ബി.ജെ.പി ടെന്റിനുള്ളിലെ ഒട്ടകം; ഒപ്പമുള്ള സഖ്യകക്ഷികൾ പ്രത്യയശാസ്ത്രങ്ങളിൽ ഉറച്ചുനിൽക്കാത്ത അവസരവാദികൾ: കപിൽ സിബൽ
national news
ബി.ജെ.പി ടെന്റിനുള്ളിലെ ഒട്ടകം; ഒപ്പമുള്ള സഖ്യകക്ഷികൾ പ്രത്യയശാസ്ത്രങ്ങളിൽ ഉറച്ചുനിൽക്കാത്ത അവസരവാദികൾ: കപിൽ സിബൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th September 2023, 12:24 pm

ന്യൂദൽഹി: എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചതിന് പിന്നാലെ ബി.ജെ.പിക്കെതിരെ പ്രഹരവുമായി രാജ്യസഭാ എം.പി കപിൽ സിബൽ. ടെന്റിനകത്തെ ഒട്ടകത്തെ പോലെയാണ് ബി.ജെ.പിയെന്നും പ്രത്യയശാസ്ത്രങ്ങളിൽ ഉറച്ചുനിൽക്കാത്ത അവസരവാദികളാണ് ബി.ജെ.പി സഖ്യത്തിൽ ഇനിയും തുടരുന്നതെന്നും എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം ആരോപിച്ചു.

‘എ.ഐ.എ.ഡി.എം.കെ ബി.ജെ.പി വിട്ടിരിക്കുന്നു. മറ്റൊരു പാർട്ടി കൂടി അവരുടെ മുന്നണി വിട്ട് പുറത്ത് പോയി! ഇനിയും അവർക്കൊപ്പം തുടരുന്നവർ പ്രത്യയശാസ്ത്രങ്ങളിൽ ഉറച്ചുനിൽക്കാത്ത അവസരവാദികളാണ്. മഹാരാഷ്ട്രയിലെ പവാറും ഷിൻഡെയും, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സഖ്യങ്ങളും അങ്ങനെയാണ്. ടെന്റിനുള്ളിലെ ഒട്ടകത്തെ പോലെയാണ് ബി.ജെ.പി,’ കപിൽ സിബൽ പറഞ്ഞു.

തിങ്കളാഴ്ച എ.ഐ.എ.ഡി.എം.കെയുടെ പാർട്ടി ആസ്ഥാനത്ത് വെച്ച് നടന്ന യോഗത്തിന് ശേഷം എൻ.ഡി.എയുമായുള്ള സഖ്യം അവസാനിപ്പിക്കുകയാണെന്ന് എ.ഐ.എ.ഡി.എം.കെ പ്രഖ്യാപിച്ചിരുന്നു. പാർട്ടിയുടെ മുൻ നേതാക്കളെ കുറിച്ച് അനാവശ്യ പരാമർശങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ചാണ് മുന്നണി വിട്ടത്.

ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ, ദ്രാവിഡ നേതാവ് സി.എൻ. അണ്ണാദുരൈയെ കുറിച്ച് നടത്തിയ പരാമർശത്തിൽ അദ്ദേഹം മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം അദ്ദേഹത്തെ ചുമതലകളിൽ നിന്ന് നീക്കണമെന്നും എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി ദേശീയനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

ഹൈന്ദവ വിശ്വാസത്തിനെതിരെ അണ്ണാദുരൈ സംസാരിച്ചിരുന്നു എന്നായിരുന്നു അണ്ണാമലൈയുടെ വിവാദ പരാമർശം. എന്നാൽ വിവാദ പരാമർശത്തിൽ മാപ്പ് പറയാൻ അണ്ണാമലൈ വിസമ്മതിച്ചു. അണ്ണാദുരൈയെ കുറിച്ച് താൻ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും 1956ലെ ഒരു സംഭവം ഓർമിപ്പിക്കുക മാത്രമാണ് ചെയ്തത് എന്നും പറഞ്ഞു.

മുന്നണി വിടാനുള്ള എ.ഐ.എ.ഡി.എം.കെയുടെ തീരുമാനം പുനപരിശോധിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെടില്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

യു.പി.എ സർക്കാരിന്റെ കാലത്ത് കേന്ദ്ര മന്ത്രി ആയിരുന്ന കപിൽ സിബൽ കഴിഞ്ഞ വർഷം മേയ് മാസത്തിൽ കോൺഗ്രസ്‌ വിട്ടിരുന്നു. പിന്നീട് സമാജ് വാദി പാർട്ടിയുടെ പിന്തുണയോടെ രാജ്യസഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു.

Content Highlight: BJP is like Camel in a tent and alliances are opportunists with no ideological glue, says Kapil Sibal after AIADMK walks out of NDA