എന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ബി.ജെ.പി ചെലവാക്കിയത് കോടികള്‍; പപ്പു പരിഹാസങ്ങളില്‍ രാഹുല്‍ ഗാന്ധി
India
എന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ബി.ജെ.പി ചെലവാക്കിയത് കോടികള്‍; പപ്പു പരിഹാസങ്ങളില്‍ രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th January 2023, 5:57 pm

ലഡാക്ക്: തന്റെ പ്രതിച്ഛായ നശിപ്പിക്കാന്‍ ബി.ജെ.പിയും അവരുടെ നേതാക്കളും കോടിക്കണക്കിന് രൂപ ചെലവാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്നാല്‍ പണം കൊണ്ട് സത്യത്തെ മറച്ചുവെക്കാനാവില്ലെന്നും ബി.ജെ.പി നേതാക്കള്‍ അത് പതുക്കെ മനസിലാക്കുമെന്നും ജമ്മു കശ്മീരിലെ ഭാരത് ജോഡോ യാത്രയില്‍ വെച്ച് അദ്ദേഹം പറഞ്ഞു.

പപ്പു എന്ന പരിഹാസത്തെ നേരിടാന്‍ വേണ്ടി കോണ്‍ഗ്രസ് കോടിക്കണക്കിന് രൂപ ചെലവഴിച്ചോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാഹുല്‍ ഗാന്ധി. ‘എന്റെ പ്രതിച്ഛായ നശിപ്പിക്കാന്‍ കോടിക്കണക്കിന് രൂപ ബി.ജെ.പി ചെലവാക്കി. ബി.ജെ.പിയും അവരുടെ നേതാക്കളും വളരെ ആസൂത്രിതമായാണ് ഇത് ചെയ്തത്. പണം കൊണ്ട് സത്യത്തെ മറയ്ക്കാനാവില്ല. അത് നിങ്ങള്‍ കണ്ട് കഴിഞ്ഞു. സത്യം എപ്പോഴും പുറത്തേക്ക് വന്നുകൊണ്ടിരിക്കും.

നിങ്ങള്‍ക്ക് ആരെയും തരംതാഴ്ത്താം. ആരുടെ പ്രതിച്ഛായയും വികലമാക്കാം. ഏത് സര്‍ക്കാരിനേയും വാങ്ങാം. പണം കൊണ്ട് എന്തും ചെയ്യാം. എന്നാല്‍ അത് സത്യമായിരിക്കില്ല. സത്യം എല്ലായ്‌പ്പോഴും പണത്തേയും അധികാരത്തേയും മാറ്റിനിര്‍ത്തും. ബി.ജെ.പി നേതാക്കള്‍ ഇത് പതുക്കെ മനസിലാക്കിക്കൊള്ളും,’ രാഹുല്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരികെ കൊണ്ടുവരുമെന്നും അതിന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. നിങ്ങളുടെ സംസ്ഥാന പദവിയെക്കാള് വലുതല്ല മറ്റൊരു വിഷയവും. സംസ്ഥാനത്തിന്റെ അധികാരം കേന്ദ്രം എടുത്തുകളഞ്ഞു. നിങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനുവരി 30ന് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അവസാനിക്കും. കന്യാകുമാരിയില്‍ നിന്നും കഴിഞ്ഞ സെപ്റ്റംബറിലാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്.

Content Highlight: BJP spent crores to destroy my image; Rahul Gandhi on pappu jokes