തിരുവനന്തപുരം: ശബരിമല ഒരു സര്‍ക്കാരിന്റേതുമല്ലെന്നും ശബരിമലയില്‍ ഓരോ കുടുംബത്തിനും അവകാശമുണ്ടെന്നും നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപി. അത്തരത്തില്‍ ശബരിമലയില്‍ ഏറ്റവും വലിയ അവകാശമുള്ള ഒരു കുടുംബം തന്റേതാണെന്നാണ് സുരേഷ് ഗോപിയുടെ അവകാശവാദം.
കൊല്ലത്തുള്ള തന്റെ തറവാട്ടുവീട്ടില്‍ 130ലേറെ വര്‍ഷം പഴക്കമുള്ള ഒരു അയ്യപ്പവിഗ്രഹമുണ്ടെന്നും നിങ്ങള്‍ക്ക് വേണമെങ്കില്‍ അത് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.
തന്റെ അപ്പൂപ്പന്‍ ജീവിച്ചിരുന്ന സമയം ശബരിമല മണ്ഡലകാലത്ത് തന്റെ വീട്ടില്‍ നടന്നിരുന്ന പ്രത്യേക പൂജയില്‍ പങ്കെടുക്കാന്‍ കൊല്ലം ടൗണ്‍ മുഴുവന്‍ വരുമായിരുന്നെന്നും മണ്ണ് കൂമ്പാരം കൂട്ടി അതില്‍ കുഴിക്കുത്തി അതിനകത്ത് ചേമ്പിലയോ വാഴയിലയോ കുമ്പിള് കുത്തിയിട്ട് കഞ്ഞി കുടിക്കുന്ന വലിയ മുതലാളിമാര്‍ ഉണ്ടായിരുന്നെന്നുമാണ് സുരേഷ് ഗോപി പറയുന്നത്.
എല്ലാ കീഴ്ജാതിക്കാരുടേയും കൂടെയിരുന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചിരുന്നതെന്നും അങ്ങനെ ഒരു വലിയ പാരമ്പര്യമാണ് തങ്ങളുടേതെന്നും സുരേഷ് ഗോപി പറയുന്നു.
‘ശബരിമല ഓരോ കുടുംബത്തിന്റേയും അവകാശമാണ്. ഒരു സര്‍ക്കാരിന്റേയും വകയല്ല. എന്റെ അച്ഛന്‍ എന്നെ ഏല്‍പ്പിക്കുകയാണ് ശബരിമല എന്ന വികാരം അടുത്ത തലമുറയിലേക്ക് പകര്‍ന്നുകൊടുക്കാന്‍. ആ സംസ്‌ക്കാരം, ശബരീശന്റെ നിശ്ചയദാര്‍ഢ്യം.
ബ്ര്ഹമചര്യം അല്ല. ഒരു തപസാണ്. ആദരിക്കപ്പെടുന്ന തപസ്. ഓരോ കുടുംബത്തിന്റേയും അവകാശമാണ് അവിടുത്തെ ഓരോ തരി മണ്ണ്. ഇത് രാഷ്ട്രീയത്തില്‍ വന്ന ശേഷം അവതരിപ്പിക്കുന്ന ഒരു ആരാധന അല്ലെങ്കില്‍ വിശ്വാസ വിചാരമല്ല.
എന്റെ വീട്ടിലിരിക്കുന്ന അയപ്പനെ നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു ഫോറന്‍സിക് ടെസ്റ്റ് നടത്താം. 130ന് മേലെ വര്‍ഷം പഴക്കമുണ്ട് അതിന്. തേക്കിന്‍ തടിയില്‍ ഇങ്ങനെ കൊത്തി വിരിയിച്ചെടുത്ത, പുലിപ്പുറത്ത് വരുന്ന, പുലിക്കൂട്ടങ്ങളുമായി കാട്ടിലൂടെ വരുന്ന കാനന വാസന്റെ മൂന്നടി ഉയരം വരുന്ന വിഗ്രഹം.
