തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കയച്ച കത്തില്‍ ബി.ജെ.പിയുടെ സീല്‍ ഉള്‍പ്പെട്ട വിവാദ സംഭവത്തില്‍ കൂടുതല്‍ നടപടി. ഡെപ്യൂട്ടി ചീഫ് തെരഞ്ഞെടുപ്പ് ഓഫീസര്‍ മിഷാല്‍ സാഗര്‍ ഭരത് ഐ.എ.എസിനെ സ്ഥാനത്ത് നിന്നും മാറ്റി.
അന്വേഷണ റിപ്പോര്‍ട്ടില്‍ ഡെപ്യൂട്ടി സി.ഇ.ഒയ്ക്ക് വീഴ്ച സംഭവിച്ചെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. നേരത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മെയില്‍ അയച്ച അസിസ്റ്റന്റ് സെക്ഷന്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കറാണ് സസ്‌പെന്‍ഷന്‍ നടപടിയെടുത്തത്. ഇതിന് പിന്നാലെയാണ് പ്രധാനപ്പെട്ട ഉദ്യോഗസ്ഥന് നേരെയും നടപടിയെടുത്തിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ചട്ടങ്ങളെക്കുറിച്ച് വിശദീകരിച്ച് ഈ മാസം 22-ന് സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് കമ്മീഷന്റെ സീലിന് പകരം ബി.ജെ.പി കേരള ഘടകത്തിന്റെ സീല്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച ചട്ടങ്ങള്‍ ഓര്‍മിപ്പിക്കാനായി കമ്മീഷന്‍ അയച്ച മെയിലായിരുന്നു ഇത്. സന്ദേശത്തിനൊപ്പം അറ്റാച്ച് ചെയ്തിരുന്ന 2019-ലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിലാണ് ബി.ജെ.പിയുടെ സീല്‍ പതിഞ്ഞിരുന്നത്.
2019ല്‍ പുറത്തിറങ്ങിയ ഈ കത്തിലെ നിര്‍ദേശങ്ങള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ബാധകമാണെന്ന് വ്യക്തമാക്കാനാണ് കമ്മീഷന്‍ വീണ്ടും അയച്ചത്. ഈ സംഭവത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്ത് സി.പി.ഐ.എമ്മും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി.
എന്നാല്‍, സീല്‍ പതിഞ്ഞത് കേവലം ഒരു ‘സാങ്കേതികമായ ക്ലറിക്കല്‍ പിഴവ്’ മാത്രമാണെന്ന വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രംഗത്തെത്തിയിരുന്നു.