ചെങ്കോട്ടയില്‍ ഉയര്‍ത്തിയത് 'ഖലിസ്ഥാന്‍' പതാകയെന്ന് ഗോപാലകൃഷ്ണന്‍; അവതാരകന്‍ തെളിവ് നിരത്തി വാദം പൊളിച്ചതോടെ ഇറങ്ങിപ്പോക്ക്
Kerala News
ചെങ്കോട്ടയില്‍ ഉയര്‍ത്തിയത് 'ഖലിസ്ഥാന്‍' പതാകയെന്ന് ഗോപാലകൃഷ്ണന്‍; അവതാരകന്‍ തെളിവ് നിരത്തി വാദം പൊളിച്ചതോടെ ഇറങ്ങിപ്പോക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th January 2021, 11:11 am

കോഴിക്കോട്: റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ ഉയര്‍ത്തിയത് ‘ഖലിസ്ഥാന്‍’ പതാകയാണെന്ന് മീഡിയാ വണ്‍ ചര്‍ച്ചയില്‍ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. കഴിഞ്ഞ ദിവസം കര്‍ഷകറാലിയെയും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളെയും സംബന്ധിച്ച് മീഡിയാ വണ്‍ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു സംഭവം.

ചെങ്കോട്ടയില്‍ ഉയര്‍ത്തിയത് ഖലിസ്ഥാന്‍ പതാകയല്ലെന്നും അത് ചെയ്തത് ബി.ജെ.പിയുമായി ബന്ധമുള്ള ദീപ് സിദ്ദുവെന്നും അവതാരകനായ അഭിലാഷ് മോഹനന്‍ ചര്‍ച്ചയില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ദീപ് സിദ്ദുവിന്റെ ചിത്രം തന്റെ കയ്യിലുണ്ടെന്നും അത് ഗോപാലകൃഷ്ണന് വേണമെങ്കില്‍ വാട്ട്‌സ്ആപ്പ് ചെയ്ത് തരാമെന്നും അഭിലാഷ് പറഞ്ഞു.

മോദിക്കൊപ്പം നില്‍ക്കുന്ന ചിത്രം ചര്‍ച്ചയില്‍ ഉയര്‍ത്തിക്കാണിച്ചതിന് പിന്നാലെ വാദങ്ങള്‍ അംഗീകരിക്കാതെ ഗോപാലകൃഷ്ണന്‍ ചര്‍ച്ചയില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു.

ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക മാറ്റിക്കൊണ്ട് ഖലിസ്ഥാന്‍ പതാക ഉയര്‍ത്തിയ അങ്ങേയറ്റത്തെ ദേശദ്രോഹപരമായ തീരുമാനത്തെ താങ്കള്‍ അപലപിക്കാന്‍ തയ്യാറുണ്ടോ എന്നായിരുന്നു ചര്‍ച്ചയിലുടനീളം ഗോപാലകൃഷ്ണന്‍ ചോദിച്ചത്. ചെങ്കോട്ട കീഴടക്കി എന്ന് മാധ്യമങ്ങള്‍ എഴുതിക്കാണിച്ചതിനെ അപലപിക്കാന്‍ തയ്യാറുണ്ടോ എന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു.

എന്നാല്‍ ചെങ്കോട്ട കീഴടക്കി എന്ന് മീഡിയാ വണ്‍ എഴുതിക്കാണിച്ചിട്ടില്ലെന്നും ഗോപാല കൃഷ്ണന്‍ പറഞ്ഞതില്‍ വാസ്തവ വിരുദ്ധമായ രണ്ട് പ്രസ്താവനകള്‍ ഉണ്ടെന്നും തിരുത്തുകയായിരുന്നു അവതാരകനായ അഭിലാഷ് മോഹനന്‍.

‘ഒന്ന് റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ ഉയര്‍ത്തിയ ഇന്ത്യയുടെ ദേശീയ പതാക മാറ്റിയാണ് കര്‍ഷകര്‍ കൊടികള്‍ ഉയര്‍ത്തിയത് എന്ന് പറഞ്ഞത്, രണ്ട് ഉയര്‍ത്തിയത് ഖലിസ്ഥാന്‍ പതാകയാണെന്ന വാദം. ഇത് രണ്ടും വസ്തുതാവിരുദ്ധമാണ്. ഇന്ത്യയുടെ ദേശീയ പതാക ചെങ്കോട്ടയില്‍ ഇന്ന് മുഴുവന്‍ പാറിയിരുന്നു. ആ ചെങ്കോട്ടയില്‍ പാറിയ ദേശീയ പതാക മാറ്റിയിട്ടില്ല. ആ പതാകയ്ക്ക് യാതൊരു കുഴപ്പവും വരുത്തിയിട്ടില്ല,’ അഭിലാഷ് മോഹനന്‍ പറഞ്ഞു.

