മുംബൈ: മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ നന്ദേഡിലെ ലോഹ മുന്‍സിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതാവും അഞ്ച് ബന്ധുക്കളും പരാജയപ്പെട്ട സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്.
ലോഹ മുന്‍സിപ്പാലിറ്റിയിലെ വിവിധ വാര്‍ഡുകളില്‍ മത്സരിച്ച ബി.ജെ.പി നേതാവ് ഗജാനന്‍ സൂര്യവംശി, പങ്കാളി ഗോദാവരി സൂര്യവംശി, ഭാര്യാ സഹോദരന്‍ വാഗ്മറെ, സഹോദരന്‍ സച്ചിന്‍ സൂര്യവംശി, അദ്ദേഹത്തിന്റെ ഭാര്യ സുപ്രിയ സൂര്യവംശി, അനന്തരവന്റെ ഭാര്യ റീന വ്യവഹരെ തുടങ്ങിയവരാണ് ലോഹയില്‍ തെരഞ്ഞെടുപ്പ് കളത്തിലിറങ്ങിയത്.
ഗജാനനന്‍ സൂര്യവംശി ബി.ജെ.പിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയുമായിരുന്നു. എന്നാല്‍, ആറ് പേരെയും ജനങ്ങള്‍ പരാജയപ്പെടുത്തി.
ലോഹയില്‍ കോണ്‍ഗ്രസ്, ബി.ജെ.പി, എന്‍.സി.പി-അജിത് പവാര്‍ വിഭാഗം തുടങ്ങിയ മൂന്ന് പാര്‍ട്ടികളും തമ്മില്‍ ത്രികോണ മത്സരമാണ് നടന്നത്. മുന്‍സിപ്പല്‍ കൗണ്‍സില്‍ സ്ഥാനത്തേക്ക് എന്‍.സി.പി- അജിത് പവാര്‍ വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന ശരത് പവാറാണ് വിജയിച്ചത്.
അതേസമയം, ബി.ജെ.പി നേതാവിന്റെയും കുടുംബാംഗങ്ങളുടെയും പരാജയത്തിന്റെ ഉത്തരവാദിത്തം ലോഹയില്‍ ബി.ജെ.പിക്കായി തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ച മുന്‍മുഖ്യമന്ത്രി അശോക് ചവാനാണെന്നാണ് ഉയരുന്ന വിമര്‍ശനം.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഭൂരിഭാഗവും രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെട്ടതിനെ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാടി വിമര്‍ശിച്ചിരുന്നു.