കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബി.ജെ.പി നേതാവ് ശങ്കു ടി. ദാസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയുള്ള തെറ്റായ വാര്‍ത്തകള്‍ക്കെതിരെ ബി.ജെ.പി നേതാക്കള്‍.
എന്തിലും ഏതിലും ദുരൂഹത ആരോപിക്കുന്നത് ഒരുതരം മനോരോഗമാണെന്ന് സന്ദീപ് വചസ്പതി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ആര്‍ക്ക് അപകടം പറ്റിയാലും അതിന് പിന്നില്‍ ജിഹാദ് ആരോപിക്കുന്നത് സ്വയം പരിഹാസ്യരാവാനേ ഉപകരിക്കൂ എന്ന് തിരിച്ചറിയണം. ഒപ്പം അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതവും കണക്കിലെടുക്കണെന്നും സന്ദീപ് വചസ്പതി പറഞ്ഞു.
ശങ്കുവിന്റെ അപകടത്തില്‍ മസാല ചേര്‍ത്ത് ആള്‍ക്കാരുടെ ആകുലതകളെ വില്‍പ്പന ചരക്കാക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നാണ് നേതാവ് സൂരജ് പേരാമ്പ്ര പറഞ്ഞത്.
വ്യാഴാഴ്ച രാത്രി 11 മണിയോടെ തിരൂര്‍ ചമ്രവട്ടം പാലത്തിന് സമീപത്ത് വെച്ചാണ് ശങ്കു ടി. ദാസിന് അപകടമുണ്ടായത്. വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ശങ്കു സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. നിലവില്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സയില്‍ കഴിയുകയാണ് ശങ്കു ടി ദാസ്. കരളിനാണ് പ്രധാനമായും പരിക്കേറ്റിട്ടുള്ളത്.
‘ദുരൂഹതാ തിയറിയുടെ ഉപജ്ഞാതാക്കളോടാണ്, എന്തിലും ഏതിലും ദുരൂഹത ആരോപിക്കുന്നത് ഒരുതരം മനോരോഗമാണ്. ആര്‍ക്ക് അപകടം പറ്റിയാലും അതിന് പിന്നില്‍ ജിഹാദ് ആരോപിക്കുന്നത് സ്വയം പരിഹാസ്യരാവാനേ ഉപകരിക്കൂ എന്ന് തിരിച്ചറിയണം. ഒപ്പം അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതവും കണക്കിലെടുക്കണം. പുറത്തിറങ്ങി സാമൂഹ്യ പ്രവര്‍ത്തനം ചെയ്യുന്നവരെല്ലാം കൊല്ലപ്പെടാന്‍ പോകുന്നവരാണെന്ന സന്ദേശം സമാജത്തില്‍ നിരാശയും ഭീതിയും മാത്രമാണ് ഉണ്ടാക്കുക.
ശങ്കുവിന് അപകടം പറ്റി എന്നത് യാഥാര്‍ഥ്യമാണ്. നിലവില്‍ ഒരു ദുരൂഹതയും അതില്‍ ആരോപിക്കാനില്ല. വാഹനാപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ആണിത്. സ്ക്രീനില്‍ വലത് നിന്ന് ഇടത്തേക്ക് ആണ് ശങ്കുവിന്റെ ബൈക്ക് പോകുന്നത്. വാഹനം നിയന്ത്രണം വിട്ട് മുന്നിലുള്ള ബൈക്കില്‍ ഇടിക്കുന്നതായാണ് മനസിലാകുന്നത്. അതിനപ്പുറം ഒന്നും കാണാനില്ല. മറിച്ചൊരു നിഗമനത്തില്‍ എത്തണമെങ്കില്‍ ശങ്കുവിന് ബോധം തെളിയണം. അതുവരെ ക്ഷമിക്കുക.
അപകടത്തെ തുടര്‍ന്ന് അരമണിക്കൂര്‍ ചോര വാര്‍ന്ന് റോഡില്‍ കിടന്നു എന്നൊക്കെ ഉള്ളത് മറുനാടന്റെ ഭാവന മാത്രമാണ്. അതും ചികിത്സ വേണ്ട മറ്റൊരു മനോഭാവമാണ്. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാര്‍ അരകിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഇപ്പൊള്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു. ഇതാണ് യാഥാര്‍ത്ഥ്യം. ഇപ്പൊ വേണ്ടത് ദുരൂഹത തിയറി അല്ല, പ്രാര്‍ത്ഥനയാണ്. ആത്മവിശ്വാസമാണ്. ധൈര്യമാണ്,’ സന്ദീപ് വചസ്പതി പറഞ്ഞു.