അത് എന്റെ അപ്പൂപ്പന്‍ മരിക്കുന്നതുവരെയും ആനപ്പുറത്ത് വെച്ച് ഞങ്ങളുടെ ആ ഗ്രാമം മുഴുവന്‍ കൊണ്ടുനടന്ന് കാണിക്കുമായിരുന്നു. അപ്പൂപ്പന്‍ കിടപ്പിലായി ഇപ്പോള്‍ മരിക്കുമെന്ന് പറയുന്ന ഒരു മൂന്ന് വര്‍ഷക്കാലമുണ്ട്. അന്ന് നിന്നതാണ്. പിന്നെ അത് ചെയ്തിട്ടില്ല.
അത് ചെയ്യാന്‍ എനിക്ക് ഇപ്പോഴും ആഗ്രഹമുണ്ട്. പക്ഷേ അത് ആ വീടിന്റെ പൂജ മുറിയില്‍ നിന്ന് പുറത്തിറക്കാന്‍ എന്തോ അതും ഒരു വൈകാരികതയായി മാറി. അല്ലെങ്കില്‍ ഞാന്‍ തിരുവനന്തപുരത്തെ എന്റെ വീട്ടിലേക്ക് അത് കൊണ്ടുപോയേനെ.
മണ്ഡലകാലത്ത് ആ വീട്ടില്‍ നടത്തുന്ന പൂജയെ കുറിച്ച് കൊല്ലത്ത് ഭരണിക്കാവ് ഗ്രാമത്തില്‍ വന്ന് അന്വേഷിച്ചാല്‍ അറിയാം. ഗോപി അണ്ണന്റെ വീട്ടില്‍, അല്ലെങ്കില്‍ മഠത്തില്‍ അഴികത്തെ 41 മണ്ഡലകാലത്തെ പൂജയെ കുറിച്ച്. കൊല്ലം ടൗണ്‍ മുഴുവന്‍ വരും.
മണ്ണ് കൂമ്പാരം കൂട്ടി കുഴിക്കുത്തി, അതിനകത്ത് ചേമ്പിലയോ വാഴയിലയോ കുമ്പിള് കുത്തിയിട്ട് കഞ്ഞി ഒഴിച്ച് കൊടുത്ത് വാരിക്കുടിക്കുന്ന വലിയ മുതലാളിമാരുണ്ട് കൊല്ലത്ത്. എല്ലാ കീഴ്ജാതിക്കാരുടേയും കൂടെയിരുന്ന് ഭക്ഷണം കഴിക്കും. അങ്ങനെ ഒരു വലിയ പാരമ്പര്യമാണ്.
വേറെ ഏത് ക്ഷേത്രമാണ് ശബരിമല പോലെയുള്ളത്. ഇപ്പോള്‍ പൊങ്കാല നോക്കിയാല്‍ പോലും ഒരു ദിവസം എല്ലാവരും വരുന്നു പൊങ്കാല അര്‍പ്പിക്കുന്നു പോകുന്നു. അതാണോ ശബരിമല. ലോകമെമ്പാടും വരുന്നു. ഇതിലൊന്നും നമുക്ക് അങ്കലാപ്പ് വേണ്ട.
യൂണിഫോം സിവില്‍ കോഡ് വന്നിരിക്കുമെന്ന് അമിത് ഷാ ഉറപ്പു നല്‍കിയതാണ്. അതുപോലെ ശബരിമലയുടെ കാര്യത്തിലും അദ്ദേഹം ഉറപ്പുപറഞ്ഞിട്ടുണ്ട്. അതൊരു തെരഞ്ഞെടുപ്പ് വാഗ്ദാനമായൊന്നും തരാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ വരും. വരുമ്പോള്‍ കയ്യിട്ടുവാരിയന്‍മാരുടെ കൈ പൊള്ളുകയല്ല. കൈ കത്തിച്ചാമ്പലാകും,’ സുരേഷ് ഗോപി പറഞ്ഞു.
Content Highlight: BJP MP Suresh Gopi About Sabarimala Ayyappan Idol on His Home