ഖലിസ്ഥാന്‍ പതാക ചതുരാകൃതിയിലാണ്. ചെങ്കോട്ടയില്‍ ഉയര്‍ത്തിയത് നിഷാന്‍ സാഹിബ് എന്ന സിഖ് മത വിഭാഗത്തിന്റെ ത്രികോണാകൃതിയിലുള്ള പതാകയാണ്. ഗുരുദ്വാരകള്‍ മുതല്‍ ഇങ്ങോട്ട് ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായ സിഖ് റെജിമെന്റ് വരെ ഉയര്‍ത്തുന്ന അവരുടെ വിശുദ്ധ പതാകയാണ്. അത് ഖലിസ്ഥാന്‍ പതാകയല്ലെന്നും അഭിലാഷ് പറഞ്ഞു.

എന്നാല്‍ ദേശീയ ചാനലായ ടൈംസ് നൗ ഖലിസ്ഥാന്‍ പതാകയാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാദം. ടൈംസ് നൗവും ന്യൂസ് 18നും ഈ വാര്‍ത്തകള്‍ നല്‍കി കൊണ്ടിരിക്കുകയാണെന്നും തന്റെ കയ്യില്‍ ദൃശ്യങ്ങളുണ്ടെന്നുമായിരുന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

ആ വാര്‍ത്ത തെറ്റാണെന്ന് മറ്റു പ്രമുഖ ദേശീയ വാര്‍ത്താ പോര്‍ട്ടലുകളും തെളിവുകളോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അഭിലാഷ് മോഹനന്‍ തിരുത്തി.

ഈ സമയം നിങ്ങളെ പോലെ ദേശദ്രോഹത്തിന് കൂട്ടുനില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരാണ് ഖലിസ്ഥാന്റെ കൊടിയല്ലെന്ന് പറയുന്നതെന്നും കറുത്ത ചിഹ്നമുള്ളത് സിഖ് പതാകയല്ലെന്നുമാണ് ഗോപാലകൃഷ്ണന്‍ വാദിച്ചത്.

ചെങ്കോട്ടയില്‍ ഉയര്‍ത്തിയ പതാക, ആര്‍മി ഗാല്‍വാനിലും ഉയര്‍ത്തിയിട്ടുണ്ട്. ആ ചിത്രവും നിങ്ങള്‍ക്ക് ലഭിക്കുമെന്നും അഭിലാഷ് മോഹനന്‍ പറഞ്ഞു.

എന്നാല്‍ ചെങ്കോട്ടയില്‍ ഉയര്‍ത്തിയത് ഖലിസ്ഥാന്‍ പതാകയാണെന്ന് ആവര്‍ത്തിച്ച ഗോപാലകൃഷ്ണന്‍ ബിന്ദ്രന്‍ വാലയുടെ ചിത്രവുമായി വന്ന ട്രാക്ടറില്‍ നിന്നും ഇറങ്ങിയ ആളുകളാണ് പതാക ഉയര്‍ത്തിയതെന്നും പറഞ്ഞു.

ആള്‍ ഇന്ത്യാ കിസാന്‍ സഭയുടെയോ, ഭാരതീയ കിസാന്‍ യൂണിയന്റെയോ പ്രതിനിധികളല്ല, നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദുവെന്നായാളുടെ ഗ്രൂപ്പാണ് ബിന്ദ്രന്‍ വാലയുടെ ചിത്രമുപയോഗിച്ചതെന്നും അഭിലാഷ് ഗോപാലകൃഷ്ണനെ തിരുത്തി. ദീപ് സിദ്ദുവാണ് ചെങ്കോട്ടയില്‍ കയറി പതാക ഉയര്‍ത്തിയത്. 2019ല്‍ ബി.ജെ.പിയുടെ സണ്ണി ഡിയോളിന് വേണ്ടി പ്രചരണത്തിനിറങ്ങിയ ആളാണ് ദീപ് സിദ്ദുവെന്നും അഭിലാഷ് പറഞ്ഞു.

വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ തിരുത്തുകയാണെന്ന് പറഞ്ഞ അഭിലാഷിനോട് അവതാരകന്‍ തന്നോട് മര്യാദകേട് കാണിക്കുകയാണെന്നായിരുന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

ചെങ്കോട്ടയുടെ മുകളില്‍ കയറി ഖലിസ്ഥാന്റെ പതാക ഉയര്‍ത്തിയതിനെ മീഡിയാ വണും താങ്കളും അപലപിക്കുന്നുണ്ടോ എന്നായിരുന്നു ഗോപാലകൃഷ്ണന്റെ ചോദ്യം.

ചെങ്കോട്ടയില്‍ ഉയര്‍ത്തിയത് ഖലിസ്ഥാന്‍ പതാകയല്ലെന്നും ഖലിസ്ഥാന്റെ പതാക ഉയര്‍ത്തിയാല്‍ അപലപിക്കുമെന്നാണ് അഭിലാഷ് മോഹനനന്‍ പറഞ്ഞത്.

