ബി.ജെ.പി 'നായർ ജനതാ' പാർട്ടിയാക്കാൻ രാജീവ് ചന്ദ്രശേഖർ ശ്രമിക്കുന്നുവെന്ന് വിമർശനം
Kerala
ബി.ജെ.പി 'നായർ ജനതാ' പാർട്ടിയാക്കാൻ രാജീവ് ചന്ദ്രശേഖർ ശ്രമിക്കുന്നുവെന്ന് വിമർശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th July 2025, 8:06 am

തിരുവനന്തപുരം: ബി.ജെ.പി പുനസംഘടനക്ക് പിന്നാലെ പാർട്ടിയിലെ സാമുദായിക സമവാക്യം തകർത്തുവെന്ന് വിമർശനവുമായി പാർട്ടി അംഗങ്ങൾ എത്തിയതായി ന്യൂസ് മലയാളം. പുതിയ ഭാരവാഹി പട്ടികയിൽ നാല് പേർ മാത്രമാണ് ഈഴവ വിഭാഗത്തിലുള്ളതെന്നും ബി.ജെ.പി ‘നായർ ജനതാ’ പാർട്ടിയാക്കാൻ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശ്രമിക്കുന്നുവെന്നും വിമർശനം ഉയർന്നിരിക്കുകയാണ്.

ഈ നടപടിക്കെതിരെ ഉടൻ തന്നെ നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകുമെന്നാണ് വിവരം. 27 അംഗ സംസ്ഥാന ഭാരവാഹി പട്ടികയിൽ ഇതുവരെ 17 പേരും നായർ വിഭാഗത്തിൽ നിന്നുള്ളവരാണെന്നും അഞ്ച് മേഖല കൺവീനർമാരിൽ നാല് പേരും ജനറൽ വിഭാഗമാണെന്നും വിമർശകർ പറയുന്നു.

കൂടാതെ പുതുതായി തീരുമാനിച്ച ഒമ്പത് വക്താക്കളിൽ എല്ലാവരും ജനറൽ വിഭാഗത്തിൽ നിന്നുള്ളവരാണെന്നും ഇതുവരെ പ്രഖ്യാപിച്ച 41 ചുമതലക്കാരിൽ 28 പേർ നായർ വിഭാഗത്തിലും രണ്ട് പേർ നമ്പൂതിരി വിഭാഗത്തിലും ഉൾപ്പെട്ടവരാണ്. ഈ പട്ടികയിലാണ് നാല് പേർ മാത്രാമേ ഈഴവ വിഭാഗത്തിൽ നിന്നുള്ളവെന്ന വിമർശനവും ഉയരുന്നത്.

ഹിന്ദുക്കളുടെ ഐക്യത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന് പറയുമ്പോഴും അത് പാർട്ടിയിൽ നടപ്പിലാകുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. കഴിഞ്ഞ ലോക് സഭ നിയമ സഭ തെരഞ്ഞെടുപ്പിൽ വലിയ തോതിൽ വോട്ട് ശതമാനം ബി.ജെ.പി വർധിപ്പിച്ചിട്ടുണ്ടെന്നും ഇത് സാധിച്ചത് ഈഴവ വിഭാഗത്തിന്റെ വോട്ട് കൂടി ലഭിച്ചിട്ടാണെന്നാണ് വിലയിരുത്തൽ.

അടുത്ത നിയമ സഭാ തെരഞ്ഞെടുപ്പ് പിടിക്കണമെന്ന് അമിത്ഷാ അടക്കമുള്ളവർ പറയുമ്പോഴും കേരളത്തിൽ 27 ശതമാനം വരുന്ന ഈഴവ വിഭാഗത്തിന്റെ വോട്ടില്ലെതെ അതെങ്ങനെ സാധിക്കുമെന്നാണിവർ ചോദിക്കുന്നത്.

അതോടൊപ്പം രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ പാർട്ടിയെ ഒരു കരയോഗം കമ്മിറ്റിയാക്കി വരേണ്യ വിഭാഗത്തിന്റെ കുത്തകയാക്കാനായി പാർട്ടി ശ്രമിക്കുന്നുവെന്നും വിമർശനവും പാർട്ടി വക്താക്കൾ ഉന്നയിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഭാരവാഹിപ്പട്ടിക പട്ടിക പുറത്തുവിട്ടയത്തിന് പിന്നാലെ സുരേന്ദ്ര-മുരളീധര പക്ഷത്തെ വെട്ടിയായതിൽ വലിയ വിമർശങ്ങൾ വന്നിരുന്നു.

പട്ടികയിലെ 90 ശതമാനവും കൃഷ്ണദാസ് പക്ഷനേതാക്കളാണ്. രാജീവ് ചന്ദ്രശേഖർ ആ ഗ്രൂപ്പിന്റെ നേതാവായെന്നാണ് മുരളീധരപക്ഷ വിമർശനം. എ.എൻ രാധാകൃഷ്ണൻ, സി. ശിവൻകുട്ടി, ജെ.ആർ പത്മകുമാർ, പി. രഘുനാഥ്, നാരായണൻ നമ്പൂതിരി, പി.ആർ ശിവശങ്കരൻ, ഉല്ലാസ് ബാബു, യുവരാജ് ഗോകുൽ എന്നിവരെല്ലാം പുറത്തായി.

മുരളീധര-സുരേന്ദ്ര പക്ഷത്ത് നിന്ന് നേതൃത്വത്തിലുണ്ടായിരുന്ന നാല് പേര്‍ മാത്രമാണ് പുതിയ കമ്മിറ്റിയില്‍ ഇടംപിടിച്ചത്. 35 പുതിയ ഭാരവാഹികളെയാണ് നേതൃത്വം പ്രഖ്യാപിച്ചത്.

 

Content Highlight: BJP members criticize party’s reorganization, saying it has destroyed the communal equation in the party