ന്യൂദല്‍ഹി: ബീഹാറില്‍ തുടരുന്ന വോട്ടര്‍ അധികാര്‍ യാത്രക്കിടെ കോണ്‍ഗ്രസ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മാതാവിനെയും അപമാനിച്ചെന്ന ആരോപണവുമായി ബി.ജെ.പി.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോദിയെയും മാതാവിനെയും മോശമായ വാക്കുകള്‍ ഉപയോഗിച്ച് അപമാനിച്ചുവെന്ന് പറഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഈ വീഡിയോയുടെ ആധികാരികത വ്യക്തമല്ല.
ഈ വീഡിയോ വൈറലായതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്കും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനുമെതിരെ ബി.ജെ.പി രംഗത്തെത്തിയത്.
‘രാഹുല്‍ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും യാത്രയ്ക്കിടയില്‍ നിന്നുള്ള ദൃശ്യമാണിത്. തീര്‍ത്തും അപമാനകരമായ വാക്കുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ അന്തരിച്ച മാതാവിനും എതിരെ ഉപയോഗിച്ചിരിക്കുന്നത്,’ ബി.ജെ.പി ഔദ്യോഗിക എക്‌സ് പേജിലൂടെ കുറ്റപ്പെടുത്തി.
राहुल गांधी और तेजस्वी यादव की यात्रा के मंच से प्रधानमंत्री श्री नरेंद्र मोदी जी की स्वर्गीय माताजी के लिए बेहद अभद्र भाषा का प्रयोग किया गया।
राजनीति में ऐसी नीचता पहले कभी नहीं देखी गई। यह यात्रा अपमान, घृणा और स्तरहीनता की सारी हदें पार कर चुकी है।
ഏറ്റവും തരംതാഴ്ന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസ് ഉപയോഗിക്കുന്നത്. അപമാനത്തിന്റെയും വെറുപ്പിന്റെയും സകല അതിരുകളും ലംഘിക്കുന്ന പ്രവര്‍ത്തിയാണിതെന്നും ബി.ജെ.പി പറയുന്നു.
അവര്‍ ഉപയോഗിച്ച ഭാഷ ഒരു പൊതുവേദിയില്‍ ആവര്‍ത്തിക്കാന്‍ പോലും സാധിക്കാത്ത വിധം മോശമായതാണ്. കോണ്‍ഗ്രസിന്റെ നിരാശ പ്രധാനമന്ത്രിയെയും മാതാവിനെയും അപമാനിക്കുന്ന തരത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് എന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.
രാഹുലിനെയും തേജസ്വിയെയും ആയിരം തവണ ഏത്തമിടീക്കുകയാണ് വേണ്ടതെന്നും ബി.ജെ.പി പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കുമൊപ്പം രാഹുലും തേജസ്വിയും വേദി പങ്കിട്ടതിനെയും ബി.ജെ.പി വിമര്‍ശിച്ചു.
മുന്‍പ് ബീഹാറിലെ ജനങ്ങളെ അവഹേളിച്ച സ്റ്റാലിനെയും രേവന്ത് റെഡ്ഡിയെയും വോട്ടര്‍ അധികാര്‍ യാത്രയിലേക്ക് ക്ഷണിച്ചത് വീണ്ടും അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും ബി.ജെ.പി പറഞ്ഞു.
അതേസമയം, വലിയ ജനപങ്കാളിത്തത്തോടെ തുടരുന്ന വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്താന്‍ മനപൂര്‍വമുള്ള ശ്രമങ്ങളാണിതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
Content Highlight: BJP slams Rahul, Tejashwi for insulting PM Modi