പാലക്കാട്: കേരളത്തില്‍ ബി.ജെ.പി സര്‍ക്കാരുണ്ടാക്കുമെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് കോട്ടമൈതാനിയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
യു.ഡി.എഫും എല്‍.ഡി.എഫും ബി.ജെ.പിയുടെ ബി ടീമാണെന്നാണ് ആരോപണം ഉയരുന്നത്. എന്നാല്‍ കേരളത്തില്‍ ബി.ജെ.പിയാണ് ഇത്തവണ എ ടീമെന്ന് മോദി പറഞ്ഞു.
കേന്ദ്രത്തില്‍ ഭരണത്തിലിരുന്ന് കേരളത്തിന്റെ വികസനത്തിനായി ബി.ജെ.പി പ്രവര്‍ത്തിച്ചു. എന്നാല്‍ കോണ്‍ഗ്രസ് ഭരണത്തിലിരുന്നപ്പോള്‍ എത്ര പൈസയാണോ കേരളത്തിനായി ചെലവഴിച്ചത്. അതിന്റെ അഞ്ചിരട്ടിയാണ് ബി.ജെ.പി കേന്ദ്ര ഭരണത്തിലിരിക്കുമ്പോള്‍ കേരളത്തിനായി ചെലവഴിച്ചത്.
നഗര വികസനം, റോഡ് നിര്‍മാണം, റെയില്‍വേ, കൃഷി, പുരോഗതി, ജല്‍ ജീവന്‍, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങി എല്ലാ മേഖലയ്ക്കുമായി ബി.ജെ.പി സര്‍ക്കാര്‍ പണം സംസ്ഥാനത്തിന് നല്‍കി. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഈ പണം ശരിയായ രീതിയില്‍ ചെലവഴിക്കാതെ ജനങ്ങള്‍ക്ക് അവകാശപ്പെട്ട പണം കൊള്ളയടിച്ചെന്ന് മോദി ആരോപിച്ചു.
ഇന്ന് കേരളം അഞ്ച് ലക്ഷം കോടി കടക്കെണിയിലാണ്. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് കടം മൂന്നിരട്ടിയായെന്നും മോദി ആരോപിച്ചു. ജനങ്ങള്‍ക്ക് അവകാശപ്പെട്ട പണം എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വന്തം കീശയിലാക്കിയെന്നും ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ അഴിമതിക്കാരുടെ കയ്യില്‍ നിന്നും ഈ പണം തിരിച്ചുപിടിക്കുമെന്നും മോദി അവകാശപ്പെട്ടു.
കേരളത്തില്‍ ബി.ജെ.പി ഭരണത്തില്‍ വന്നാല്‍ മോദിയുടെ വികസിത കേരളം ഗ്യാരണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് പുറത്ത് കോണ്‍ഗ്രസും സി.പി.ഐ.എമ്മും ഒരു സഖ്യമാണെന്ന ആരോപണവും മോദി ആവര്‍ത്തിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡനക്കേസും മോദി പേരെടുത്ത് പറയാതെ ഉയര്‍ത്തി കാണിച്ചു. കോണ്‍ഗ്രസ് ജനപ്രതിനിധി സ്ത്രീകളോട് മോശമായി പെരുമാറി.
മറ്റ് കോണ്‍ഗ്രസ് നേതാക്കളും സ്ത്രീപീഡനക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ സ്വഭാവം ഇതാണെന്നും ഇവരെ സൂക്ഷിക്കണമെന്നും മോദി പറഞ്ഞു.
Content Highlight: BJP spent five times more money on Kerala than Congress; Government looted development funds: Modi