'ബി.ജെ.പിക്ക് അധികാരമാണ് മെയ്ന്‍, പ്രധാനമന്ത്രി രാജ്യത്തെ പ്രതിസന്ധികള്‍ക്ക് മുമ്പില്‍ കണ്ണടയ്ക്കുകയാണ്': കോണ്‍ഗ്രസ് വക്താവ് ഗൗരവ് ഗൊഗോയ്
national news
'ബി.ജെ.പിക്ക് അധികാരമാണ് മെയ്ന്‍, പ്രധാനമന്ത്രി രാജ്യത്തെ പ്രതിസന്ധികള്‍ക്ക് മുമ്പില്‍ കണ്ണടയ്ക്കുകയാണ്': കോണ്‍ഗ്രസ് വക്താവ് ഗൗരവ് ഗൊഗോയ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd June 2022, 7:52 pm

ന്യൂദല്‍ഹി: ബി.ജെ.പി നിരന്തരമായി രാജ്യത്ത് അസ്ഥിരതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് ഗൊഗോയ്.

ജോലിയില്ലാതെ യുവാക്കള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയും, കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുകയും, വെള്ളപ്പൊക്കത്തില്‍ വിവിധ പ്രദേശങ്ങള്‍ കഷ്ടപ്പെടുകയും കര്‍ഷകര്‍ പ്രയാസപ്പെടുകയും ചെയ്യുമ്പോഴും ബി.ജെ.പിക്ക് അധികാരം തന്നെയാണ് മുഖ്യലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതുകൊണ്ടാണ് രാജ്യം വികസനത്തിന്റേയും സമൃദ്ധിയുടേയും പാതയില്‍ നിന്ന് തെന്നിമാറിയതെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു.

‘ബി.ജെ.പി ജനങ്ങളുടെ പ്രയാസങ്ങളുടെ മുമ്പില്‍ കണ്ണടയ്ക്കുകയാണ്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടിടത്ത് ബി.ജെ.പി അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്,’ ഗൊഗോയ് പറഞ്ഞു.

12 പേരാണ് അസമിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ഏകദേശം 54.5ലക്ഷം പേര്‍ ദുരിതബാധിതരായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 101 പേരാണ് വെള്ളപ്പൊക്കത്തില്‍ മരണപ്പെട്ടിട്ടുള്ളത്.

‘സാധാരണ ഗതിയില്‍ എവിടെയെങ്കിലും ഒരു പ്രകൃതി ദുരന്തം സംഭവിച്ചാല്‍ ആ രാജ്യത്തെ പ്രധാനമന്ത്രി ദുരിതബാധിത മേഖല സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും.

പക്ഷേ നമ്മുടെ രാജ്യത്ത് അധികാരക്കൊതിയില്‍ പ്രധാനമന്ത്രിക്ക് ഇതിനൊന്നും സമയമില്ല. പ്രധാനമന്ത്രി ഒന്നുകില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ക്യാമ്പെയിനിങിന് ഇറങ്ങിക്കാണും, അതല്ലെങ്കില്‍ ഏതെങ്കിലും സംസ്ഥാനത്തെ സുസ്ഥിരമായ ഭരണകൂടത്തെ തകര്‍ക്കാനുള്ള പ്രയത്‌നങ്ങളിലാകും,’ ഗൊഗോയ് പറഞ്ഞു.

Content Highlight: BJP is blind towards the pain of people in India says Gaurav Gogoi