കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ബി.ജെ.പി നേതാവ് ഷോൺ ജോർജ്. നിലവിലുള്ള വഖഫ് ബോര്‍ഡ് പിരിച്ചുവിട്ട് പുതിയ ബോര്‍ഡ് രൂപീകരിച്ച് പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച വഖഫ് ബോര്‍ഡിനെ വഖഫ് നിയമത്തിലെ സെക്ഷന്‍ 64 അനുസരിച്ച് പിരിച്ചുവിടാന്‍ മുഖ്യമന്ത്രിക്ക് പത്ത് മിനിറ്റ് പോലും വേണ്ട. മുഖ്യമന്ത്രി തീരുമാനിച്ചാൽ ഇന്ന് വൈകുന്നേരത്തിനുള്ളില്‍ നിലവിലെ ബോര്‍ഡ് ഇല്ലാതാകുമെന്നും, നാളെ അദ്ദേഹത്തിന് സൗകര്യപ്രദമായ പുതിയ ബോര്‍ഡ് രൂപീകരിച്ച് മുനമ്പം ഭൂമി വഖഫ് സ്വത്തല്ലെന്ന് പ്രഖ്യാപിക്കാമെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
ഇതിനായി ഗസറ്റ് പബ്ലിക്കേഷന്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രിക്ക് നിയമപരമായി സാധിക്കുമെന്നും ബി.ജെ.പി കൂട്ടിച്ചേര്‍ത്തു.
നേരത്തെ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത്, മുനമ്പത്തെ ഭൂമി വഖഫ് വസ്തുവല്ലെന്ന് ടൈപ്പ് ചെയ്യാന്‍ വെറും പത്ത് മിനിറ്റ് മതിയെന്ന് പറഞ്ഞ ആളാണ് ഇന്നത്തെ മുഖ്യമന്ത്രിയെന്നും എന്നാൽ അധികാരത്തിലേറി പത്ത് ദിവസം കഴിഞ്ഞിട്ടും ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ വി.ഡി. സതീശന് സാധിക്കുന്നില്ലെന്നും ഷോൺ ജോർജ് കുറ്റപ്പെടുത്തി.
വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഇത് വഖഫ് ഭൂമിയാണെന്ന് നിലപാടെടുക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ അഭിപ്രായം എന്താണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്പര്യമുണ്ടെന്നും ബി.ജെ.പി പറഞ്ഞു.
മുനമ്പത്ത് യഥാര്‍ത്ഥത്തില്‍ 137 ഏക്കര്‍ സ്ഥലം മാത്രമാണ് അളക്കാനുള്ളതെന്നും എന്നാല്‍ 404 ഏക്കര്‍ സ്ഥലം വഖഫ് ആയി രജിസ്റ്റര്‍ ചെയ്തതില്‍ കള്ളത്തരമുണ്ടെന്നും ഷോൺ ജോർജ് ആരോപിച്ചു. വില്ലേജ് ഓഫീസിലെ രേഖകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുനമ്പം ജനതയ്ക്കൊപ്പം ബി.ജെ.പി എന്നും ഉണ്ടാകുമെന്നും ഈ വിഷയത്തില്‍ വോട്ട് രാഷ്ട്രീയമല്ല നീതിയാണ് തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെന്നും പാര്‍ട്ടി വ്യക്തമാക്കി.
സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ ബി.ജെ.പി കക്ഷി ചേര്‍ന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനെക്കൂടി ഈ കേസില്‍ കക്ഷി ചേര്‍ക്കണമെന്നും സെക്ഷന്‍ 2ലെ വ്യവസ്ഥകള്‍ പ്രകാരം ഫാറൂഖ് കോളേജ് സൊസൈറ്റിയെ ഇതില്‍ നിന്ന് ഒഴിവാക്കി മുനമ്പം ഭൂമി സംരക്ഷിക്കണമെന്നുമാണ് ബി.ജെ.പിയുടെ ആവശ്യം.
Content highlight: BJP leader Shaun George against Sardars and the Chief Minister on the Munambam issue