ബംഗാളില്‍ അധികാരത്തിലെത്തിയാല്‍ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിപ്പിക്കും; ബി.ജെ.പി നേതാവ്
national news
ബംഗാളില്‍ അധികാരത്തിലെത്തിയാല്‍ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിപ്പിക്കും; ബി.ജെ.പി നേതാവ്
ന്യൂസ് ഡെസ്‌ക്
Wednesday, 25th November 2020, 8:29 pm

കൊല്‍ക്കത്ത: ബംഗാളില്‍ തങ്ങളുടെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ പൊലീസിനെകൊണ്ട് ബൂട്ട് നക്കിപ്പിക്കുമെന്ന് ബി.ജെ.പി നേതാവ് രാജു ബാനര്‍ജി. സംസ്ഥാനത്ത് ഗുണ്ടകളുടെ ഭരണമാണെന്നും അതിനെതിരെ പൊലീസ് നിഷ്‌ക്രിയത്വം പാലിക്കുകയാണെന്ന പ്രസ്താവനയ്ക്കിടെയായിരുന്നു ഈ പരാമര്‍ശം. ദുര്‍ഗാപൂരില്‍ നടന്ന റാലിയ്ക്കിടെയായിരുന്നു ബാനര്‍ജിയുടെ വിവാദ പ്രസ്താവന.

‘ബംഗാളില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത് നോക്കൂ. ഗുണ്ടാ ഭരണത്തെ ഇനിയും സഹിക്കണോ? പൊലീസ് യാതൊരു സഹായവും ചെയ്യുന്നില്ല. ഇത്തരം പൊലീസ് സേനയെ പിന്നെന്തിന് കൊള്ളാം. അവരെ ബൂട്ട് നക്കിപ്പിക്കാനെ കൊള്ളാവൂ’, ബാനര്‍ജി പറഞ്ഞു.

ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ബി.ജെ.പിയും തൃണമൂലും തമ്മിലുള്ള പോര് മുറുകിക്കൊണ്ടിരിക്കുകയാണ്. നേരത്തെ സംസ്ഥാനസര്‍ക്കാരിനെ വിമര്‍ശിച്ച് ബി.ജെ.പി നേതാക്കളായ കൈലാഷ് വിജയ വര്‍ഗിയ, ദിലീപ് ഘോഷ് രംഗത്തെത്തിയിരുന്നു.

സമാനമായി കഴിഞ്ഞ ദിവസം ബി.ജെ.പിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ നേതാവ് അനുബ്രത മോണ്ഡലും രംഗത്തെത്തിയിരുന്നു. ബംഗാളിലെ ഏറ്റവും വലിയ വൈറസ് ബി.ജെ.പിയാണെന്നാണ് മോണ്ഡല്‍ പറഞ്ഞത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നതായും മോണ്ഡല്‍ പറഞ്ഞിരുന്നു.

ഞങ്ങളുടെ ജില്ല സന്ദര്‍ശിക്കൂ. ഞങ്ങളുടെ ബൂത്ത് പ്രവര്‍ത്തകരെ കാണൂ. ഞാന്‍ അദ്ദേഹത്തെ തൃണമൂലില്‍ ചേരാന്‍ ക്ഷണിക്കുകയാണ്’, മോണ്ഡല്‍ പറഞ്ഞു.ബി.ജെ.പിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ വൈറസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

അതേസമയം മോണ്ഡലിന്റെ പ്രസ്താവനയെ തള്ളിക്കളയുന്നുവെന്ന് ദിലീപ് ഘോഷ് പറഞ്ഞു. മോണ്ഡല്‍ മുന്‍പും ഇത്തരം പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്നും കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്നും ഘോഷ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: BJP Leader Says Will Make Bengal Police Lick The Boots