ശബരിമല യുവതീ പ്രവേശനം: കേന്ദ്ര നിലപാടിനെ പിന്തുണച്ച് പി.എസ് ശ്രീധരന്‍ പിള്ള
Sabarimala women entry
ശബരിമല യുവതീ പ്രവേശനം: കേന്ദ്ര നിലപാടിനെ പിന്തുണച്ച് പി.എസ് ശ്രീധരന്‍ പിള്ള
ന്യൂസ് ഡെസ്‌ക്
Wednesday, 3rd July 2019, 7:47 pm

കോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.

സുപ്രീം കോടതി വിധി മറികടക്കുന്നതിന് കേന്ദ്രം ഇപ്പോള്‍ നിയമ നിര്‍മാണത്തിനില്ലെന്ന് ലോക്സഭയില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു. ഇതിനെയാണ് ശ്രീധരന്‍പിള്ള പിന്തുണണച്ചിരിക്കുന്നത്.

‘കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ നിയമാനുസൃതമാണ്. ഉത്തരവാദിത്തമുള്ള മന്ത്രിക്ക് അങ്ങനേയെ പറയാനാകൂ. കോടതിയുടെ പരിഗണനയിലുള്ള ഒരു കാര്യത്തില്‍ ഇടപെടുന്നത് കോടതിയലക്ഷ്യമാകുമെന്ന് കരുതിയാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നാണ് ഞാന്‍ കരുതുന്നത്’- ശ്രീധരന്‍ പിള്ള പറഞ്ഞു.

കേരള സര്‍ക്കാര്‍ ശബരിമലയില്‍ സ്ത്രീകളെ കൊണ്ടുപോകില്ലെന്ന നിലപാട് എടുത്തിട്ടുണ്ട്. ഇതോടെ സമരങ്ങള്‍ക്കുള്ള സാഹചര്യം ഇല്ലാതായെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മടിക്കാണിക്കുന്നുവെന്ന വാദം അജ്ഞതകൊണ്ടുള്ളതാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ലോക്‌സഭയില്‍ ശശി തരൂര്‍ എം.പിയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.

ശബരിമല വിധിയെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമോയെന്ന ചോദ്യം ആന്റോ ആന്റണി എം.പി ലോക്‌സഭയില്‍ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് മാത്രം മറുപടി നല്‍കുകയാണ് നിയമമന്ത്രി ചെയ്തത്.

ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തടസങ്ങളുണ്ടെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധാവ് നേരത്തെ പറഞ്ഞിരുന്നു. സുപ്രീം കോടതി നടപടി മറികടക്കാന്‍ സാധ്യമല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

നേരത്തെ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ലോക്സഭയില്‍ ശബരിമല യുവതീ പ്രവേശനത്തിനെതിരെ സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നു. ശബരിമല ശ്രീധര്‍മശാസ്ത്രക്ഷേത്ര ബില്‍ എന്ന പേരിലായിരുന്നു ബില്‍ അവതരിപ്പിച്ചത്.

ശബരിമലയില്‍ സുപ്രീം കോടതി വിധിക്ക് മുമ്പുള്ള സാഹചര്യം തുടരണമെന്നായിരുന്നു പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടത്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ കോടതിയിലും ട്രൈബ്യൂണലിലും അടക്കം മറ്റു നടപടികള്‍ പാടില്ലെന്നും ബില്ലില്‍ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.