മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ല; ബംഗാളില്‍ മോദിയുടെ പേരുപറഞ്ഞ് വോട്ട് പിടിക്കാന്‍ ബി.ജെ.പി
national news
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ല; ബംഗാളില്‍ മോദിയുടെ പേരുപറഞ്ഞ് വോട്ട് പിടിക്കാന്‍ ബി.ജെ.പി
ആദര്‍ശ് എം.കെ.
Sunday, 5th April 2026, 3:14 pm

കൊല്‍ക്കത്ത: വരാനിരിക്കുന്ന പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലും അദ്ദേഹത്തിന്റെ ‘വികസന അജണ്ട’യിലുമായിരിക്കും പാര്‍ട്ടി വോട്ട് തേടുകയെന്നും അദ്ദേഹം അറിയിച്ചു

തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഏതെങ്കിലും ഒരു നേതാവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്ന പതിവ് ബി.ജെ.പിക്കില്ലെന്ന് ഭട്ടാചാര്യ പറഞ്ഞു. ദല്‍ഹി, ഹരിയാന, ഒഡീഷ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു ഭട്ടാചാര്യ ഇക്കാര്യം പറഞ്ഞത്. ഈ സംസ്ഥാനങ്ങളിലൊന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കതെയാണ് വിജയം സ്വന്തമാക്കിയെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തിനെതിരെ പോരാടുന്നവരായി ജനങ്ങള്‍ ആരെയാണോ തിരിച്ചറിയുന്നത്, വിജയത്തിന് ശേഷം അവരില്‍ ഒരാള്‍ പാര്‍ട്ടിയുടെ മുഖമാകും,’ അദ്ദേഹം പറഞ്ഞു

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ജനങ്ങള്‍ വിശ്വസിക്കുന്ന ‘വികാസ് പുരുഷന്‍’ ആയ നരേന്ദ്ര മോദിയുടെ ദര്‍ശനങ്ങളിലും വികസന പ്രവര്‍ത്തനങ്ങളിലും വിശ്വാസമര്‍പ്പിച്ചായിരിക്കും ബി.ജെ.പി വോട്ട് ചോദിക്കുകയെന്നും ഭട്ടാചാര്യ പറഞ്ഞു.

നന്ദിഗ്രാമിലും ഭവാനിപൂരിലും ഒരേ സമയം ജനവിധി തേടുന്ന പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നായിരുന്നു ഭട്ടാചാര്യയുടെ മറുപടി. നിലവില്‍ അത്തരമൊരു തീരുമാനമില്ലെന്നും സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് വിജയിച്ച് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് നിയമവാഴ്ച സ്ഥാപിക്കുക, അക്രമങ്ങള്‍ തടയുക., നിക്ഷേപത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക. എന്നിവയ്ക്കായിരിക്കും തങ്ങള്‍ പ്രധാന്യം നല്‍കുകയെന്നും ഭട്ടാചാര്യ വ്യക്തമാക്കി.

നുഴഞ്ഞുകയറ്റക്കാരെ ‘കണ്ടെത്തുക, തടയുക, നാടുകടത്തുക’ (Detect, Detain, Deport) എന്നതായിരിക്കും ബി.ജെ.പിയുടെ നിലപാടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ബി.ജെ.പി ‘ഹിന്ദി-ഹിന്ദു-ഹിന്ദുസ്ഥാന്‍’ സംസ്‌കാരം അടിച്ചേല്‍പ്പിക്കുന്നു എന്ന ആരോപണങ്ങളെ തള്ളിയ ഭട്ടാചാര്യ, ശ്യാമപ്രസാദ് മുഖര്‍ജിയുടെ പാര്‍ട്ടിക്ക് തങ്ങള്‍ ബംഗാളികളാണെന്ന് ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ബി.ജെ.പി ആഗ്രഹിക്കുന്നില്ലെന്നും ജനവിധിയിലൂടെ മമത ബാനര്‍ജിയെ പരാജയപ്പെടുത്താനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിം വോട്ടര്‍മാര്‍ പ്രീണന രാഷ്ട്രീയം ഉപേക്ഷിച്ച് വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ദേശീയ ധാരയിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സമിക് ഭട്ടാചാര്യ പറഞ്ഞു.

 

Content highlight: BJP says they will not announce CM candidate in advance for West Bengal assembly elections

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.