അദ്ദേഹം പാര്‍ലമെന്റ് കാണാത്തത് കൊണ്ടാവും, പ്രധാനമന്ത്രിയുടെ സൈഡിലാണ് ഞാന്‍ നില്‍ക്കാറുള്ളത്: ടി.ജി. മോഹന്‍ദാസിന് മറുപടിയുമായി വി. മുരളീധരന്‍
Kerala News
അദ്ദേഹം പാര്‍ലമെന്റ് കാണാത്തത് കൊണ്ടാവും, പ്രധാനമന്ത്രിയുടെ സൈഡിലാണ് ഞാന്‍ നില്‍ക്കാറുള്ളത്: ടി.ജി. മോഹന്‍ദാസിന് മറുപടിയുമായി വി. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th December 2022, 12:12 pm

തിരുവനന്തപുരം: ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസ് പാര്‍ലമെന്റ് കാണാത്തത് കൊണ്ടും, അവിടുത്തെ കാര്യങ്ങള്‍ അറിയാത്തതുകൊണ്ടുമാണ് തനിക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് കേന്ദ്ര സഹമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരന്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മുരളീധരന്‍ ഫോട്ടോയില്‍ വരാന്‍ സാമര്‍ഥ്യം കാണിക്കുന്നുവെന്ന ടി.ജി. മോഹന്‍ദാസിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘പാര്‍ലമെന്റ് അദ്ദേഹം കാണാത്തത് കൊണ്ടാണ്. പാര്‍ലമെന്റിലെ കാര്യങ്ങള്‍ അദ്ദേഹത്തിന് അറിയാത്തത് കൊണ്ടാണ്. പ്രധാനമന്ത്രിയുടെ പിന്നിലല്ല, അദ്ദേഹത്തിന്റെ സൈഡിലാണ് ഞാന്‍ നില്‍ക്കാറുള്ളത്.

പാര്‍ലമെന്ററി സഹമന്ത്രി എന്ന നിലയില്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി വരുമ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ചുമതലയുള്ള ആളാണ് ഞാന്‍. ഞങ്ങള്‍ പ്രധാനമന്ത്രിയെ സ്വീകരിച്ച് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൂടെ നില്‍ക്കണം’, മുരളീധരന്‍ പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രി രാജ്യസഭയില്‍ പ്രസംഗിക്കാന്‍ വരുമ്പോഴൊക്കെ നമ്മുടെ വി. മുരളീധരന്‍ യാദൃച്ഛികമെന്നവണ്ണം പുറകില്‍, സൈഡിലായി വീഡിയോയില്‍ വരത്തക്കവിധം ഇരിക്കുമെന്നാണ് ബി.ജെ.പി. സംസ്ഥാന ബൗദ്ധിക സെല്‍ മുന്‍ കണ്‍വീനര്‍ കൂടിയായായ ടി.ജി. മോഹന്‍ദാസ് ഫേസ്ബുക്കില്‍ കുറിച്ചത്.

‘പ്രധാനമന്ത്രി രാജ്യസഭയില്‍ പ്രസംഗിക്കാന്‍ വരുമ്പോഴൊക്കെ നമ്മുടെ വി. മുരളീധരന്‍ യാദൃച്ഛികമെന്നവണ്ണം പുറകില്‍, സൈഡിലായി വീഡിയോയില്‍ വരത്തക്കവിധം ഇരിക്കും. ക്യാമറ ഏതാങ്കിളില്‍ വെച്ചാലും മുരളി അതില്‍ വരും. കൊള്ളാം, നല്ല സാമര്‍ത്ഥ്യം. പക്ഷേ, ഇത്തരം പെരുമാറ്റം ആരും മനസിലാക്കുന്നില്ല എന്ന് കരുതരുത് കേട്ടോ’, എന്നായിരുന്നു ടി.ജി. മോഹന്‍ദാസ് ഫേസ്ബുക്കില്‍ കുറിച്ചത്.

എന്നാല്‍, സംസ്ഥാന നേതൃയോഗം നടക്കുന്ന ദിവസമാണ് ടി.ജി. മോഹന്‍ദാസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതെന്നും, ഇത് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരാണ് സൂചിപ്പിക്കുന്നതെന്നുമാണ് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നത്.

ടി.ജി. മോഹന്‍ദാസിന്റെ പോസ്റ്റിന് കീഴില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടലാണ് നടന്നത്. പേരിനൊപ്പം ജാതിവാല്‍ ഇല്ലാത്തതാണ് മോഹന്‍ദാസിനെ പ്രകോപിപ്പിച്ചതെന്നാണ് മുരളീധരന്‍ അനുകൂലികളുടെ വാദം.

മോഹന്‍ദാസ് ജി ഇത്തരം പോസ്റ്റുകള്‍ താങ്കളുടെ വില കുറയ്ക്കുന്നു എന്നായിരുന്നു സംസ്ഥാന സെക്രട്ടറി കരമന ജയന്റെ പ്രതികരണം. വാലില്ലാത്ത നേതാവായതാണ് ചിലര്‍ക്ക് ദഹിക്കാത്തതെന്നാണ് ബി.ജെ.പി ദക്ഷിണ മേഖലാ സെക്രട്ടറി ബി. കൃഷ്ണകുമറിന്റെ പ്രതികരിച്ചത്.

അതേസമയം, മോഹന്‍ദാസിനെ അനുകൂലിച്ചും കമന്റുകള്‍ വന്നു. കേരളത്തില്‍ ബി.ജെ.പി വളരാതിരിക്കാന്‍ കാരണക്കാരന്‍ മുരളീധരന്‍ ആണെന്നായിരുന്നു ചില അണികളുടെ പ്രതികരണം. ബി.ജെ.പിയെ കെ.ജെ.പിയാക്കി, അധികാരത്തിന്റെയും പണത്തിന്റെയും പിന്നാലെ പോകുന്നവന്‍ തുടങ്ങിയ വിശേഷണങ്ങളും മുരളീധരനെതിരെ വന്നു.

Content Highlight: BJP Leader V Muraleedharan against TG Mohandas’s Criticism