ലെന്‍സ്‌കാര്‍ട്ട് സ്റ്റോറിലെത്തി ഹിന്ദു ജീവനക്കാരുടെ നെറ്റിയില്‍ സിന്ദൂരം തൊടീച്ച് ബി.ജെ.പി നേതാവ്: മുസ്‌ലിം മാനേജര്‍ക്ക് നേരെ അസഭ്യവര്‍ഷം
India
ലെന്‍സ്‌കാര്‍ട്ട് സ്റ്റോറിലെത്തി ഹിന്ദു ജീവനക്കാരുടെ നെറ്റിയില്‍ സിന്ദൂരം തൊടീച്ച് ബി.ജെ.പി നേതാവ്: മുസ്‌ലിം മാനേജര്‍ക്ക് നേരെ അസഭ്യവര്‍ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st April 2026, 11:07 am

മുംബൈ: മുംബൈയിലെ ലെന്‍സ്‌കാര്‍ട്ട് ഷോറൂമിലെത്തി സ്റ്റോര്‍ മാനേജര്‍ക്ക് നേരെ പരസ്യമായ അധിക്ഷേപവുമായി ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച നേതാവ് നാസിയ ഇലാഹി ഖാന്‍. കടയിലുള്ള ഹിന്ദു ജീവനക്കാരെ വിളിച്ചുവരുത്തിയ അവര്‍ അവരുടെ നെറ്റിയില്‍ കുറി തൊടീക്കുകയും ചെയ്തു.

ഇന്നലെയാണ് നാസിയ ഇലാഹി ഖാന്റെ നേതൃത്വത്തിലുള്ള സംഘം കടയില്‍ എത്തി മുസ്‌ലിമായ സ്റ്റോര്‍ മാനേജരെ പരസ്യമായി ശകാരിക്കുകയും ഹിന്ദു ജീവനക്കാരുടെ നെറ്റിയില്‍ കുറി തൊടീക്കുകയും ചെയ്തത്. പുലര്‍ച്ചെയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

ക്യാമറാമാന്‍ ഉള്‍പ്പെടെയുള്ള സംഘത്തോടൊപ്പം സ്റ്റോറില്‍ എത്തിയ നാസിയ ഖാന്‍, സ്റ്റോര്‍ മാനേജരെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

മാനേജര്‍ എത്തിയ ഉടന്‍ അദ്ദേഹത്തോട് പേര് ചോദിച്ചു. ‘മൊഹ്‌സിന്‍ ഖാന്‍’ എന്ന് പറഞ്ഞപ്പോള്‍ അതുകൊണ്ടാണോ നിങ്ങള്‍ എല്ലാവരും നെറ്റിയില്‍ സിന്ദൂരം ധരിക്കുന്നത് തടഞ്ഞത് എന്നായിരുന്നു നാസിയ ഖാന്റെ ചോദ്യം.

‘ജീവനക്കാര്‍ തിലകം തൊടാനോ ചരട് ധരിക്കാനോ തുളസി മാലയോ രുദ്രാക്ഷമോ കെട്ടാനോ പാടില്ലെന്ന് ലെന്‍സ് കാര്‍ട്ട് പറയുന്നു. എന്നാല്‍ ഹിജാബ് അനുവദനീയമാണ്. അപ്പോള്‍ എന്താണ് ഇതിന്റെ അര്‍ത്ഥം. ഇന്ത്യയില്‍ ശരിഅത്ത് നിയമം നടപ്പിലാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എന്നല്ലേ?

ഇതിനോടകം തന്നെ മുസ്‌ലീങ്ങള്‍ പാകിസ്ഥാനെ സുരക്ഷിതമാക്കി കഴിഞ്ഞു. അപ്പോള്‍ പിന്നെ ഇന്ന് പരാതിപ്പെടാന്‍ എന്താണ്? എന്തിനാണ് ഈ നെഞ്ചിടിപ്പെല്ലാം?’ നാസിയ ഖാന്‍ ചോദിച്ചു.

തന്റെ ഭാഗം വിശദീകരിക്കാനുള്ള ഒരു അവസരം പോലും നാസിയ ഖാന്‍ സ്‌റ്റോര്‍ മാനേജര്‍ക്ക് നല്‍കുന്നില്ല. എല്ലാ ഹിന്ദു ജീവനക്കാരും സ്വയം തിരിച്ചറിയണമെന്നും സ്‌റ്റോര്‍ മാനേജര്‍ നിങ്ങളെ അവരുടെ മതം പിന്തുടരാന്‍ നിര്‍ബന്ധിക്കുകയാണെന്നും നാസിയ ഖാന്‍ ആരോപിച്ചു.

