയോചിതമായ ഇടപെടലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തില്‍ പി.എഫ്.ഐയെ ഇടതുപക്ഷവും കോണ്‍ഗ്രസും മാറിമാറി പിന്തുണക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ സംഘടനയായ എസ്.ഡി.പി.ഐയെയും നിരോധിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

പി.എഫ്.ഐയുടെ ചാരിറ്റി വിങ്ങായ റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. ടെറര്‍ ഫണ്ടിങ്ങാണ് ആ സംഘടന നടത്തുന്നത്. ഐ.എന്‍.എല്ലിന്റെ തലവന്‍ തന്നെയാണ് റിഹാബ് ഫൗണ്ടേഷന്റേയും തലവന്‍. അതിനാല്‍ അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ ബി.ജെ.പി ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നിരോധിച്ച സംഘടനയുമായി ബന്ധമുള്ള ഒരു പാര്‍ട്ടിയുടെ പ്രതിനിധി ഇടുതുപക്ഷ മുന്നണിയിലുള്ളത് രാജ്യ താല്‍പര്യത്തിന് എതിരാണ്. എങ്ങോട്ടാണ് പിണറായി വിജയന്‍ കേരളത്തെ നയിക്കുന്നത്. എന്നാല്‍ റിഹാബ് ഫൗണ്ടേഷനുമായും പി.എഫ്.ഐയുമായും രാഷ്ട്രീയമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും ബി.ജെ.പി സാഹചര്യത്തെ മുതലെടുക്കുകയാണെന്നും ഐ.എന്‍.എല്‍ നേതൃത്വം പ്രതികരിച്ചു.

അതേസമയം, പോപ്പുലര്‍ ഫ്രണ്ടിനെ പോലുള്ള സംഘടനകളെ നിരോധിക്കുന്നത് കൊണ്ട് മാത്രം കാര്യമില്ലെന്ന മുമ്പത്തെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

വര്‍ഗീയതക്കെതിരെയാണ് നീക്കമെങ്കില്‍ ഒരു സംഘടനയെ മാത്രം നിരോധിച്ചിട്ട് കാര്യമില്ലെന്നും അതേസമയം, പുതിയ സാഹചര്യം സംബന്ധിച്ച നിലപാടില്‍ കേന്ദ്ര കമ്മിറ്റി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

”സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയാണ് അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള നിലപാടെന്ന രീതിയില്‍ പറയേണ്ടത്. അത് പറയുന്ന മുറക്ക് നമുക്ക് നമ്മുടെ നിലപാടുകള്‍ വ്യക്തമാക്കാം. ഇപ്പോള്‍ അത് സംബന്ധിച്ച കാര്യം പറയാന്‍ സാധിക്കില്ല.

നിലപാട് ഇന്നലത്തേത് തന്നെയാണ്. നിരോധനം കൊണ്ട് കാര്യങ്ങള്‍ പരിഹരിക്കാനാകും എന്ന തെറ്റിദ്ധാരണ ഞങ്ങള്‍ക്കാര്‍ക്കുമില്ല. നിരോധിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഇനി എന്ത് നിലപാട് സ്വീകരിക്കണമെന്ന് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി പറഞ്ഞാലേ പറയാന്‍ സാധിക്കൂ.
വര്‍ഗീയതക്കെതിരായ സ്റ്റെപ്പാണെങ്കില്‍ ഒരു വിഭാഗത്തെ മാത്രം നിരോധിച്ചിട്ട് കാര്യമില്ലല്ലോ,” എം.വി. ഗോവിന്ദന്‍ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കും എട്ട് അനുബന്ധ സംഘടനകള്‍ക്കുമാണ് കേന്ദ്ര സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍.ഐ.എഫ്), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എ.ഐ.ഐ.സി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍.സി.എച്ച്.ആര്‍.ഒ), നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നിവയെയുമാണ് കേന്ദ്ര സര്‍ക്കാര്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്.