റായ്പൂര്‍: കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തില്ലെന്ന കേരള ബി.ജെ.പിയുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന പ്രൊസിക്യൂഷന്‍ രേഖകള്‍ പുറത്ത്. ജാമ്യാപേക്ഷയെ ഛത്തീസ്ഗഢിലെ ബി.ജെ.പി സര്‍ക്കാരിന്റെ പ്രൊസിക്യൂഷന്‍ എതിര്‍ത്തുവെന്ന് തെളിയിക്കുന്ന രേഖകള്‍ ന്യൂസ് മലയാളം പുറത്ത് വിട്ടു.
ബജ്‌റംഗ്ദള്‍ അഭിഭാഷകന്‍ ഉന്നയിച്ച വാദങ്ങള്‍ ശരിവെക്കുന്ന സമീപനമായിരുന്നു പ്രൊസിക്യൂഷനും സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ പ്രൊസിക്യൂഷന്‍ എതിര്‍ത്തിട്ടില്ല എന്നായിരുന്നു ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ അനൂപ് ആന്റണി പറഞ്ഞത്. എന്നാല്‍ ഇതിനെ തള്ളുന്നതാണ് കോടതിയുടെ വിധിപകര്‍പ്പ്. ദുര്‍ഗ് സെഷന്‍സ് കോടതി ഉത്തരവാണ് പുറത്ത് വന്നിരിക്കുന്നത്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രൊസിക്യൂഷന്‍ ഒരു സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.
അതേസമയം കന്യാസ്ത്രീകളുടെ കേസ് എന്‍.ഐ.എ അന്വേഷിക്കാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. മനുഷ്യക്കടത്ത് കുറ്റം ചുമത്തിയതിനാല്‍ ബി.എന്‍.എസ് 143 വകുപ്പ് പ്രകാരം കേസ് എന്‍.ഐ.എ കോടതിയിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. മനുഷ്യക്കടത്ത് അടക്കമുള്ള കുറ്റങ്ങള്‍ അന്വേഷിക്കാന്‍ എന്‍.ഐ.എക്ക് ബാധ്യതയുണ്ട്. അതിനാല്‍ കേസ് എന്‍.ഐ.എ ഏറ്റെടുക്കണമെന്നും പ്രൊസിക്യൂഷന്‍ സത്യവാങ്മൂലത്തില്‍ വാദിച്ചു.
മൂന്ന് എന്‍.ഐ.എ കോടതിയില്‍ കന്യാസ്ത്രീകള്‍ക്ക് ജാമ്യഹരജി നല്‍കാമെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ റെയില്‍വെ പൊലീസും ഛത്തീസ്ഗഢ് പൊലീസുമാണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍ കേസ് എന്‍.ഐ.എ കോടതിയിലേക്ക് റഫര്‍ ചെയ്തതിനാല്‍ കേസ് എന്‍.ഐ.എ അന്വേഷിക്കും.
അതേസമയം കന്യാസ്ത്രീകളുടെ വിഷയത്തില്‍ കേരളത്തിലെ ബി.ജെ.പി രണ്ട് തട്ടിലാണ് എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഈ വിവാദം പാര്‍ട്ടിയുടെ സംസ്ഥാനത്തെ പ്രതിച്ഛായയെ തന്നെ ബാധിക്കുമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാല്‍ അറസ്റ്റിനെ എതിര്‍ക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. ബി.ജെ.പി സംസ്ഥാന ഭാരവാഹി പ്രതീഷ് വിശ്വനാഥ് ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിനെ ന്യായീകരിച്ചത്.
കന്യാസ്ത്രീകളുടെ അറസ്റ്റില്‍ കേരള ബി.ജെ.പി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാവ് കെ. ഗോവിന്ദന്‍ക്കുട്ടിയും രംഗത്ത് എത്തിയിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടാണ് ഗോവിന്ദന്‍കുട്ടിയുടെ വിമര്‍ശനം.
കന്യാസ്ത്രീകളുടെ വിഷയത്തില്‍ കേരളത്തിലെ ബി.ജെ.പി വേവലാതിപ്പെടുന്നത് എന്തിനാണെന്നും ഛത്തീസ്ഗഡില്‍ നിയമവും നീതിയും നടപ്പിലാക്കാന്‍ ഒരു സര്‍ക്കാരുണ്ടെന്നുമാണ് കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരായ രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റിന് മറുപടിയായി കെ. ഗോവിന്ദന്‍കുട്ടി പ്രതികരിച്ചത്.
Content Highlight: BJP’s claim is wrong; BJP government in Chhattisgarh opposes nuns’ bail plea