സൂരജ് പേരാമ്പ്രയുടെ പ്രതികരണത്തിന്റെ പൂര്‍ണരൂപം
പ്രിയ ശങ്കു ടി. ദാസുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ വരുന്ന വാര്‍ത്തകള്‍ എല്ലാം തന്നെ വ്യാജമായതും, അവരുടെ റിപ്പോര്‍ട്ടര്‍മാര്‍ മെനഞ്ഞുണ്ടാക്കുന്നവയാണ്. ശങ്കുവിന്റെ അപകടത്തില്‍ മസാല ചേര്‍ത്ത് ആള്‍ക്കാരുടെ ആകുലതകളെ വില്‍പ്പന ചരക്കാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇപ്പോള്‍ അവര്‍ എഴുതി വിടുന്നത് ശങ്കുവിന്റെ വാഹനത്തിനു ബോബ് എറിഞ്ഞു എന്നൊക്കെയാണ്. ഇതൊക്കെ ശുദ്ധ തോന്നിവാസമാണ്. ഒരാള്‍ ആശുപത്രിയില്‍ പ്രതികരിക്കാന്‍ കഴിയാതെ കിടക്കുമ്പോഴല്ല ഇങ്ങനെ വ്യാജ വാര്‍ത്ത പടച്ചുണ്ടാക്കി ആത്മരതി അടയേണ്ടത്. മറുനാടനിലെ തന്നെ ചുമതല ഉള്ളവരോട് സംസാരിച്ചപ്പോഴും വാര്‍ത്തകള്‍ തിരുത്താന്‍ അവര്‍ തയ്യാറായിലെന്ന് മാത്രമല്ല. അത് ഇനിയും തുടരുമെന്ന തരത്തിലാണ് അവരുടെ ഭാഗത്ത് നിന്നും സംസാരം അവസാനിപ്പിച്ചത്.
ഇന്നലെ രാത്രി 11 മണിയോടു കൂടിയാണ് ശങ്കു ടി. ദാസ് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍ പെടുന്നത്. ശങ്കുവിന്റെ ബൈക്കും മറ്റൊരു ബൈക്കും തമ്മില്‍ ഇടിക്കുകയാണ്. ബൈക്കില്‍ നിന്നും താഴെ വീണ ശങ്കുവിനെ ഇടിച്ച ബൈക്കിലെ യാത്രക്കാരായിരുന്ന രണ്ടു പേരും നാട്ടുകാരും ചേര്‍ന്ന് തന്നെയാണ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയത്. അവരുടെ പേരും വിവരങ്ങളുമെല്ലാം അറിയാം അതില്‍ ദുരൂഹത ഒന്നുമില്ലെന്നാണ് ഇതുവരെ അറിയാന്‍ കഴിഞ്ഞത്.
അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ചോര വാര്‍ന്ന് റോഡില്‍ കിടന്നു എന്നൊക്കെ ഉള്ളത് മറുനാടന്റെ സാങ്കല്പിക ഭാവന മാത്രമാണ്. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാര്‍ അരകിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. കൂടുതല്‍ മികച്ച ചികിത്സ കിട്ടാനായി പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ശങ്കുവിനെ നേരിട്ട് കണ്ടവര്‍ പറഞ്ഞത് പുറത്ത് കാര്യമായ മുറിവുകളോ പൊട്ടലുകളോ ഇല്ല എന്നാണ്. ശരീരത്തിനുള്ളില്‍ ഒരിടത്ത് ഇന്റേണല്‍ ബ്ളീഡിങ്ങ്(ലിവര്‍) ഉള്ളത് കാരണം സര്‍ജറി വേണ്ടി വരും. സി.ടി സ്കാനില്‍ മറ്റ് കുഴപ്പങ്ങള്‍ ഒന്നുമില്ല. നമ്മുടെ പ്രവര്‍ത്തകരും സംഘടന ചുമതല ഉള്ളവരും ആശുപത്രിയില്‍ മുഴുവന്‍ സമയവും ശങ്കുവിനൊപ്പം ഉണ്ട്.
ഇപ്പോള്‍ ഞാന്‍ ഈ പോസ്റ്റ് എഴുതുന്ന സമയത്ത് (12:03 PM) ശങ്കുവിന്റെ ലിവര്‍ ബ്ലീഡിങ് നിര്‍ത്താനുള്ള പ്രൊസീജ്യര്‍ വിജയകരമായി കഴിഞ്ഞു. ശങ്കുവിനെ ഇപ്പോള്‍ ഐ.സിയുവിലേക്ക് മാറ്റിയതായാണ് വിവരങ്ങള്‍.
ശങ്കുവിന് ഇപ്പോള്‍ ആവശ്യം നമ്മുടെ പ്രാര്‍ത്ഥനകളാണ്.. അദ്ദേഹം പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചു വരാന്‍ നമ്മുക്ക് പ്രാര്‍ത്ഥിക്കാം.