മോദിജീ... ഈ തീരുമാനം നേരത്തെ എടുത്തിരുന്നുവെങ്കില്‍ 700 ജീവന്‍ നഷ്ടമാകില്ലായിരുന്നു; കേന്ദ്രത്തെ കുത്തി വീണ്ടും വരുണ്‍ ഗാന്ധി
Farm Law
മോദിജീ... ഈ തീരുമാനം നേരത്തെ എടുത്തിരുന്നുവെങ്കില്‍ 700 ജീവന്‍ നഷ്ടമാകില്ലായിരുന്നു; കേന്ദ്രത്തെ കുത്തി വീണ്ടും വരുണ്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th November 2021, 3:10 pm

ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തുമായി ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി. കാര്‍ഷിക നിയമങ്ങള്‍ നേരത്തെ പിന്‍വലിച്ചിരുന്നെങ്കില്‍ 700 ഓളം കര്‍ഷകരുടെ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് വരുണ്‍ കത്തില്‍ പറഞ്ഞു.

സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

‘നിയമങ്ങള്‍ പിന്‍വലിക്കാനുള്ള താങ്കളുടെ ഹൃദയവിശാലതയ്ക്ക് നന്ദി. 700 ഓളം കര്‍ഷകരാണ് ഈ സമരത്തിന്റെ ഭാഗമായി രക്തസാക്ഷികളായത്. നേരത്തെ തന്നെ ഈ നിയമം പിന്‍വലിച്ചിരുന്നെങ്കില്‍ നിഷ്‌കളങ്കരായ അവരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു,’ വരുണ്‍ ഗാന്ധി പറഞ്ഞു.

ജീവഹാനി നേരിട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിളകള്‍ക്ക് അടിസ്ഥാന താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്നാും അദ്ദേഹം പറഞ്ഞു.

‘രാജ്യത്ത് 85 ശതമാനത്തിലധികം ചെറുകിട നാമമാത്ര കര്‍ഷകരുണ്ട്. ഈ കര്‍ഷകരുടെ ക്ഷേമത്തിനായി അവരുടെ വിളകള്‍ക്ക് ആദായകരമായ വിള ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം’, വരുണ്‍ ഗാന്ധി പറഞ്ഞു.

ലഖിംപൂര്‍ ഖേരിയിലെ കര്‍ഷകക്കൊലയില്‍ കേന്ദ്രമന്ത്രി അജയ് മിശ്രക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കര്‍ഷക പ്രക്ഷോഭവും ലഖിംപൂര്‍ ഖേരി കര്‍ഷകക്കൊലയുമായി ബന്ധപ്പെട്ടും കേന്ദ്രത്തിനെയും ബി.ജെ.പിയെയും വിമര്‍ശിച്ച് രംഗത്തെത്തിയയാളാണ് വരുണ്‍ ഗാന്ധി. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടുകളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് വരുണ്‍ ഗാന്ധിയെ ഒഴിവാക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് മൂന്ന് കാര്‍ഷകി നിയമങ്ങളും പിന്‍വലിക്കുന്നതായി മോദി അറിയിച്ചത്.

ഗുരു നാനാക്ക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. അടുത്ത മാസം ചേരുന്ന കാബിനറ്റ് യോഗത്തില്‍ ഔദ്യോഗികമായി തീരുമാനം കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വ്യാപകമായി എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ മൂന്ന് നിയമങ്ങളും പിന്‍വലിക്കുകയാണെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും മോദി പറഞ്ഞു. കര്‍ഷകരെ നിയമങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ സാധിച്ചില്ല എന്ന് പറഞ്ഞ മോദി കര്‍ഷകരോട് ക്ഷമ ചോദിച്ച് കൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BJP’s Varun Gandhi Needles PM On Delaying Farm Laws’ Rollback