ന്യൂദല്‍ഹി: മലപ്പുറത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍നിന്ന് പതിനാറായി കുറയ്ക്കാന്‍ കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നെന്ന് ബി.ജെ.പി എം.പി സുധാന്‍ഷൂ ത്രിവേദി. ബി.ജെ.പി ശക്തമായി പ്രതിഷേധിച്ചപ്പോഴാണ് സര്‍ക്കാര്‍ അതില്‍ നിന്ന് പിന്‍വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മതവിഭാഗങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കാനായിരുന്നു അന്നത്തെ സര്‍ക്കാര്‍ ശ്രമിച്ചിരുന്നതെന്നും ത്രിവേദി കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍വെച്ച് നടന്ന ‘ദ അണ്‍ടോള്‍ഡ് കേരള സ്‌റ്റോറി’ എന്ന പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ത്രിവേദി അവകാശപ്പെട്ടു. ലവ് ജിഹാദ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ബി.ജെ.പിയാണെന്ന ദുഷ്പ്രചാരണമുണ്ടെന്നും എന്നാല്‍ അത് ശരിയല്ലെന്നും സുധാന്‍ഷൂ ത്രിവേദി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയ്ക്ക് ഒരിക്കലും മതനിരപേക്ഷ രാജ്യമാകാന്‍ കഴിയില്ലെന്നും ദേശീയ പതാകയിലെ അശോകചക്രം സാരനാഥ് ക്ഷേത്രത്തിലെതാണെന്നും മതേതരത്വത്തിന്റെ പേരില്‍ വിശ്വാസത്തിനും സംസ്‌കാരത്തിനും മേല്‍ കടന്നുകയറുകയാണെന്നും ത്രിവേദി ആരോപിച്ചു.
കേരളത്തെ മോശമായി ചിത്രീകരിച്ചു എന്ന ആക്ഷേപമുയര്‍ന്ന ‘ദ കേരള സ്റ്റോറി’യുടെ സംവിധായകനായ സുദീപ്‌തോ സെന്നും മലയാളിയായ ജെ.കെ. അംബികയും ചേര്‍ന്നെഴുതിയ പുസ്തകമാണ് ദ അണ്‍ ടോള്‍ഡ് കേരള സ്‌റ്റോറി. ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയും സുധാന്‍ഷൂ ത്രിവേദിയും ചേര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്തത്. ചടങ്ങില്‍വെച്ച് കേരളത്തെപ്പറ്റി പല മോശം ആരോപണങ്ങളും ബി.ജെ.പി നേതാക്കള്‍ ഉന്നയിക്കുകയുണ്ടായി.
കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ സംഘടിത മതപരിവര്‍ത്തനം നടന്നിരുന്നെന്നും ത്രിവേദി ആരോപിക്കുന്നുണ്ട്. ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയും കേരള സ്റ്റോറിയുമായി സംബന്ധിച്ച തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു.
കേരള സ്‌റ്റോറി കണ്ടതിന് ശേഷം മനസ് വളരെ അസ്വസ്ഥമായെന്നും അതിലെ യഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ തന്റെ നേതൃത്വത്തില്‍ നിരവധി പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരുന്നുവെന്നും രേഖ ശര്‍മ പറഞ്ഞു. ഈ സിനിമയക്ക് സമൂഹത്തിന്റെ കണ്ണ് തുറക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ആയിരക്കണക്കിന് പെണ്‍കുട്ടികളെ ബോധവത്ക്കരിക്കാന്‍ സിനിമയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: BJP MP says VS Achuthanandan was the first to use the term ‘love jihad’; remark made during the book launch of The Kerala Story director