നിരാഹാര പന്തലില്‍ വെച്ച് ശോഭാസുരേന്ദ്രന്‍ സ്റ്റീല്‍ ഗ്ലാസില്‍ കുടിച്ചത് ജ്യൂസോ; സംശയം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയ
Sabarimala women entry
നിരാഹാര പന്തലില്‍ വെച്ച് ശോഭാസുരേന്ദ്രന്‍ സ്റ്റീല്‍ ഗ്ലാസില്‍ കുടിച്ചത് ജ്യൂസോ; സംശയം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th December 2018, 7:46 am

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നിരാഹാരം അനുഷ്ഠിക്കുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍  സ്റ്റീല്‍ ഗ്ലാസില്‍ പാനീയം കുടിക്കുന്ന വീഡിയോ പുറത്ത്. തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്ന് ശോഭാസുരേന്ദ്രനും ബി.ജെ.പി നേതൃത്വവും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശോഭാസുരേന്ദ്രന്‍ പാനിയം കുടിക്കുന്ന വീഡിയോ പുറത്ത് വന്നത്.

രണ്ട് സത്രീകള്‍ മറഞ്ഞു നിന്ന് ഗ്ലാസ് കൊടുക്കുകയും അത് വാങ്ങി ശോഭാസുരേന്ദ്രന്‍ കുടിക്കുകയും ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്. ശേഷം ഷാളുകൊണ്ട് മുഖം തുടക്കുന്നതും വീഡിയോയില്‍ കാണാം.

“ശോഭാ സുരേന്ദ്രന്‍ ഗ്ലാസില്‍ ജ്യൂസ് കുടിക്കുന്ന വീഡിയോ പുറത്ത്” എന്ന അടിക്കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നത്. ശോഭാ സുരേന്ദ്രന്‍ എനര്‍ജി  ഡിങ്സാണ് കുടിച്ചതെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നു.

Read Also : അയ്യപ്പജ്യോതിക്കിടെ പയ്യോളിയില്‍ സംഘപരിവാര്‍ ആക്രമണം; പൊലീസുകാരനും റെയില്‍വേ ഉദ്യോഗസ്ഥനും മര്‍ദനമേറ്റു

ശബരിമലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ബി.ജെ.പി നിരാഹാര സമരം ആരംഭിച്ചത്. ആദ്യം എ.എന്‍ രാധാകൃഷ്ണനും പിന്നീട് സി.കെ പത്മനാഭനും ശേഷമാണ് ശോഭ സുരേന്ദ്രന്‍ നിരാഹാര സമരം ഏറ്റെടുത്തത്.

ശബരിമലയിലെ ഭക്തര്‍ക്കെതിരായ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഈ മാസം മൂന്നിനാണ് ബി.ജെ.പി നിരാഹാര സമരം തുടങ്ങിയത്. നേരത്തെ എട്ട് ദിവസം എ.എന്‍ രാധാകൃഷ്ണന്‍ നിരാഹാരം കിടന്നിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമായതോടെ സി.കെ പത്മനാഭന്‍ സമരം ഏറ്റെടുക്കുകായിരുന്നു. പത്ത് ദിവസത്തോളം നീണ്ട നിരാഹാരത്തിനു ശേഷമാണ് സി.കെ പത്മനാഭന്‍ സമരത്തില്‍ നിന്ന് പിന്മാറിയത്. ഇതോടെയാണ് ശോഭ സുരേന്ദ്രന്‍ നിരാഹാര സമരം ഏറ്റെടുത്തത്. ശോഭയുടെ സെക്രട്ടേറിയേറ്റിന് മുന്നിലെ സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടന്നു.