ന്യൂദല്‍ഹി: ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ മുസ്‌ലിം കമ്മീഷണര്‍ പരാമര്‍ശത്തില്‍ പ്രതികരിച്ച് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറേഷി. ചിലര്‍ക്ക് മതപരമായ സ്വത്വങ്ങള്‍ അവരുടെ വിദ്വേഷ രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോവുന്നതിനുള്ള ഒരു പ്രധാന ഘടകമാണെന്ന് ഖുറേഷി പറഞ്ഞു.
ഒരു വ്യക്തിയെ അവരുടെ മതപരമായ സ്വത്വങ്ങളല്ല, മറിച്ച് അവരുടെ കഴിവുകളും സംഭാവനകളും നിര്‍വചിക്കുന്ന ഇന്ത്യ എന്ന ആശയത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ കഴിവും സംഭാവനകളും കൊണ്ട് അടയാളപ്പെടുത്തുകയും നിര്‍വചിക്കുകയും ചെയ്യുന്ന ഇന്ത്യയെയാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ അതിന്റെ ഭരണഘടനാസ്ഥാപനങ്ങള്‍ക്കും തത്വങ്ങള്‍ക്കും വേണ്ടി എപ്പോഴും നിലകൊള്ളുകയും പോരാടുകയും ചെയ്തിട്ടുണ്ടെന്നും മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന കാലയളവില്‍ താന്‍ തന്റെ പരമാവധിയില്‍ നിന്ന് സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും ദീര്‍ഘവും സംതൃപ്തവുമായ കരിയറായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ ഞായറാഴ്ചയാണ് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ഖുറേഷിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. അദ്ദേഹം ഒരു തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നതിലുപരി മുസ്‌ലിം കമ്മീഷണര്‍ ആണെന്നായിരുന്നു പരാമര്‍ശം.
വഖഫ് സ്വത്തുക്കള്‍ തട്ടിയെടുക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഖുറേഷി തന്റെ എക്‌സ്‌പോസ്റ്റില്‍ ഏപ്രില്‍ 17ന് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു നിഷികാന്ത് ദുബെയുടെ വിമര്‍ശനം.
Content Highlight: BJP leader’s Muslim commissioner remark; Former election commissioner says religious identities are part of hate politics for some