യുവതിയെ ലൈംഗികമായി ആക്രമിച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍; ആക്രമണം നടന്നത് മോദിയുടെ മണ്ഡലത്തില്‍
Crime
യുവതിയെ ലൈംഗികമായി ആക്രമിച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍; ആക്രമണം നടന്നത് മോദിയുടെ മണ്ഡലത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th July 2019, 10:58 am

വാരാണസി: വാരാണസിയില്‍ യുവതിയെ ലൈംഗികമായി ആക്രമിച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍. ഭഡോഹി ജില്ലാ യൂണിറ്റ് ബി.ജെ.പി പ്രസിഡന്റായിരുന്ന കനയ്യലാല്‍ മിശ്രയാണ് അറസ്റ്റിലായത്.

ഒരു ജോലിയുടെ കാര്യം ചര്‍ച്ച ചെയ്യാനായി ഒരു വനിതാ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ കാണാനെന്നു പറഞ്ഞ് മിശ്ര 32 കാരിയായ യുവതിയെ ഇംഗ്ലീഷിയ ലൈനിലെ ലോഡ്ജില്‍ വിളിച്ചുവരുത്തുകയായിരുന്നു. മിശ്രയുമായി പരിചയമുണ്ടായിരുന്ന, ഒന്നുരണ്ടുമാസമായി ഫോണില്‍ ബന്ധമുണ്ടായിരുന്ന യുവതി ലോഡ്ജിലേക്ക് വരാമെന്ന് സമ്മതിക്കുകയായിരുന്നു.

ലോഡ്ജ് മുറിയിലേക്ക് പ്രവേശിച്ചയുടനെ മിശ്ര തന്നെ ലൈംഗികമായി ആക്രമിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ‘യുവതി എതിര്‍ക്കുകയും ബഹളം വെയ്ക്കുകയും ചെയ്തതോടെ മിശ്രയുടെ മുറിയ്ക്ക് പുറത്തുളളവരും ഇതറിഞ്ഞു. യുവതി എമര്‍ജന്‍സി പൊലീസ് സംവിധാനങ്ങളിലേക്ക് വിളിക്കുകയും മറ്റുള്ളവര്‍ സിഗ്ര പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.’ പൊലീസ് ഓഫീസര്‍ പറയുന്നു.

പൊലീസ് സ്ഥലത്തെത്തുകയും മിശ്രയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. യുവതിയെ ലൈംഗികമായി ആക്രമിച്ചതിന് മിശ്രയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.