രാഹുൽ ഗാന്ധിയെ പച്ചത്തെറി വിളിച്ച് ഹിമാചൽ പ്രദേശ് ബി.ജെ.പി. അധ്യക്ഷൻ
national news
രാഹുൽ ഗാന്ധിയെ പച്ചത്തെറി വിളിച്ച് ഹിമാചൽ പ്രദേശ് ബി.ജെ.പി. അധ്യക്ഷൻ
ന്യൂസ് ഡെസ്‌ക്
Monday, 15th April 2019, 5:56 pm

ഷിംല: രാഷ്ട്രീയ മര്യാദകളെയെല്ലാം കാറ്റിൽപറത്തി, രാഹുൽ ഗാന്ധിയെ പച്ചത്തെറി വിളിച്ച് ഹിമാചൽ പ്രദേശ് ബി.ജെ.പി. അധ്യക്ഷൻ സത്പാൽ സിംഗ് സാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള കോൺഗ്രസിന്റെ പ്രയോഗമായ ‘കാവൽക്കാരൻ കള്ളനാണ്’ എന്ന പ്രയോഗത്തിനെ വിമർശിച്ച്കൊണ്ട് സംസാരിക്കവേയാണ് സാറ്റി ഇത്തരത്തിൽ രാഹുൽ ഗാന്ധിയെ അപമാനിച്ചത്.

സ്വന്തം അമ്മയുമായി ലൈംഗികബന്ധം പുലർത്തുന്നയാൾ എന്നർത്ഥമുള്ള ‘മാദർചോദ്’ എന്ന ഹിന്ദി തെറിവാക്കാണ് ബി.ജെ.പി. അധ്യക്ഷൻ രാഹുലിനെതിരെ ഉപയോഗിച്ചത്.

‘കാവൽക്കാരൻ കള്ളനാണ് എന്നാണ് അയാൾ(രാഹുൽ ഗാന്ധി) പറയുന്നത്. സഹോദരാ, നിങ്ങളുടെ അമ്മ ജാമ്യം കിട്ടിയതിന്റെ പിൻബലത്തിലാണ് ജീവിക്കുന്നത്, നിങ്ങളുടെ സഹോദരീഭർത്താവും അങ്ങനെയാണ്, നിങ്ങളും അങ്ങനെ തന്നെ. എന്നാൽ മോദിക്ക് ജാമ്യം ആവശ്യമില്ല. അദ്ദേഹത്തിനെതിരെ കേസോ കുറ്റപത്രമോ ഇല്ല. പിന്നെ നിങ്ങൾ എങ്ങനെയാണ് ഒരു ജഡ്‌ജിയെപ്പോലെ അദ്ദേഹത്തെ കള്ളനെന്ന് വിളിക്കുന്നത്?’ സാറ്റി പറഞ്ഞു.

ഇത് പറഞ്ഞതിന് ശേഷം, താൻ ഫേസ്ബുക്കിൽ കണ്ട ഒരു വാചകം നിങ്ങൾക്ക് മുൻപിൽ വായിക്കാം എന്ന് പറഞ്ഞുകൊണ്ടായിരുന്നു സാറ്റിയുടെ തെറിവിളി. ‘രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണെന്ന് നിങ്ങൾ പറയുകയാണെങ്കിൽ നിങ്ങൾ ഒരു ‘മാദർചോദ്’ ആണെന്ന് ഞാൻ പറയും.’ സാറ്റിയുടെ വാക്കുകൾക്ക് നിറഞ്ഞ കയ്യടിയാണ് ബി.ജെ.പി. പ്രവർത്തകർ ഉൾപ്പെട്ട സദസ്സിൽ നിന്നും ലഭിച്ചത്.

പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഇതിനോടകം ഉയർന്നുകഴിഞ്ഞു. മുൻപ്, മുൻ നടിയും രാംപൂരിലെ ബി.ജെ.പി. സ്ഥാനാർത്ഥിയുമായ ജയപ്രദയെ അപമാനിക്കുന്ന തരത്തിൽ മുതിർന്ന സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാൻ നടത്തിയ പരാമർശവും വിവാദമായിരുന്നു. ജയപ്രദയുടെ അടിവസ്ത്രത്തിന് ‘ഖാക്കി’നിറമാണ് എന്നായിരുന്നു അസം ഖാന്റെ വിവാദ പ്രസ്താവന.