വോട്ട് ചെയ്യാത്തവര്‍ക്കായി പ്രവര്‍ത്തിക്കില്ലെന്ന് ബി.ജെ.പി എം.എല്‍.എ; മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ ഒരു മാസത്തോളമായി വെള്ളം ലഭിക്കുന്നില്ലെന്ന് പ്രദേശവാസികള്‍
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ന്യൂനപക്ഷ ഭൂരിപക്ഷ മേഖലയില്‍ ഒരു മാസത്തോളമായി വെള്ളം ലഭിക്കുന്നില്ലെന്ന് പരാതി. നൂറുക്കണക്കിന് കുടുംബങ്ങളാണ് ഇത്തരത്തില്‍ കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്. തനിക്ക് വോട്ട് ചെയ്യാത്ത ന്യൂനപക്ഷങ്ങള്‍ക്കായി പ്രവര്‍ത്തിക്കില്ലെന്ന് ബി.ജെ.പി എം.എല്‍.എ ഋതേഷ് തിവാരി പ്രസ്താവിച്ചിരുന്നുവെന്നും അതാണ് കുടിവെള്ള ക്ഷാമത്തിന് കാരണമെന്നും പ്രദേശവാസികള്‍ പറയുന്നു.
കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ആറാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ജ്യോതി നഗര്‍ കോളനിയിലാണ് ഇത്തരത്തില്‍ കുടിവെള്ള ക്ഷാമം നേരിടുന്നത്. ഇവിടെ 5000 ത്തോളം നിവാസികളില്‍ ഭൂരിഭാഗവും മുസ്‌ലിങ്ങളാണ്.അതിനാല്‍ തന്നെ ഈ പ്രദേശം ‘മൊല്ലാ പാര’ എന്നും അറിയപ്പെടുന്നു.
വെള്ളമില്ലാത്തതിനെ തുടര്‍ന്ന് ദൈനംദിന ആവശ്യങ്ങള്‍ക്കായി ജീവന്‍ പണയം വെച്ചും ഗംഗാ നദിയുടെ ഘാട്ടുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണെന്ന് പ്രദേശവാസിയായ ജഹാനര ബീബി പറഞ്ഞു.
‘ചെറിയ കുട്ടികള്‍ പോലും മുഖം കഴുകാന്‍ ഘാട്ടിലേക്ക് പോകുകയാണ്. പല കുട്ടികളും നദിയില്‍ വീണു. ചിലര്‍ തലനാരിഴയ്ക്കാണ് മുങ്ങിമരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. നീന്തല്‍ അറിയാത്തവര്‍ പോലും നദിയില്‍ കുളിക്കാന്‍ നിര്‍ബന്ധിതരാകുകയാണെന്ന്,’ അവര്‍ പറഞ്ഞു. മൊല്ല പാരാ പ്രദേശവാസികളില്‍ ഭൂരിഭാഗവും നിര്‍മാണ തൊഴിലാളികളായോ കുപ്പി ഉരുക്കുന്ന സ്ഥാപനങ്ങളിലോ ജോലി ചെയ്താണ് ഉപജീവനം കഴിക്കുന്നത്.
ഹിന്ദു-മുസ്‌ലിം വിഭാഗങ്ങള്‍ വര്‍ഷങ്ങളായി ഒരുമിച്ച് കഴിയുന്ന ഇടമാണിതെന്നും എന്നാല്‍ ഇത്തരം ഒരു പ്രതിസന്ധി ആദ്യമായാണെന്നുമാണെന്നും പ്രദേശവാസികള്‍ പറയുന്നു. ജൂലൈ 27ന് പൈപ്പ് ലൈന്‍ അറ്റകുറ്റപ്പണികള്‍ക്കായി എത്തിയ കെ.എം.സി ജീവനക്കാര്‍ പണി പൂര്‍ത്തിയാക്കി ജൂലൈ 29 രാത്രി 11:30 ഓടെയാണ് ജലവിതരണം വിച്ഛേദിച്ചതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
അതേ പ്രധാന റോഡിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ ജലവിതരണം തടസമില്ലാതെ തുടരുമ്പോള്‍, തങ്ങളുടെ പ്രദേശത്തെ വെള്ളവും തൊട്ടടുത്ത ദിവസം വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെടുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
