വിശ്വഹിന്ദു പരിഷത്തിന്റെ 'ഘര്‍ വാപസി'; യു.പിയില്‍ 100ലധികം പേര്‍ ഹിന്ദുമതം സ്വീകരിച്ചെന്ന് ബി.ജെ.പി എം.എല്‍.എ
national news
വിശ്വഹിന്ദു പരിഷത്തിന്റെ 'ഘര്‍ വാപസി'; യു.പിയില്‍ 100ലധികം പേര്‍ ഹിന്ദുമതം സ്വീകരിച്ചെന്ന് ബി.ജെ.പി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th December 2022, 10:08 pm

അഹമ്മദാബാദ്: ഉത്തര്‍പ്രദേശില്‍ 20 കുടുംബങ്ങള്‍ ഹിന്ദുമതം സ്വീകരിച്ചു എന്ന് വെളിപ്പെടുത്തി എം.എല്‍.എ. 20 കുടുംബങ്ങളില്‍ നിന്നുള്ള 100ലധികം അംഗങ്ങള്‍ ഹിന്ദുമതം സ്വീകരിച്ചു എന്ന് ഖുര്‍ജ മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എ മീനാക്ഷി സിങ് പറഞ്ഞു.

വിശ്വഹിന്ദു പരിഷത്തിന്റെ ‘ഘര്‍ വാപസി’ പരിപാടിയിലാണ് പരിവര്‍ത്തനം നടന്നതെന്ന് എം.എല്‍.എ പറഞ്ഞു. മതപരിവര്‍ത്തനത്തിന്റെ ആചാരങ്ങള്‍ നടത്തുന്നതിന് മുമ്പ് എല്ലാ കുടുംബങ്ങളും സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

‘വിവിധ മതങ്ങളിലെ 20 കുടുംബങ്ങളില്‍ നിന്നുള്ള 100-125 ആളുകള്‍ സന്തോഷത്തോടെ സനാതന ധര്‍മം സ്വീകരിച്ചു. ഇനി ശ്രീരാമനെയും ശ്രീകൃഷ്ണനെയും ആരാധിക്കാമെന്ന് അവര്‍ പ്രതിജ്ഞയെടുത്തു.

സാഹചര്യങ്ങളാല്‍ സനാതന ധര്‍മം ഒരുപാട് തലമുറകള്‍ക്ക് മുമ്പ് വിട്ടുകളഞ്ഞ സനാതന ധര്‍മത്തിലേക്ക് അവരെ തിരിച്ചുകൊണ്ടുവരികയാണ്. എല്ലാവരും തങ്ങളുടെ സമ്മതപത്രം നല്‍കിയിരുന്നു,’ മീനാക്ഷി സിങ് പറഞ്ഞു.

ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന മതപരിവര്‍ത്തന പരിപാടിയാണ് ‘ഘര്‍ വാപസി’.
ഭാരതത്തിന്റെ പൂര്‍വികരെല്ലാം ഹിന്ദു മതത്തില്‍ പെട്ടവരാണെന്നും, ഹിന്ദു മതത്തില്‍ നിന്ന് പില്‍ക്കാലത്ത് പോയവരെ തിരിച്ചെത്തിക്കാനാണ് ‘ഘര്‍ വാപസി’ എന്നാണ് ഹിന്ദുത്വ സംഘടനകളുടെ വാദം. 2014ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതുമുതല്‍ വലിയരീതിയില്‍ ഹിന്ദുത്വ സംഘടനകള്‍ ഇത്തരത്തില്‍ മതപരിവര്‍ത്തനം നടത്തിയിരുന്നു.