ന്യൂദല്‍ഹി: രാഷ്ട്രപതി ഭവനില്‍ നടന്ന റിപ്പബ്ലിക് ദിന വിരുന്നില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പാരമ്പര്യ വസ്ത്രമായ ‘ഗമോസ’ (പട്ക) ധരിക്കാത്തതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി.
ഗാമോസ ധരിക്കാതെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക പൈതൃകത്തെ രാഹുല്‍ ഗാന്ധി അപമാനിച്ചുവെന്നാണ് ബി.ജെ.പി ഉന്നയിക്കുന്ന ആരോപണം.
രാഷ്ട്രപതി ദ്രൗപതി മുര്‍മു രണ്ട് തവണ അഭ്യര്‍ത്ഥിച്ചിട്ടും രാഹുല്‍ ഇത് ധരിക്കാന്‍ കൂട്ടാക്കിയില്ലെന്ന് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുര്‍ ഖാര്‍ഗെ എന്നിവര്‍ക്ക് പുറമെ വിരുന്നില്‍ പങ്കെടുത്ത വിദേശ പ്രതിനിധികളടക്കം ഗമോസ ധരിച്ചുവെന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സംസ്‌കാരത്തെ ബഹുമാനിച്ചുവെന്നും മാളവ്യ പറഞ്ഞു.
Shameful ! RAHUL GANDHI HAS INSULTED NORTH EAST AND ALSO DISRESPECTED OUR VERY HON’BLE PRESIDENT https://t.co/czJ2aWSPKc
— Shehzad Jai Hind (Modi Ka Parivar) (@Shehzad_Ind) January 26, 2026
‘രാഷ്ട്പതി ഭവനില്‍ നടന്ന ‘അറ്റ് ഹോം’ ചടങ്ങില്‍ വടക്കുകിഴക്കന്‍ മേഖലെ ഏറെ അഭിമാനത്തോടെ ആഘോഷിച്ച തീം ആണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍, വിദേശ പ്രതിനിധികള്‍ വരെ എല്ലാ അതിഥികളും പരമ്പരാഗതമായ പട്ക ധരിച്ച് ആ സംസ്‌കാരത്തോടുള്ള ആദരവ് പ്രകടമാക്കി,’ മാളവ്യ പറഞ്ഞു.
മോദിയും ഖാര്‍ഖെയും പട്ക ധരിച്ചുകൊണ്ടുള്ള ചിത്രങ്ങളും രാഹുല്‍ ഗാന്ധി ഇത് ധരിക്കാതെയുള്ള ചിത്രങ്ങളും മാളവ്യ പങ്കുവെച്ചു.
രാഹുല്‍ ഗാന്ധിയുടെ ഈ നടപടി വടക്കുകിഴക്കന്‍ ജനതയോടുള്ള അനാദരവാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും വിമര്‍ശനമുയര്‍ത്തി. രാഹുലിന്റെ ഇത്തരത്തിലുള്ള പെരുമാറ്റം കൊണ്ടാണ് കോണ്‍ഗ്രസിന് ആ മേഖലയില്‍ സ്വാധീനം നഷ്ടപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും അപമാനിച്ചതിന് രാഹുല്‍ ഗാന്ധി നിരുപാധികം മാപ്പ് പറയണമെന്നും ശര്‍മ്മ ആവശ്യപ്പെട്ടു.
ഇവര്‍ക്ക് പുറമെ ബി.ജെ.പി വക്താക്കളായ ഷഹസാദ് പൂനെവാല, പ്രദീപ് ബണ്ഡാരി എന്നിവരും രാഹുലിനെ വിമര്‍ശിച്ചിരുന്നു.
അതേസമയം, രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ഇതേ ചടങ്ങില്‍ ബി.ജെ.പി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിങ് പട്ക ധരിക്കാതെയുള്ള ചിത്രം പങ്കുവെച്ചായിരുന്നു കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയുടെ മറുപടി.
രാജ്‌നാഥ് സിങ്ങിനോടും ഹിമന്ത ബിശ്വ ശര്‍മ നിരുപാധികം മാപ്പ് ആവശ്യപ്പെടുമോ എന്നും അദ്ദേഹം പരിഹസിച്ചു.
ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനായി ബി.ജെ.പി ഇത്തരം അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് കുമാര്‍ ലല്ലുവും വിഷയത്തില്‍ പ്രതികരിച്ചു.
രാജ്യത്തെ പ്രതിപക്ഷ നേതാവിനോടുള്ള ഈ രീതിയിലെ അവഹേളനം അംഗീകരിക്കാനാവില്ലെന്ന് എ ഐ സിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചു. പ്രോട്ടോകോള്‍ അനുസരിച്ച് കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം എറ്റവും മുമ്പിലെ നിരയിലാണ് പ്രതിപക്ഷ നേതാവിന് ഇരിപ്പിടം നല്‍കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
നിരവധി പേര്‍ക്ക് ഒന്നാം നിരയില്‍ ഇരിപ്പിടം ഒരുക്കിയിട്ടും പ്രതിപക്ഷ നേതാവ് രാഹുലിന്റെ ഇരിപ്പിടം മാത്രം മൂന്നാം നിരയിലേക്ക് മാറ്റിയത് എന്തികൊണ്ടെന്ന ചോദ്യവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്
Content Highlight: BJP says Rahul Gandhi insulted the northeastern states, Congress hits back