തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായി ബി.ജെ.പി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പുറത്തിറക്കിയപ്രകടന പത്രികയില്‍ വമ്പന് വാഗ്ദാനങ്ങള്‍. 2036ലെ ഒളിമ്പിക്‌സ് വേദികളിലൊന്ന് തിരുവനന്തപുരമായിരിക്കും എന്നാണ് ബി.ജെ.പിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ പുറത്തിറക്കിയ പത്രികയിലാണ് വാഗ്ദാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
‘2036ല്‍ ഇന്ത്യയില്‍ നടക്കുന്ന ഒളിമ്പിക്‌സിന്റെ ഒരു വേദി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് തിരുവനന്തപുരത്തേക്ക് എത്തിക്കും. ഇതിലൂടെ തലസ്ഥാന നഗരത്തിലെ യുവജനതയുടെ കായിക സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരും,’ എന്നാണ് പ്രകടനപത്രികയില്‍ പറയുന്നത്.
അതേസമയം, ഇതുവരെ 2036ലെ ഒളിമ്പിക്‌സ് വേദിയെ സംബന്ധിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പോലും തീരുമാനമെടുത്തിട്ടില്ലെന്നതാണ് വാസ്തവം. നിലവില്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി 2028ലെയും 2032ലെയും ഒളിമ്പിക്‌സ് വേദികള്‍ മാത്രമാണ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്.
2036 വേദിയാകാന്‍ ഇന്ത്യ, ഇന്തോനേഷ്യ, പോളണ്ട്, മൈക്‌സിക്കോ, തുര്‍ക്കി, ദക്ഷിണ കൊറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നല്ലാതെ ഇതുവരെയും പ്രാഥമിക വിലയിരുത്തല്‍ പോലും നടന്നിട്ടില്ല.
ഈ സാഹചര്യത്തിലാണ് 2036ലെ ഒളിമ്പിക് വേദിയായി തിരുവനന്തപുരത്തെ ഉയര്‍ത്തിക്കാണിച്ച് ബി.ജെ.പി വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യയില്‍ ഒളിമ്പിക്‌സ് നടക്കുകയാണെങ്കില്‍ അഹമ്മദാബാദ് നഗരമായിരിക്കും വേദിയാവുക എന്നാണ് സൂചന.
ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് ഇന്ത്യ 2036ല്‍ ഒളിമ്പിക്‌സ് വേദിയാവുക എന്നതാണെന്ന് പ്രതികരിച്ചിരുന്നു.
Content Highlight: BJP’s manifesto says Thiruvananthapuram will host the 2036 Olympics