'ഈ സ്ഥലം നിന്റെ അച്ഛന്റെ വകയാണോ?': മകന്‍ പ്രതിയായ അപകടക്കേസില്‍ പൊലീസ് ഉദ്യോഗസ്ഥനെ വെല്ലുവിളിച്ച് ബി.ജെ.പി എം.എല്‍.എ
India
'ഈ സ്ഥലം നിന്റെ അച്ഛന്റെ വകയാണോ?': മകന്‍ പ്രതിയായ അപകടക്കേസില്‍ പൊലീസ് ഉദ്യോഗസ്ഥനെ വെല്ലുവിളിച്ച് ബി.ജെ.പി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th April 2026, 2:19 pm

ശിവപുരി: മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ ബി.ജെ.പി എം.എല്‍.എ പ്രീതം ലോധിയുടെ മകന്‍ ദിനേശ് ലോധി ഓടിച്ച മഹീന്ദ്ര ഥാര്‍ എസ്.യു.വി ഇടിച്ചുണ്ടായ അപകടത്തിന് പിന്നാലെ, പൊലീസ് ഉദ്യോഗസ്ഥനെ പരസ്യമായി വെല്ലുവിളിച്ച് എം.എല്‍.എ.

കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അങ്ങേയറ്റം മോശമായ ഭാഷയിലാണ് എം.എല്‍.എ പ്രതികരിച്ചത്. ഉദ്യോഗസ്ഥര്‍ തങ്ങളുടെ ‘ചരിത്രം’ പരിശോധിക്കണമെന്നും നീതിരഹിതമായി പെരുമാറിയാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നുമായിരുന്നു എം.എല്‍.എയുടെ ഭീഷണി.

കഴിഞ്ഞ ഏപ്രില്‍ 16 ന് രാത്രി 7:30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിച്ചോറില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ പ്രീതം ലോധിയുടെ മകന്‍ ദിനേശ് ലോധി ഓടിച്ചിരുന്ന ‘MLA’ എന്ന് ബോര്‍ഡ് വെച്ച ഥാര്‍ എസ്.യു.വിയാണ് അപകടമുണ്ടാക്കിയത്.

ധന്‍ര ഗ്രാമത്തിലേക്ക് പോവുകയായിരുന്ന സഞ്ജയ് പരിഹാര്‍, ആശിഷ് പരിഹാര്‍, അന്‍ഷുല്‍ പരിഹാര്‍ എന്നിവര്‍ സഞ്ചരിച്ച ബൈക്കിനെ എസ്.യു.വി പിന്നില്‍ നിന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഇതിന് പിന്നാലെ നിയന്ത്രണം വിട്ട വാഹനം റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സീത വര്‍മ്മ, പൂജ സോണി എന്നീ രണ്ട് സ്ത്രീകള്‍ക്കിടയിലേക്ക് പാഞ്ഞുകയറി.

അപകടത്തില്‍ സഞ്ജയ് പരിഹര്‍ എന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ മറ്റ് നാലുപേരെയും നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 281 പ്രകാരം അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിച്ചതിനും ജീവന്‍ അപകടത്തിലാക്കിയതിനും ദിനേശ് ലോധിക്കെതിരെ പൊലീസ് കേസെടുത്തു.

അപകടത്തിന് പിന്നാലെ എം.എല്‍.എയുടെ മകനായ ദിനേശ് ലോധിയെ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിച്ചാണ് കൊണ്ടുപോയതെന്ന് ആരോപിച്ചാണ് എം.എല്‍.എ ആദ്യം പ്രശ്‌നമുണ്ടാക്കിയത്.

ഇതിനിടെ എസ്.ഡി.ഒ.പി ആയുഷ് ജാഖര്‍, ‘ഇനി ഒരിക്കലും നിന്നെ കരേരയില്‍ കണ്ടുപോകരുത്’ എന്ന് ദിനേശിന് മുന്നറിയിപ്പ് നല്‍കിയെന്നും ഇതാണ് എം.എല്‍.എയെ ചൊടിപ്പിച്ചതെന്നുമാണ് എം.എല്‍.എ അനുകൂലികളുടെ വാദം.

ഇതിന് പിന്നാലെയാണ് പൊലീസിനെതിരെ ആക്രോശവുമായി എം.എല്‍.എ രംഗത്തെത്തിയത്.

‘കരേര നിന്റെ അച്ഛന്റെ വകയാണോ? എന്റെ മകന്‍ ഇവിടേക്ക് തന്നെ തിരിച്ചുവരും, ഇവിടെ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യും. നിന്റെ അച്ഛന് ധൈര്യമുണ്ടെങ്കില്‍ അവനെ തടയുന്നത് കാണട്ടെ,’ എന്നായിരുന്നു എം.എല്‍.എയുടെ അസഭ്യം.

അന്വേഷണം പക്ഷപാതപരമായി നീങ്ങിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ലോധി പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

‘നീതിരഹിതമായി പെരുമാറുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ ചരിത്രം പരിശോധിക്കുന്നത് നന്നായിരിക്കും. അനാവശ്യമായ സമ്മര്‍ദമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ഉചിതമായ മറുപടി നല്‍കാന്‍ ഞങ്ങള്‍ക്ക് അറിയാം,’ എന്നായിരുന്നു എം.എല്‍.എയുടെ ഭീഷണി.

അപകടത്തെ കോണ്‍ഗ്രസ് രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും സംഭവം അതിശയോക്തി കലര്‍ത്തി അവതരിപ്പിക്കുകയാണെന്നും ലോധി ആരോപിച്ചു.

അതേസമയം, നിയമവിരുദ്ധമായി ഒന്നും താന്‍ ചെയ്തിട്ടില്ലെന്നും കൃത്യനിര്‍വഹണത്തിന്റെ ഭാഗമായുള്ള നടപടികള്‍ മാത്രമാണ് ഉണ്ടായതെന്നും എസ്.ഡി.ഒ.പി ആയുഷ് ജാഖര്‍ വ്യക്തമാക്കി. നിയമം നിയമത്തിന്റെ വഴിക്ക് തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: BJP MLA Pritam Lodhi’s dare to Karera cop after son’s Thar crash in MP