പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടന്ന ചാനല്‍ ചര്‍ച്ചയില്‍ സി.പി.ഐ.എം നേതാവ് പി.എം. ആര്‍ഷോയെ കയ്യേറ്റം ചെയ്ത് ബി.ജെ.പി നേതാവ് പ്രശാന്ത് ശിവന്‍. മനോരമയുടെ വോട്ടുകവല എന്ന പരിപാടിയ്ക്കിടെയാണ് ബി.ജെ.പിയുടെ പാലക്കാട് ജില്ലാ അധ്യക്ഷന്‍ കൂടിയായ പ്രശാന്ത് ശിവന്‍ ആര്‍ഷോയെ കയ്യേറ്റം ചെയ്തത്.
പാലക്കാട് നഗരസഭയില്‍ സി.പി.ഐ.എമ്മിന് പത്ത് സീറ്റ് തികച്ച് നേടാന്‍ സാധിക്കില്ലെന്നും ഇനി അഥവാ അങ്ങനെ നേടിയാല്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും പ്രശാന്ത് ശിവന്‍ വെല്ലുവിളിച്ചിരുന്നു.
ഇതിന് മറുപടി പറയാന്‍ തുടങ്ങിയ ആര്‍ഷോയുടെ അവസരത്തിലും പ്രശാന്ത് ശിവന്‍ സംസാരിച്ചുകൊണ്ടിരിരുന്നു. ആര്‍ഷോയെ സംസാരിക്കാന്‍ അനുവദിക്കാതെ ആർഷോയുടെ ഡയസിനരികിലെത്തി കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഇതിന് പിന്നാലെ എല്‍.ഡി.എഫ് പ്രവർത്തകരെത്തി പ്രശാന്ത് ശിവനെ തടയുകയായിരുന്നു.
മലയാള ചാനല്‍ ചര്‍ച്ചാ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പാനലിസ്റ്റ് സഹപാനലിസ്റ്റിനെ കായികപരമായി ആക്രമിക്കുന്നത്.
പ്രശാന്ത് ശിവന്‍ ബി.ജെ.പിയുടെ ജില്ലാ അധ്യക്ഷനാണ്. അദ്ദേഹം പറഞ്ഞ വാക്കുകള്‍ പാലക്കാട് നഗരസഭയിലെ ജനങ്ങള്‍ കേട്ടിട്ടുണ്ട്. ആര്‍.എസ്.എസുകാരുടെയും ബി.ജെ.പികാരുടെയും നിലവാരം എന്താണെന്ന് അവര്‍ വിലയിരുത്തട്ടെ എന്ന ആര്‍ഷോയുടെ വാക്കുകള്‍ക്ക് പിന്നാലെയാണ് പ്രകോപിതനായ പ്രശാന്ത് ശിവന്‍ ആര്‍ഷോയുടെ ഡയസിനരികിലെത്തി ആക്രമിക്കാന്‍ മുതിര്‍ന്നത്.
എന്നാല്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മനോരമ ഇത് ഇരുനേതാക്കളും തമ്മിലുള്ള സംഘര്‍ഷമാക്കിതീര്‍ക്കാനള്ള ശ്രമമാണ് നടത്തിയത്. നേതാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും പിന്നാലെ ഇരു പാര്‍ട്ടി പ്രവര്‍ത്തകരും കയ്യാങ്കളി നടത്തുകയാണെന്നുമാണ് മനോരമയുടെ റിപ്പോര്‍ട്ട്.
ആര്‍ഷോയ്‌ക്കെതിരായ അതിക്രമത്തില്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങളും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. ഇത് ആര്‍.എസ്.എസിന്റെ തെരഞ്ഞെടുപ്പ് തന്ത്രമാണെന്നും അസഹിഷ്ണുതയുടെ അങ്ങേയറ്റത്തെത്തി പ്രകോപനം സൃഷ്ടിക്കുക എന്ന നീക്കമാണ് ബി.ജെ.പി നടത്തുന്നതെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.