വിജയ് രൂപാണിയുടെ സംസ്‌കാര ചടങ്ങുകളുടെ ചെലവ് വഹിക്കാനാകില്ലെന്ന് ബി.ജെ.പി; പാര്‍ട്ടിയില്‍ വിള്ളല്‍; പരിതാപകരമെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ്
India
വിജയ് രൂപാണിയുടെ സംസ്‌കാര ചടങ്ങുകളുടെ ചെലവ് വഹിക്കാനാകില്ലെന്ന് ബി.ജെ.പി; പാര്‍ട്ടിയില്‍ വിള്ളല്‍; പരിതാപകരമെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th September 2025, 9:11 am

അഹമ്മദാബാദ്: ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി ചെലവഴിച്ച 25 ലക്ഷം രൂപയെ ചൊല്ലി ഗുജറാത്ത് ബി.ജെ.പിയില്‍ പോര്.

ഈ ചെലവ് പാര്‍ട്ടി വഹിക്കില്ലെന്ന് സംസ്ഥാന ബി.ജെ.പി കുടുംബത്തെ അറിയിച്ചു. തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നു.

ജൂണ്‍ 12നാണ് അഹമ്മദാബാദ് വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തില്‍ വിജയ് രൂപാണി കൊല്ലപ്പെട്ടത്. പിന്നാലെ രാജ്‌കോട്ടില്‍ വെച്ച് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പടെ വന്‍ജനാവലിയെ സാക്ഷിയാക്കി വലിയ രീതിയില്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയിരുന്നു.

vijay rupani funeral

സംസ്‌കാര ചടങ്ങുകളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ബി.ജെ.പി ദേശീയധ്യക്ഷന്‍ ജെ.പി നദ്ദ തുടങ്ങിയ പ്രമുഖ ബി.ജെ.പി നേതാക്കള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ഈ ചടങ്ങുകള്‍ക്കായാണ് 25 ലക്ഷത്തോളം ചെലവിട്ടത്. ഒടുവില്‍ പൂക്കള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍, കൂടാരങ്ങള്‍ തുടങ്ങിയ ഒരുക്കങ്ങളുടെ ഭീമമായ ബില്‍ കുടുംബത്തിന് കൈമാറി ബി.ജെ.പി കയ്യൊഴിഞ്ഞു. ഈ പണം ബി.ജെ.പിയുടെ ഫണ്ടില്‍ നിന്നും അനുവദിക്കാനാകില്ലെന്നാണ് പാര്‍ട്ടി രൂപാണിയുടെ കുടുംബത്തെ അറിയിച്ചിരിക്കുന്നത്.

സംസ്‌കാരചടങ്ങിന് ആവശ്യമായി വന്ന വസ്തുക്കള്‍ എത്തിച്ച വ്യാപാരികള്‍ ബി.ജെ.പിയെ ബില്ലുമായി സമീപിച്ചപ്പോഴായിരുന്നു പാര്‍ട്ടിയുടെ ഫണ്ട് അനുവദിക്കാനാകില്ലെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചത്. ഇതോടെയാണ് പാര്‍ട്ടിപ്രവര്‍ത്തകനോട് ബി.ജെ.പി ചെയ്തത് വഞ്ചനയാണെന്ന വിമര്‍ശനം ഉയര്‍ന്നത്.

ഇതിനിടെ, ഗുജറാത്തിലെ ബി.ജെ.പി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ സി.ആര്‍ പാട്ടീല്‍ ഈ വിവാദത്തെ സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയതും ചര്‍ച്ചയായിട്ടുണ്ട്. വിവാദത്തിന് പിന്നില്‍ ഗുജറാത്ത് ബി.ജെ.പിക്കുള്ളിലെ ആഭ്യന്തര കലാപമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിജയ് രൂപാണിയെ പാര്‍ട്ടിക്കകത്തെ പ്രബല വിഭാഗം ഒതുക്കാന്‍ ശ്രമിച്ചിരുന്നെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ആരോപിക്കുന്നു. 2021ല്‍ അപ്രതീക്ഷിതമായി രൂപാണിയുടെ മുഖ്യമന്ത്രിസ്ഥാനം തെറിച്ചതും ഈ വിവേചനം കാരണമാണെന്നാണ് ആരോപണങ്ങള്‍.

2016 മുതല്‍ 2021 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു രൂപാണി. 2022ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് രൂപാണിയോട് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് രൂപാണിയെ പഞ്ചാബ് ബി.ജെ.പിയുടെ ഇന്‍ചാര്‍ജായും മഹാരാഷ്ട്രയിലെ കേന്ദ്ര നിരീക്ഷകനായും ബി.ജെ.പി നിയമിക്കച്ചിരുന്നു.

അതേസമയം, ഈ വിവാദങ്ങള്‍ ബി.ജെ.പി തങ്ങളുടെ പ്രവര്‍ത്തകരോട് എങ്ങനെ പെരുമാറുന്നുവെന്ന് വ്യക്തമാക്കുന്നതാണെന്ന് ഗുജറാത്തിലെ കോണ്‍ഗ്രസ് വക്താവ് മനിഷ് ദോഷി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി അവരുടെ പ്രവര്‍ത്തകരെ ഉയര്‍ത്തിക്കാണിക്കും.

എന്നാല്‍ ഉപയോഗശൂന്യമാകുന്ന നിമിഷം അവരെ പുറന്തള്ളുമെന്നും ദോഷി വിമര്‍ശിച്ചു. ബി.ജെ.പിക്ക് വേണ്ടി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച ഒരാളെ മരണശേഷം ഇത്തരത്തില്‍ അവഗണിക്കുന്നത് പരിതാപകരകമാണെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

Content Highlight: BJP says it cannot bear the expenses of Vijay Rupani’s funeral; Split in the party; Congress criticizes it as pathetic