പാലക്കാട്: തനിക്കെതിരായ പീഡനപരാതി വ്യാജമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാര്‍.
ഇത് സ്വത്തുതര്‍ക്കം മാത്രമാണെന്നും നേരത്തെ പൊലീസ് എഫ്.ഐ.ആര്‍ ഇട്ട് പൊലീസ് അന്വേഷിച്ച് അവസാനിപ്പിച്ച കേസാണ് ഇതെന്നുമായിരുന്നു സി. കൃഷ്ണകുമാര്‍ പറഞ്ഞത്.
പ്രതിപക്ഷ നേതാവും സന്ദീപ് വാര്യരുമൊക്കെ എന്തോ പൊട്ടിക്കും, തേങ്ങ ഉടയ്ക്കുമെന്നൊക്കെ പറഞ്ഞപ്പോള്‍ എന്തോ വലിയ ആറ്റംബോംബ് ആണെന്ന് കരുതിയെന്നും ഇതൊക്കെ 2015ലും 2020ലുമൊക്കെ പൊട്ടിച്ച് പൊട്ടാതെ പോയ നനഞ്ഞ ഓലപ്പടക്കമാണെന്നും സി.കൃഷ്ണകുമാര്‍ പറഞ്ഞു.
‘പ്രതിപക്ഷ നേതാവിന് ഈ വ്യക്തിയെ കുറിച്ച് അറിയില്ലെന്ന് തോന്നുന്നു. അതാണ് ഈ വ്യക്തിയുടെ വാക്ക് കേട്ട് അബദ്ധത്തില്‍ കുഴിയില്‍ വീണത്.
കോടതി തള്ളിക്കളഞ്ഞ കേസാണ് ഇത്. 2010 ല്‍ ഒരു അന്യ മതസ്ഥനായ യുവാവിനെ വിവാഹം കഴിച്ച് എറണാകുളത്ത് താമസമാക്കിയ ആള്‍, 2014ല്‍ എന്റെ ഭാര്യയുടെ പിതാവ് ഡയാലിസിസിന് കോയമ്പത്തൂരില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ വരുന്നു.
അവിടെ അലമാരകള്‍ പരിശോധിക്കുന്നു. അച്ഛന്‍ മൂത്തമകളായ എന്റെ ഭാര്യയ്ക്ക് എഴുതിവെച്ച വില്‍പത്രം കാണുന്നു. അത് കണ്ടതോടെ അക്രമാസക്തയായി എന്റെ വീട്ടില്‍ വന്ന് പ്രശ്‌നമുണ്ടാക്കുന്നു.
അല്‍പ ദിവസത്തിന് ശേഷം അച്ഛന്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ വന്ന ശേഷം അച്ഛനെ ആക്രമിക്കുന്നു. ഇവര്‍ തന്നെ ആശുപത്രിയില്‍ പോയി അഡ്മിറ്റ് ആവുന്നു. അതിന് ശേഷം ആ കേസില്‍ എന്നെ കൂടി ചേര്‍ത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കള്ള പരാതി കൊടുക്കുന്നു.
ഇതൊക്കെ പൊലീസ് കൃത്യമായി അന്വേഷിച്ചു. അച്ഛന്‍ ജഡ്ജിന്റെ ചേമ്പറില്‍ പോയിട്ടാണ് സ്‌റ്റേറ്റ്‌മെന്റ് കൊടുത്തത്. എന്നെ നോക്കുന്നത് എന്റെ മകളും മരുമകനുമാണെന്നും ഇത് കള്ളപ്പരാതിയാണെന്നും അച്ഛന്‍ പറഞ്ഞു. ജഡ്ജ്‌മെന്റില്‍ ഇത് ബോധ്യപ്പെട്ടതിനെ കുറിച്ച് ജഡ്ജ് പറയുന്നുണ്ട്.
2024 ജൂലൈ 24 ന് വന്ന ജഡ്ജ്‌മെന്റില്‍ കൃത്യമായി ഈ വിഷയത്തിലുള്ള എന്റെ നിരപരാധിത്വം പറയുന്നുണ്ട്. കോടതി തള്ളിക്കളഞ്ഞ പരാതിയാണ് ഇത്. അതിനെ സംബന്ധിച്ച് എന്ത് വിവാദമാണ് ഇപ്പോള്‍ ഉണ്ടാക്കുന്നത്,’ കൃഷ്ണകുമാര്‍ പറഞ്ഞു.
Content Highlight: BJP Leader C Krishnakumar about the Complaint