ബംഗാളില്‍ ജെ.പി നദ്ദയ്‌ക്കൊപ്പം ഉണ്ടായിരുന്നത് 55 ക്രിമിനല്‍ കേസുകളിലെ പ്രതി; ബി.ജെ.പി ദേശീയ അധ്യക്ഷനെതിരെ നടന്ന ആക്രമണത്തില്‍ പ്രതികരിച്ച് തൃണമൂല്‍
national news
ബംഗാളില്‍ ജെ.പി നദ്ദയ്‌ക്കൊപ്പം ഉണ്ടായിരുന്നത് 55 ക്രിമിനല്‍ കേസുകളിലെ പ്രതി; ബി.ജെ.പി ദേശീയ അധ്യക്ഷനെതിരെ നടന്ന ആക്രമണത്തില്‍ പ്രതികരിച്ച് തൃണമൂല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th December 2020, 9:22 am

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ പരിപാടിക്ക് നേരെയുണ്ടായ ആക്രമണത്തിന് കാരണം ബി.ജെ.പി നേതാവെന്ന് തൃണമുല്‍ കോണ്‍ഗ്രസ്.

നദ്ദയുടെ കൂടെയുണ്ടായിരുന്ന ആള്‍ ആണ് പ്രകോപനം ഉണ്ടാവുന്ന രീതിയില്‍ ആള്‍ക്കൂട്ടത്തോട് പെരുമാറി ആക്രമണം ഉണ്ടാക്കിയതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു.

55 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബി.ജെ.പി നേതാവ് നദ്ദയ്‌ക്കൊപ്പം ഉണ്ടായിരുന്നെന്നും ഇയാള്‍ ജനക്കൂട്ടത്തെ ആംഗ്യങ്ങള്‍ കാണിച്ച് പ്രകോപിക്കുകയായിരുന്നെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കല്യാണ്‍ ബാനര്‍ജി പറഞ്ഞു.

”അദ്ദേഹത്തിന് മുന്നില്‍ ( നദ്ദ) ഒരു സംഘത്തില്‍ ബി.ജെ.പി നേതാവ് രാകേഷ് സിംഗ് ഉണ്ടായിരുന്നു. ഇയാള്‍ക്കെതിരെ 55 ക്രിമിനല്‍ കേസുകളുണ്ട്. ജനക്കൂട്ടത്തെ പ്രകോപിപ്പിക്കുന്ന ആംഗ്യങ്ങള്‍ അയാള്‍ കാണിച്ചു. അയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്,”കല്യാണ്‍ ബാനര്‍ജി പറഞ്ഞു.

പശ്ചിമബംഗാള്‍ സന്ദര്‍ശനത്തിനിടെയായിരുന്നു ജെ.പി നദ്ദക്കെതിരെ കരിങ്കൊടി പ്രയോഗവും വാഹനത്തിന് നേരെ കല്ലേറും ഉണ്ടായത്. സംഭവത്തില്‍ സംസ്ഥാന ബി.ജെ.പി നേതൃത്വം കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
ഇഷ്ടികകൊണ്ടാണ് കാറിന് നേരെ ചിലര്‍ എറിഞ്ഞതെന്നും ആക്രമണത്തില്‍ കാറിന്റെ ചില്ല് തകര്‍ന്നെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.

നദ്ദയുടെ സന്ദര്‍ശനത്തിനിടെ പാര്‍ട്ടി ഓഫീസിന് പുറത്ത് തടിച്ചുകൂടിയ ഒരു ജനക്കൂട്ടം വടികളും ആയുധങ്ങളുമായി നിലയുറപ്പിച്ചിരുന്നെന്നുമാണ് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചത്.

ആറുമാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രചരണത്തിനായാണ് നദ്ദ എത്തിയത്. ജെ.പി നദ്ദയുടെ യാത്രയിലുടനീളം ചിലര്‍ അദ്ദേഹത്തെ കരിങ്കൊടി കാണിച്ചിരുന്നു..

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: BJP Leader, With 55 Cases, Provoked Crowd: Mamata Banerjee’s Party