എന്നാല്‍ തന്റെ കയ്യില്‍ വീഡിയോ ഉണ്ടെന്നും അത് ഖലിസ്ഥാന്‍ പതാകയാണെന്നുമുള്ള വാദത്തില്‍ ഉറച്ച് നിന്ന ഗോപാലകൃഷ്ണന്‍ അപലപിക്കാത്ത പക്ഷം ചര്‍ച്ചയില്‍ നിന്ന് പന്‍മാറുമെന്ന് അറിയിക്കുകയായിരുന്നു.

ഇതൊരു തീവ്ര ഗ്രൂപ്പാണെന്നും അവര്‍ക്ക് നിങ്ങളുമായാണ് ബന്ധമെന്നും അഭിലാഷ് മോഹനന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടേയോ സോണിയാ ഗാന്ധിയുടെയോ സീതാറാം യെച്ചൂരിയുടെയോ ഒപ്പം നില്‍ക്കുന്ന ചിത്രമല്ല, മോദിയുടെ കൂടെ നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുതെന്ന് പറഞ്ഞ അഭിലാഷ് മോഹനന്‍ തന്റെ ഫോണ്‍ ഉയര്‍ത്തി ചര്‍ച്ചയില്‍ ആ ചിത്രം കാണിച്ചു കൊടുക്കുകയും ചെയ്തു.

ചെങ്കോട്ടയില്‍ ഈ തോന്നിവാസം കാണിച്ചയാളുടെ അഭിമുഖം ട്രിബ്യൂണ്‍ പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അഭിലാഷ് ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇയാള്‍ കര്‍ഷക റാലിയില്‍ വന്നവനാണെന്നായിരുന്നു ഗോപാലകൃഷ്ണന്റെ അടുത്ത വാദം.

കര്‍ഷക സമരത്തെ പൊളിക്കാന്‍ അങ്ങനെ പലരെയും ഇറക്കുമെന്നാണ് അഭിലാഷ് മറുപടി പറഞ്ഞത്.

തനിക്ക് രാജ്യം കഴിഞ്ഞിട്ടേ കര്‍ഷകരും മറ്റുമാരുമുള്ളു എന്നും പതാക ഉയര്‍ത്തിയത് ബി.ജെ.പിക്കാരനാണെന്ന് പറയുന്ന തരം വേഷം കെട്ട് തന്നോട് വേണ്ടെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ബി.ജെ.പിക്കാരുടെ രാജ്യസ്‌നേഹത്തെക്കുറിച്ചൊക്കെ പറയാന്‍ പോയാല്‍ ഈ ചര്‍ച്ച മതിയാകില്ലെന്നായിരുന്നു അതിന് അഭിലാഷ് നല്‍കിയ മറുപടി.

ചെങ്കോട്ടയില്‍ ഉയര്‍ത്തിയത് ഖലിസ്ഥാന്‍ പതാകയല്ലെന്നും ത്രിവര്‍ണ പതാക മാറ്റിയിട്ടില്ലെന്നും ഉയര്‍ത്തിയത് നിഷാന്‍ സാഹിബ് എന്ന സിഖ് പതാകയാണെന്നും അത് ചെയ്തത് സണ്ണി ഡിയോളിന് വേണ്ടി പ്രചാരണം നടത്തിയ ദീപ് സിദ്ദുവാണെന്നും അഭിലാഷ് ആവര്‍ത്തിച്ചു. അപലപിക്കാനോ തര്‍ക്കിക്കാനോ അല്ല വസ്തുതകള്‍ പറയാനാണ് താന്‍ ഇവിടെ ഇരിക്കുന്നതെന്നും അഭിലാഷ് പറഞ്ഞു.

എന്നാല്‍ റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഭവത്തില്‍ അപലപിക്കാതെ ചര്‍ച്ചയില്‍ തുടരുന്ന പ്രശ്‌നമില്ലെന്ന് പറഞ്ഞ ഗോപാലകൃഷ്ണന്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു.

റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ പ്രവേശിച്ച കര്‍ഷകര്‍ക്കിടയില്‍ നിന്നാണ് ദീപ് സിദ്ദുവിന്റെ സംഘത്തിലുള്‍പ്പെട്ടയാള്‍  ചെങ്കോട്ടയില്‍ കയറി നിഷാന്‍ സാഹിബിന്റെ പതാക ഉയര്‍ത്തിയത്. ഇത് ഖലിസ്ഥാന്‍ പതാകയെന്ന തരത്തില്‍ വലിയ രീതിയിലുള്ള പ്രചരണങ്ങളായിരുന്നു തുടക്കത്തില്‍ ഉയര്‍ന്നത്. എന്നാല്‍ പിന്നീട് അത് ഖലിസ്ഥാന്‍ പതാകയല്ലെന്ന് ദേശീയ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP Leader B Gopalakrishnan got reply by Abhilash Mohanan on the debate from Media One On Khalistan Mark