താന്‍ ആരെയും ഒന്നിനും നിര്‍ബന്ധിച്ചിട്ടില്ലെന്നും മതചിഹ്നങ്ങള്‍ തടഞ്ഞിട്ടില്ലെന്നും മൊഹ്‌സിന്‍ ഖാന്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും നാസിയ ഖാന്‍ അതൊന്നും കേള്‍ക്കാന്‍ തയ്യാറാകുന്നില്ല.

‘എന്നെ കാണിക്കൂ, എല്ലാ ഹിന്ദു ജീവനക്കാരെയും വിളിക്കൂ. ആരുടെ നെറ്റിയിലാണ് തിലകം ഉള്ളതെന്ന് നോക്കാം. നിങ്ങള്‍ മൊഹ്‌സിന്‍ ഖാനാണെങ്കില്‍ എല്ലാവരെയും മൊഹ്‌സിന്‍ ഖാനാക്കുമോ? ഒരു പൊട്ടുതൊടുന്നതില്‍ തെറ്റില്ല. ഞാനും തൊട്ടിട്ടുണ്ട്.

‘ഇത് മൊഹ്‌സിന്‍ ഖാനാണ്. അവന്‍ എപ്പോഴെങ്കിലും അവന്റെ പ്രാര്‍ത്ഥന ഒഴിവാക്കാറുണ്ടോ? അവന്‍ തന്റെ ഉപവാസം ഒഴിവാക്കുമോ? അവന്‍ എപ്പോഴെങ്കിലും തന്റെ മതത്തില്‍ വിട്ടുവീഴ്ച ചെയ്തിട്ടുണ്ടോ? അപ്പോള്‍ നിങ്ങള്‍ എന്തിനാണ് വിട്ടുവീഴ്ച ചെയ്യുന്നത്? നിങ്ങള്‍ എന്തിനാണ് പേടിക്കുന്നത്?’ ജീവനക്കാരോട് നാസിയാ ഖാന്‍ പറഞ്ഞു.

എല്ലാ ജീവനക്കാരും തിലകം ധരിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ താന്‍ വീണ്ടും വരുമെന്നും അവര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഏപ്രില്‍ 16 ന് ലെന്‍സ്‌കാര്‍ട്ടിന്റെ ഒരു ‘സ്‌റ്റൈല്‍ ഗൈഡ്’ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഹൈന്ദവ മതചിഹ്നങ്ങള്‍ ഒഴിവാക്കണമെന്ന് ഗൈഡില്‍ ഉണ്ടെന്ന രീതിയില്‍ ആരോപണമുയര്‍ന്നു. എന്നാല്‍, ഈ വിവാദങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് ലെന്‍സ്‌കാര്‍ട്ട് പുതിയ ഇന്‍-സ്റ്റോര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി.

ബിന്ദി, തിലകം, സിന്ദൂരം, കലവ, മംഗലസൂത്രം, ഹിജാബ്, തലപ്പാവ് തുടങ്ങി എല്ലാ വിശ്വാസ പ്രതീകങ്ങളെയും കമ്പനി സ്വാഗതം ചെയ്യുന്നതായി പ്രസ്താവനയില്‍ വ്യക്തമാക്കി.

‘ലെന്‍സ്‌കാര്‍ട്ട് ഭാരതീയര്‍ നിര്‍മ്മിച്ചതും ഭാരതീയര്‍ക്ക് വേണ്ടിയുള്ളതുമാണ്. ഞങ്ങളുടെ 2400-ലധികം സ്റ്റോറുകള്‍ക്ക് കരുത്തേകുന്നത് ഓരോ ജീവനക്കാരന്റെയും വിശ്വാസങ്ങളും പാരമ്പര്യങ്ങളും തനിമയുമാണ്. അവ ഉപേക്ഷിക്കാന്‍ ഞങ്ങള്‍ ആരോടും ആവശ്യപ്പെടാറില്ല. മതപരമായ അടയാളങ്ങള്‍ക്കോ ചിഹ്നങ്ങള്‍ക്കോ യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്ന നയം കമ്പനിക്കില്ല,’ ലെന്‍സ്‌കാര്‍ട്ട് വ്യക്തമാക്കി.

Content Highlight: BJP’s Nazia Khan targets Lenskart manager over ban on tilak, sindoor