‘ഞങ്ങള്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ കണ്ട് പരാതി നല്‍കിയെങ്കിലും, 4-5 ദിവസത്തിനുള്ളില്‍ വെള്ളം എത്തിക്കാം എന്ന് പറഞ്ഞ് മടക്കി അയക്കുകയാണ് ഉണ്ടായത്,’ ഒരു പ്രദേശവാസി പറഞ്ഞു. പ്രദേശത്തെ പ്രാദേശിക ജമാഅത്ത് മസ്ജിദിലെ വുളൂഅ് (ശുദ്ധി വരുത്തല്‍) ചെയ്യാനുള്ള ടാപ്പുകളും അടയ്‌ക്കേണ്ടി വന്നതായി ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
അപകടകരമായ ഘാട്ടുകളില്‍ കുളിക്കാന്‍ പോകുന്ന കുട്ടികള്‍ ഒഴുക്കില്‍പ്പെടുമോ എന്ന ഭയത്തിലാണ് തങ്ങള്‍ കഴിയുന്നതെന്നും ന്യൂനപക്ഷമായതുകൊണ്ട് മാത്രം തങ്ങളെ പീഡിപ്പിക്കരുതെന്നും പ്രദേശ വാസികള്‍ പറയുന്നു. വെള്ളം തടയാന്‍ മാത്രം തങ്ങള്‍ എന്ത് കുറ്റമാണ് ചെയ്തതെന്നും പ്രദേശവാസികള്‍ ചോദിക്കുന്നു. സ്വന്തം നാട് വിട്ട് പോകാന്‍ ഇടമില്ലാത്തതിനാല്‍ ആത്മഹത്യ മാത്രമാണ് മുന്‍പിലുള്ള വഴിയെന്നും ചിലര്‍ പ്രതികരിച്ചു.
സുരക്ഷാ-ആരോഗ്യ ആശങ്കകള്‍ കാരണം കുട്ടികളെ സ്‌കൂളുകളില്‍ അയക്കുന്നത് രക്ഷിതാക്കള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുമോ എന്നും അവര്‍ ചോദിക്കുന്നു.
കാശീപ്പൂര്‍-ബെല്‍ഗാച്ചിയ മണ്ഡലത്തില്‍ നിന്നും ജയിച്ച ബി.ജെ.പി എം.എല്‍.എ ഋതേഷ് തിവാരിയുടെ പ്രസ്താവന ചൂണ്ടിക്കാണിച്ച് ഭരണകൂടം മനപൂര്‍വം വെള്ളം തടഞ്ഞതാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. തനിക്ക് വോട്ട് ചെയ്യാത്ത ന്യൂനപക്ഷങ്ങള്‍ക്കായി വരും അഞ്ച് വര്‍ഷത്തേക്ക് ഒരു പണിയും ചെയ്യില്ലെന്ന് തിവാരി മുന്‍പ് ഒരു വീഡിയോയില്‍ പറഞ്ഞിരുന്നു.
ഇത്തരം പ്രസ്താവനകള്‍ ഒരു മതേതര രാജ്യത്ത് നടത്താന്‍ സാധിക്കുമോ എന്ന് നാട്ടുകാര്‍ ചോദിക്കുന്നു. പ്രദേശത്ത് ഒഴിപ്പിക്കല്‍ ഭീഷണിയും ബി.ജെ.പി പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നതായി ആരോപണമുണ്ട്.
സി.പി.ഐ.എമ്മും ‘പശ്ചിംബംഗ ബസ്തി ഉന്നയന്‍ സമിതി’യും ചേര്‍ന്ന് 700 രൂപ നല്‍കി ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും 5,000 ആളുകള്‍ക്ക് 3-4 ദിവസത്തില്‍ ഒരിക്കല്‍ വരുന്ന ഒരു ടാങ്കര്‍ വെള്ളം തികയില്ലെന്ന് സി.പി.ഐ.എം പ്രാദേശിക സെക്രട്ടറി ആലംഘീര്‍ ബിശ്വാസ് പറഞ്ഞു.
തെരുവ് വിളക്കുകളുടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ സി.പി.ഐ.എം ഇടപെട്ടിരുന്നു.
അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലറായ സുമന്‍ സിംഗ് പ്രദേശത്ത് ലഭ്യമാകുന്നില്ലെന്നും തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അവര്‍ മാറിനില്‍ക്കുകയാണെന്നും ആരോപണമുണ്ട്. ബസ്തി ഉന്നയന്‍ സമിതി കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് സ്റ്റേ ഉത്തരവ് ലഭിച്ചിട്ടുണ്ടെങ്കിലും ജലവിതരണം ഇപ്പോഴും പുനസ്ഥാപിച്ചിട്ടില്ല.
Content Highlight: BJP MLA says he will not work for those who did not vote; residents of a Muslim-majority area report having no water supply for nearly a month.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.