രാജ്യത്തെ നാണംകെടുത്താന്‍ രാഹുലിന്റെ നിര്‍ദേശപ്രകാരം ആസൂത്രണം ചെയ്തത്; എ.ഐ. സമ്മിറ്റിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ബി.ജെ.പി
India
രാജ്യത്തെ നാണംകെടുത്താന്‍ രാഹുലിന്റെ നിര്‍ദേശപ്രകാരം ആസൂത്രണം ചെയ്തത്; എ.ഐ. സമ്മിറ്റിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ബി.ജെ.പി
നിഷാന. വി.വി
Saturday, 21st February 2026, 7:40 am

ന്യൂദല്‍ഹി: എ. ഐ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി.

ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ പ്രതിഛായ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് വേദിയില്‍ കോലാഹലം സൃഷ്ടിച്ചതെന്ന് ബി.ജെ.പി വക്താവ് സാംബിത് പത്ര പറഞ്ഞു.

രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയും ഏറ്റവും വലിയ രാജ്യദ്രോഹികളാണെന്നും രാജ്യം പുരോഗമിക്കുന്നിടത്തും സന്തോഷമുണ്ടാവുന്നിടത്തും അവര്‍ വന്ന് നശിപ്പിക്കുമെന്നും പത്ര പറഞ്ഞു.

‘കോണ്‍ഗ്രസിനെ സംബന്ധിച്ചടത്തോളം എനിക്ക് മൂന്ന് വാക്കുകള്‍ മാത്രമേ പറയാനുള്ളു, നഗ്നതാ പ്രദര്‍ശകര്‍, ബുദ്ധി ശൂന്യം, ലജ്ജയില്ലാത്തത്,’ അദ്ദേഹം പറഞ്ഞു.

പ്രതിഷേധം മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നുവെന്നും ബി.ജെ.പി വക്താവ് ആരോപിച്ചു.
പരിപാടിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് വേദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി നേടിയിരുന്നുവെന്നും ബി.ജെ.പി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പത്ര പറഞ്ഞു.

‘ മുഴുവന്‍ ആസൂത്രണവും രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലായിരുന്നു. ഈ പ്രതിഷേധം ഒരിക്കലും ഒരു പരീക്ഷണമായിരുന്നില്ല,’ സാംബിത് പത്ര പറഞ്ഞു.

പ്രതിഷേധം കോണ്‍ഗ്രസിന്റെ അഹങ്കാരവും നിരാശയും പ്രകടമാക്കുന്നതാണെന്ന് കേന്ദ്ര മന്ത്രി പിയുഷ് ഗോയല്‍ പറഞ്ഞു.

ബി.ജെ.പി നയിക്കുന്ന കേന്ദ്രത്തെ ലക്ഷ്യം വെച്ച് കൊണ്ട് ഇന്ത്യയെ അപമാനിക്കുന്നതാണോ രാഹുല്‍ ഗാന്ധിയുടെ പ്രതിപക്ഷ ആശയമെന്നും ഗോയല്‍ ചോദിച്ചു.

‘അടുത്തിടെയുണ്ടായ വ്യാപാര കരാറുകളെക്കുറിച്ച് നുണകള്‍ പ്രചരിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ വികസനത്തെ ഞെരുക്കാന്‍ നിങ്ങള്‍ ശ്രമിക്കുമ്പോള്‍, നിങ്ങളുടെ കാലാള്‍പ്പട അഭിമാനകരമായ എ.ഐ ഉച്ചകോടിയില്‍ ഷര്‍ട്ട് ധരിക്കാതെ മാര്‍ച്ച് ചെയ്ത് ലോകമെമ്പാടുമുള്ള 140 കോടി ഇന്ത്യക്കാരെ നാണം കെടുത്താന്‍ ശ്രമിക്കുന്നു,’ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചുകൊണ്ട് ഗോയല്‍ പറഞ്ഞു.

സാങ്കേതികവിദ്യയിലെ നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു അഭിമാനകരമായ ആഗോള ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന സമയത്ത്, കോണ്‍ഗ്രസ് പാര്‍ട്ടി അന്തസിനു പകരം തടസപ്പെടുത്തലാണ് തെരഞ്ഞെടുത്തതെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു എ.ഐ ഉച്ചകോടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഷര്‍ട്ടൂരി പ്രതിഷേധ പ്രകടനം നടത്തിയത്.

പ്രധാനമന്ത്രി രാജ്യത്തിന്റെ അഭിമാനം കച്ചവടം ചെയ്തുവെന്നും യു.എസുമായി ഒത്തുതീര്‍പ്പില്‍ എത്തിയിരുന്നുവെന്നടക്കമുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് യൂത്ത് കോണ്‍ഗ്രസ് എ.ഐ സമ്മിറ്റിനിടെ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Content Highlight: BJP slams Youth Congress protest at AI Summit, says it was planned on Rahul’s instructions to embarrass the country

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.