ബി.ജെ.പിയുടെ പദയാത്ര ഗാനം; ഐ.ടി സെല്‍ മനപൂർവം വരുത്തിയ തെറ്റെന്ന് സംസ്ഥാന നേതൃത്വം
Kerala
ബി.ജെ.പിയുടെ പദയാത്ര ഗാനം; ഐ.ടി സെല്‍ മനപൂർവം വരുത്തിയ തെറ്റെന്ന് സംസ്ഥാന നേതൃത്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd February 2024, 10:29 am

തിരുവനന്തപുരം: ബി.ജെ.പിയുടെ പദയാത്ര ഗാനത്തിലെയും പോസ്റ്ററിലെയും തെറ്റുകള്‍ ഐ.ടി സെല്‍ മനപൂർവം വരുത്തിയതെന്ന് പാര്‍ട്ടി നേതൃത്വം. സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയുടെ പോസ്റ്ററിലും ഗാനത്തിലുമാണ് തെറ്റ് പറ്റിയത്.

സംഭവത്തില്‍ ഐ.ടി സെല്‍ മനപൂർവം തെറ്റു വരുത്തിയെന്ന ആരോപണവുമായണ് ബി.ജെ.പി സംസ്ഥാന നേതൃത്വം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഐ.ടി സെല്‍ വേണ്ട കാര്യങ്ങള്‍ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നില്ലെന്നും വേണ്ടാത്ത കാര്യങ്ങൽ ഏറ്റെടുത്ത് പാര്‍ട്ടിക്ക് മനപൂർവം പ്രശ്നങ്ങളുണ്ടാക്കി നല്‍കുകയാണെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ വിമര്‍ശനം.

സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ഐ.ടി സെല്‍ കണ്‍വീനറായ എസ്. ജയ്ശങ്കറും തമ്മിലുള്ള തര്‍ക്കങ്ങളാണ് ഇതിന് പിന്നിലെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. സുരേന്ദ്രന്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ വിഷയങ്ങള്‍ ഐ.ടി സെല്‍ കണ്‍വീനര്‍ ഏറ്റെടുക്കാറില്ലെന്ന് ആരോപിച്ച് ജയശങ്കറിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഇതിന് മുമ്പും ആരോപണമുയര്‍ന്നിരുന്നു.

‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്ക കൂട്ടരേ, താമരക്ക് കൊടി പിടിക്കൂ മക്കളേ’ എന്നിങ്ങനെയാണ് ഗാനത്തിലെ വരികള്‍. ഗാനം പുറത്ത് വന്നയുടന്‍ യൂത്ത് ലീഗ് സെക്രട്ടറി പി.കെ.ഫിറോസ് ഉള്‍പ്പടെയുള്ളവര്‍ ഗാനത്തെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.

ആദ്യമായാണ് സുരേന്ദ്രന്റെ പരിപാടിയില്‍ നിന്ന് ഒരു സത്യം കേൾക്കുന്നതെന്നാണ് ഗാനത്തിന്റെ വിഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ച് കൊണ്ട് ഫിറോസ് പറഞ്ഞത്.

പദയാത്രയുടെ പോസ്റ്ററും ഇതിന് മുമ്പേ വിവാദമായിരുന്നു. ഉച്ചഭക്ഷണം എസ്.സി, എസ്.ടി നേതാക്കളൊന്നിച്ച് എന്ന് പോസ്റ്ററിന്റെ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനിടെയാണ് സംഭവത്തില്‍ തങ്ങളുടെ ഐ.ടി സെല്ലിനെ പഴിച്ച് ബി.ജെ.പി സംസ്ഥാന നേതൃത്വം രംഗത്തെത്തിയത്.

Contant Highlight: BJP’s Padayatra Song; The state leadership said that IT cell made a deliberate mistake