പ്രസ്താവന കണ്ടില്ല, തെളിവുണ്ടെങ്കില്‍ പരാതി നല്‍കണം: ക്രിസ്ത്യന്‍ യുവതികളെ ഈഴവ യുവാക്കള്‍ തട്ടികൊണ്ടുപോകുന്നെന്ന പരാമര്‍ശത്തില്‍ വി. മുരളീധരന്‍
Kerala News
പ്രസ്താവന കണ്ടില്ല, തെളിവുണ്ടെങ്കില്‍ പരാതി നല്‍കണം: ക്രിസ്ത്യന്‍ യുവതികളെ ഈഴവ യുവാക്കള്‍ തട്ടികൊണ്ടുപോകുന്നെന്ന പരാമര്‍ശത്തില്‍ വി. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th September 2021, 5:20 pm

 

തിരുവനന്തപുരം: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനായി ഈഴവരായ ചെറുപ്പക്കാര്‍ക്ക് പരിശീലനം കൊടുക്കുന്നുണ്ടെന്ന സിറിയന്‍ കത്തോലിക്ക വൈദികന്‍ ഫാ. റോയി കണ്ണന്‍ചിറയുടെ പ്രസ്താവന കണ്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍.

വൈദികന്‍ പറഞ്ഞതിന് തെളിവുണ്ടെങ്കില്‍ നടപടിയെടുക്കട്ടേയെന്നും മുരളീധരന്‍ പറഞ്ഞു. പാല ബിഷപ്പിനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അപമാനിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

”ഞാന്‍ ആ വാര്‍ത്ത കണ്ടിട്ടില്ല. ആ വാര്‍ത്ത വായിച്ചാലേ എനിക്ക് അതില്‍ മുഴുവന്‍ വസ്തുതയും അദ്ദേഹം വല്ലതും പറഞ്ഞിട്ടുണ്ടോ എന്ന കാര്യവും മനസിലാവൂ. അങ്ങനെയുണ്ടെങ്കില്‍ അദ്ദേഹം ബന്ധപ്പെട്ട നിയമസംവിധാനത്തിനാണ് അത് കൈമാറേണ്ടത്,” മുരളീധരന്‍ പറഞ്ഞു.

ശനിയാഴ്ച ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് കീഴിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കായി നടത്തിയ പരിശീലന പരിപാടിയിലായിരുന്നു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിന് ഈഴവ ഗൂഢാലോചന നടക്കുന്നുണ്ടെന്ന വിദ്വേഷ പരാമര്‍ശം ദീപിക ബാലസഖ്യം ഡയറക്ടര്‍ കൂടിയായ ഫാദര്‍ റോയി കണ്ണന്‍ചിറ ഉന്നയിച്ചത്.

‘കോട്ടയത്തെ ഒരു സിറോ മലബാര്‍ ഇടവകയില്‍ നിന്ന് ഒമ്പതു പെണ്‍കുട്ടികളെ ഒരു മാസത്തിനിടെ തട്ടിക്കൊണ്ടുപോയത് ഈഴവരാണ്. ഇതിനായി ഈഴവരായ ചെറുപ്പക്കാര്‍ക്ക് സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്‌കരിച്ച് പരിശീലനം കൊടുക്കുന്നുണ്ട്’, എന്നായിരുന്നു ഫാദര്‍ റോയി കണ്ണന്‍ചിറ ക്ലാസില്‍ പറഞ്ഞത്. 2003 മുതല്‍ ദീപിക ബാലസഖ്യം ഡയറക്ടറാണ് ഫാദര്‍ റോയി കണ്ണന്‍ചിറ.

ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് ആരോപണം ശക്തമാകുന്നതിനിടെയാണ് പുതിയ വിദ്വേഷ പ്രചരണവുമായി കത്തോലിക്ക വൈദികന്‍ രംഗത്തെത്തിയത്. ലവ് ജിഹാദിനൊപ്പം കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസംഗം.

ഇതിനിടെ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ എല്ലാ മതനേതാക്കളുടെയും സംയുക്ത യോഗം വിളിക്കുമെന്ന് പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. സമൂഹത്തില്‍ പൊട്ടിത്തെറി ഉണ്ടാകുമെന്ന് കണ്ടതുകൊണ്ടാണ് ഇടപെടുന്നതെന്നാണ് സുധാകരന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight : BJP leader V Muraleedharan’s response to Father Roy Kannanchira’s comment