ബഫര്‍ സോണ്‍; പിണറായി സര്‍ക്കാര്‍ അഹന്ത അവസാനിപ്പിക്കണം, കിടപ്പാടം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ജനങ്ങളെന്ന് കെ. സുരേന്ദ്രന്‍
Kerala News
ബഫര്‍ സോണ്‍; പിണറായി സര്‍ക്കാര്‍ അഹന്ത അവസാനിപ്പിക്കണം, കിടപ്പാടം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ജനങ്ങളെന്ന് കെ. സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th December 2022, 6:20 pm

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അഹന്ത അവസാനിപ്പിച്ച് ജനങ്ങളുടെ വികാരം മാനിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസ്ഡന്റ് കെ. സുരേന്ദ്രന്‍.

സര്‍ക്കാര്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് പകരം ഉപരിപ്ലവമായി ചിന്തിക്കുന്നതാണ് ബഫര്‍ സോണ്‍ പ്രതിസന്ധിക്ക് കാരണം. ഉപഗ്രഹ സര്‍വേ നടത്തി ഭൂമിയുടെ അതിര് നിശ്ചയിക്കുന്നതിന് പകരം ജനങ്ങളുടെ അവസ്ഥ മനസിലാക്കി നേരിട്ടുള്ള സര്‍വേ നടത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതിയില്‍ നിന്ന് കേരളത്തിലെ കര്‍ഷകര്‍ക്ക് അനുകൂലമായ വിധി നേടിയെടുക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ വലിയ അലംഭാവമാണ് കാണിക്കുന്നത്. മലയോര കര്‍ഷകര്‍ക്കൊപ്പം നില്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ്. പക്ഷെ ജനങ്ങളുടെ ആശങ്ക പരിഹരിക്കപ്പെടണം. കിടപ്പാടം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളുള്ളത്. അവരെ ശത്രുപക്ഷത്ത് നിര്‍ത്തുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ജനവിരുദ്ധനയങ്ങള്‍ പിണറായി സര്‍ക്കാര്‍ പതിവാക്കിയിരിക്കുകയാണ്. സര്‍ക്കാരിന്റെ ജനദ്രോഹ സമീപനത്തിനെതിരെ ബി.ജെ.പി പോരാടുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബഫര്‍ സോണ്‍ വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി.

ഉപഗ്രഹ സര്‍വേയുടെ പിന്നില്‍ ഉണ്ടായിരുന്നത് സദുദ്ദേശം മാത്രം. എന്നാല്‍ എല്ലാ കാര്യങ്ങളും ഉള്‍പ്പെടുന്നില്ലെന്ന് സര്‍ക്കാരിന് തന്നെ ബോധ്യപ്പെട്ടു. ഇതൊരു അന്തിമ രേഖയല്ല. കൂടുതല്‍ വ്യക്തത വേണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഓരോ പ്രദേശത്തെയും പ്രത്യേകത മനസിലാക്കാന്‍ വിദഗ്ദ സമിതിയെ വച്ചു. അതിന്റെ തലപ്പത്ത് ആര്‍ക്കും പരാതിയില്ലാത്ത ജസ്റ്റിസ് തോട്ടത്തിലിനെയാണ് വച്ചത്.നേരത്തെ ഒഴിഞ്ഞു പോയ കാര്യങ്ങള്‍ പൂര്‍ണമായി കണ്ടെത്തും.

ജനവാസ കേന്ദ്രങ്ങളില്‍ ആളുകള്‍ക്ക് സാധാരണ ജീവിതം നയിക്കാനാകണം. കോടതി വിധിയില്‍ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. കേന്ദ്ര സര്‍ക്കാരിന് ആവുന്നത് അവരും ചെയ്യണം.

അതിന്റെ ഭാഗമായ നടപടികള്‍ നടന്നു വരികയാണ്. പരാതികള്‍ രേഖപ്പെടുത്താന്‍ അവസരമുണ്ട്. ഇതിനായി വാര്‍ഡ് അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം നടക്കുന്നു. കുറ്റമറ്റ റിപ്പോര്‍ട്ട് കോടതി മുമ്പാകെ സമര്‍പ്പിക്കും.

ചില പ്രത്യേക നീക്കങ്ങളുടെ ഭാഗമായി ചില കാര്യങ്ങള്‍ നടക്കുന്നു. അതിന് പിന്നില്‍ വ്യക്തമായ ഉദ്ദേശമുണ്ട്. അവരുടെ ഉദ്ദേശമനുസരിച്ചല്ല സര്‍ക്കാര്‍ നീങ്ങുന്നത്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങളുടെ താല്‍പര്യമനുസരിച്ചാണ്,’ മുഖ്യമന്ത്രി പറഞ്ഞു

Content Highlight: BJP Leader K Surendran against Kerala government on Buffer Zone Issue