ന്യൂനപക്ഷ വോട്ട്; 'നന്ദി മോദി' ക്യാമ്പയിനുമായി ബി.ജെ.പി
Kerala News
ന്യൂനപക്ഷ വോട്ട്; 'നന്ദി മോദി' ക്യാമ്പയിനുമായി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th March 2023, 10:11 am

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി പാര്‍ട്ടി പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുമായി ബി.ജെ.പി കേരള ഘടകം. ഇതിനായി സംസ്ഥാന വ്യാപകമായി ‘നന്ദി മോദി’ ക്യാമ്പയിന്‍ സംഘടിപ്പിക്കാനാണ് ബി.ജെ.പി ആലോചിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കലും ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കലുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ബി.ജെ.പി പ്രദേശിക നേതാവ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇതിനായി മുദ്ര ലോണിന്റെയും വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെയും സൗജന്യ റേഷന്‍ സംവിധാനത്തിന്റെയും ഗുണഭോക്താക്കളെ പങ്കെടുപ്പിച്ച് കൊണ്ട് നരേന്ദ്ര മോദിക്ക് നന്ദിയര്‍പ്പിക്കുന്ന പോസ്റ്ററുകള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

‘2014ല്‍ മോദി അധികാരത്തില്‍ എത്തിയതിന് ശേഷം കേരളത്തില്‍ ബി.ജെ.പിക്ക് ശക്തമായ സ്വാധീനം ചെലുത്താനായിട്ടുണ്ട്. 2019 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരെ ഇടതു-വലത് സഖ്യം നടത്തിയ ദുഷ്പ്രചരണങ്ങളാണ് ബി.ജെ.പിയെ തോല്‍വിയിലേക്ക് നയിച്ചത്. എങ്കിലും ഇക്കാലയളവില്‍ മോദിയുടെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. മോദിയുടെ ജനതാല്‍പര്യം പാര്‍ട്ടിക്ക അനുകൂലമാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,’ നേതാവ് പറഞ്ഞു.

ന്യൂനപക്ഷങ്ങളെ പരിഗണിക്കാത്ത പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന ആരോപണം തെറ്റാണെന്നും കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പോലെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനല്ല പാര്‍ട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

‘മോദി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്ന ആരോപണമൊക്കെ കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്. യാതൊരു വിവേചനവുമില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങള്‍ക്കിടയില്‍ ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. സി.പി.ഐ.എമ്മിനെപ്പോലെ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയല്ല ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് ‘സ്‌നേഹ സംവാദമെന്ന’ പേരില്‍ ക്രിസ്ത്യന്‍ ഗൃഹസന്ദര്‍ശന പരാപാടികള്‍ ബി.ജെ.പി ആസൂത്രണം ചെയ്തിരുന്നു. ഹൈദരബാദില്‍ വെച്ച് നടത്തിയ പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരമാണ് അത്തരമൊരു പദ്ധതിക്ക് കേരള ഘടകം മുന്‍കയ്യെടുത്തത്.

ഈ വര്‍ഷവും ഏപ്രിലില്‍ ഈസ്റ്ററിനോടനുബന്ധിച്ച് സമാന പരിപാടികള്‍ പാര്‍ട്ടി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതേ പോലെ വിഷുവിനും പെരുന്നാളിനും മുസ്‌ലിം വീടുകളും ഹിന്ദു വീടുകളും സന്ദര്‍ശിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

Content Highlight: bjp kerala plan nanni modi campaign