തലയിൽ മുണ്ടിട്ടല്ല മതനേതാക്കളെ കാണാൻ പോയത് അതിൽ ഇത്ര അസഹിഷ്ണുത എന്തിന്; തലശേരി ആർച്ച് ബിഷപ്പുമായുള്ള കൂടിക്കാഴ്ചയിൽ വിശദീകരണവുമായി ബി.ജെ.പി
Kerala News
തലയിൽ മുണ്ടിട്ടല്ല മതനേതാക്കളെ കാണാൻ പോയത് അതിൽ ഇത്ര അസഹിഷ്ണുത എന്തിന്; തലശേരി ആർച്ച് ബിഷപ്പുമായുള്ള കൂടിക്കാഴ്ചയിൽ വിശദീകരണവുമായി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st March 2023, 12:43 pm

കണ്ണൂർ: തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അസാധാരണമായി ഒന്നുമില്ലെന്ന് ബി.ജെ.പി കണ്ണൂർ ജില്ലാ നേതൃത്വം. അദ്ദേഹം പൊതുപ്രവർത്തകനാണെന്നും അതിനാലാണ് കൂടിക്കാഴ്ച നടത്തിയതെന്നും ബി.ജെ.പി കണ്ണൂർ പ്രസിഡൻ്റ് എൻ. ഹരിദാസ് പറഞ്ഞു.

ന്യൂനപക്ഷ കൺവെൻഷൻ വിജയിപ്പിക്കാൻ പിന്തുണ നൽകണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സി.പി.ഐ.എം വെപ്രാളപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങൾ മതമേലധ്യക്ഷന്മാരെ കേവലം ആദ്യമായല്ല കാണുന്നത്. നേരത്തെ ഞങ്ങൾ എല്ലാവരേയും കാണാറുണ്ടായിരുന്നു. തലയിൽ മുണ്ടിട്ടല്ല ഞങ്ങൾ അവരെ കാണാൻ പോയത്. കേന്ദ്രാധിഷ്ഠിത പദ്ധതിയെ ന്യൂനപക്ഷങ്ങൾക്കിടയിൽ എത്തിക്കുന്നതിന് വേണ്ടി അവരിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി നടക്കുന്ന കൺവെൻഷനിൽ പങ്കെടുപ്പിക്കാനും അതിൽ സഹായമഭ്യർത്ഥിച്ചുമാണ് പോയത്,’ എൻ ഹരിദാസ് പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെ ശനിയാഴ്ച ആലക്കോട്ട് നടന്ന കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപതയുടെ കർഷക റാലി ഉദ്ഘാടനം ചെയ്യവെ കേന്ദ്ര സർക്കാർ റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ കേരളത്തിൽ ഒരു എം.പിയില്ലെന്ന ബി.ജെ.പിയുടെ വിഷമം കുടിയേറ്റ ജനത മാറ്റിത്തരുമെന്ന് പാംപ്ലാനി പറഞ്ഞിരുന്നു.

പരാമർശം വിവാദമായെങ്കിലും പറഞ്ഞ വാക്കിൽ നിന്ന് അണുവിട പിന്നേട്ടില്ലെന്ന് ബിഷപ്പ് വ്യക്തമാക്കി. കർഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് പറയുമ്പോൾ ഗോഷ്ടി കാണിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞ വാക്കിൽ നിന്ന് അണുവിട പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ പ്രസ്താവന രാഷ്ട്രീയപക്ഷത്തെയോ മതപക്ഷത്തെയോ കൂട്ടുപിടിച്ചല്ലെന്നും മറിച്ച് കർഷകപക്ഷത്തോട് ചേർന്ന് നിൽക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ നയം മാറ്റുന്നവരല്ല കത്തോലിക്കാസഭ. ബി.ജെ.പി ചെയ്ത അന്യായങ്ങളെയും അതിക്രമങ്ങളെയും ന്യായീകരിക്കാൻ തങ്ങൾക്ക് താത്പര്യമില്ലെന്നും മലയോര കർഷകരുടെ അതിജീവനമാണ് തങ്ങളുടെ ലക്ഷ്യമെന്നും മാർ ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു.

‘ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ഒരു വിഷയം മുന്നിലേക്ക് കിട്ടുമ്പോൾ ബി.ജെ.പി പല തരത്തിലുള്ള ശ്രമങ്ങൾ നടത്തും. അവർ വെക്കുന്ന കല്ലിൽ തേങ്ങ എറിയാനോ അവർ ചെയ്ത അന്യായങ്ങളെയോ അതിക്രമങ്ങളെയോ ന്യായീകരിക്കാനോ ഞങ്ങൾക്ക് ഉദ്ദേശമില്ല. രാഷ്ട്രീയ നേതാക്കൾക്ക് പക്വതയും കാര്യങ്ങൾ മനസിലാക്കി പ്രതികരിക്കാനും തങ്ങളുടെ പ്രതികരണം ഉണ്ടാക്കാൻ പോകുന്ന ഭവിഷ്യത്തുകളെ കുറിച്ച് തിരിച്ചറിയാനുള്ള പക്വതയും ഉണ്ടായിരിക്കണം. അല്ലാതെ ഇപ്പോൾ ബി.ജെ.പിക്കാർ മുതലെടുക്കുന്നു എന്ന് പറഞ്ഞ് നിലവിളിച്ചിട്ട് കാര്യമില്ല,’ പാംപ്ലാനി പറഞ്ഞു.

Content Highlight: BJP Kannur president reacts to row over his meeting with mar joseph pamplany