2016ല്‍ പതിനാലാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഏവരും ഉറ്റുനോക്കിയത് തലസ്ഥാന ജില്ലയിലെ നേമം നിയോജക മണ്ഡലത്തിലേക്കായിരുന്നു. അതുവരെ കേരളത്തിലെ മറ്റേതൊരു മണ്ഡലത്തെയും പോലെ എല്‍.ഡി.എഫിനോ യു.ഡി.എഫിനോ പിന്തുണ നല്കിയ മണ്ഡലം ബി.ജെ.പിയ്ക്ക് അനുകൂലമായി ജനവിധിയെഴുതിയതാണ് ചര്‍ച്ചകള്‍ ചൂടുപിടിക്കാന്‍ കാരണമായത്.
മുന്‍കാലങ്ങളിലെ അനേകം തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി തുടരെ തുടരെ പരാജയമേറ്റുവാങ്ങിയ ഒ. രാജഗോപാല്‍ നേമം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയതോടെ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ നേമം മണ്ഡലത്തില്‍ രൂപപ്പെടുകയായിരുന്നു. 2016ല്‍ ബി.ജെ.പി കേരളത്തിലാദ്യമായി അക്കൗണ്ട് തുറന്ന മണ്ഡലമെന്ന ഖ്യാതി നേമത്തെ തേടിയെത്തി.
2016 ലേറ്റ തിരിച്ചടിയെ പ്രതിരോധിക്കാന്‍ ശക്തമായ പ്രചാരണ തന്ത്രങ്ങളുമായി എല്‍.ഡി.എഫും യു.ഡി.എഫും രംഗത്തെത്തിയതോടെ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് കടുത്ത മത്സരം നടക്കുമെന്നുറപ്പായിരിക്കുകയാണ്. ഒ. രാജഗോപാലിന് പകരം ബി.ജെ.പി ഇത്തവണ നിര്‍ത്തുന്നത് മുന്‍ മിസോറാം ഗവര്‍ണറായ കുമ്മനം രാജശേഖരനെയാണ്. കോണ്‍ഗ്രസും ഒട്ടു പിന്നിലല്ല. ഒ. രാജഗോപാലിന്റെ തന്നെ ഭാഷയില്‍ ‘ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള’ കെ.മുരളീധരനെയാണ് യു.ഡി.എഫ് നേമത്തെക്കായി പരിഗണിച്ചിരിക്കുന്നത്. 2011 ല്‍ നേമത്ത് വിജയിച്ച വി.ശിവന്‍കുട്ടിയാണ് ഇത്തവണ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുന്നത്.
എല്‍.ഡി.എഫും യുഡിഎഫും ഒരുപോലെ ഭരിച്ച നേമം
1957ലാണ് നേമം നിയോജക മണ്ഡലം രൂപീകരിക്കുന്നത്. എല്‍.ഡി.എഫിനും യു.ഡി.എഫിനും എല്ലാ കാലത്തും കാര്യമായ സ്വാധീനമുണ്ടായിരുന്ന മണ്ഡലം കൂടിയാണ് നേമം. 1957ലെ തെരഞ്ഞെടുപ്പില്‍ സി.പി.ഐയിലെ എ.സദാശിവനാണ് നേമത്ത് വിജയിച്ചത്. പിന്നീട് 1960ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പി.എസ്.പി സ്ഥാനാര്‍ത്ഥി പി. വിശ്വംഭരന് നേമത്ത് വിജയം കൈവരിച്ചു. 1965, 67 ലും സി.പി.ഐ.എം സ്ഥാനാര്‍ത്ഥി എം. സദാശിവന് നേമം നിലനിര്‍ത്തി.
പിന്നീട് 77ല്‍ എസ്.വരദരാജന് നായരിലൂടെ നേമം മണ്ഡലം കോണ്‍ഗ്രസ് തിരിച്ചുപിടിക്കുകയായിരുന്നു. 1980 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇ.രമേശന് നായര്‍ മണ്ഡലം നിലനിര്‍ത്തുകയും ചെയ്തു.
1982ല്‍ തന്റെ സ്ഥിരം മണ്ഡലമായ മാളയ്ക്ക് പുറമെ കെ.കരുണാകരന് മത്സരിക്കാന്‍ തെരഞ്ഞെടുത്ത മണ്ഡലമെന്ന നിലയില്‍ നേമം ശ്രദ്ധനേടിയിരുന്നു. അന്നത്തെ തെരഞ്ഞെടുപ്പില്‍ 36007 വോട്ടുകള്‍ നേടി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി ഫക്കീര്‍ ഖാനെ തോല്‍പ്പിച്ച് കരുണാകരന് വിജയിക്കുകയും ചെയ്തു. ബി.ജെ.പിയ്ക്ക് അന്ന് ലഭിച്ചത് 1622 വോട്ടുകള്‍ മാത്രമായിരുന്നു.
1987, 91 കാലഘട്ടത്തില്‍ സി.പി.ഐ.എമ്മിന്റെ വി.ജെ തങ്കപ്പനാണ് നേമത്തെ എല്‍.ഡി.എഫിലേക്ക് തിരികെ കൊണ്ടുവന്നത്. പിന്നീട് 2001 ലും 2006 ലും കോണ്‍ഗ്രസിലെ എന്‍.ശക്തന് നേമം വീണ്ടും തിരിച്ചുപിടിച്ചു. എന്നാല്‍ 2011 ലെ തെരഞ്ഞെടുപ്പില്‍ വി.ശിവന്‍കുട്ടി നേമത്തെ വീണ്ടും ഇടതുപക്ഷത്തേയ്ക്ക് കൊണ്ടുവരികയായിരുന്നു. എന്നാല്‍ 2016ല്‍ ഈ ഇടത് വലത് ചരിത്രത്തെ അട്ടിമറിച്ചുകൊണ്ട് നേമത്തിലൂടെ ബി.ജെ.പി കേരളത്തിലെ അവരുടെ അക്കൗണ്ട് തുറന്നു.
2016 ലെ തെരഞ്ഞെടുപ്പ് ഫലം
എല്‍.ഡി.എഫിനോ യു.ഡി.എഫിനോ മാത്രം വഴങ്ങിയിരുന്ന നേമത്തെ ജനവിധി മാറിമാറിഞ്ഞത് 2016ലാണ്. 47.46 ശതമാനം വോട്ട് നേടിയാണ് ഒ. രാജഗോപാല്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയ സി.പി.ഐ.എമ്മിന്റെ വി. ശിവന്‍കുട്ടിയ്ക്ക് 41.39 ശതമാനം വോട്ടാണ് ലഭിച്ചത്. യു.ഡി.എഫിനായി അന്ന് രംഗത്തിറങ്ങിയത് ജനതാദള്‍(യു)വിലെ വി.സുരേന്ദ്രന്‍പിള്ളയായിരുന്നു. വെറും 9.7ശതമാനം വോട്ട് മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്.
നേമം മണ്ഡല പുനര്‍നിര്‍ണ്ണയം എല്‍.ഡി.എഫിനും യു.ഡി.എഫിനും തിരിച്ചടിയായതായി കണക്കാക്കപ്പെടുന്നുണ്ട്. നേമത്ത ഇരുവര്‍ക്കും സ്വാധീനമുണ്ടായിരുന്ന വാര്‍ഡുകള്‍ കാട്ടാക്കടയിലേക്ക് പോയതും പകരം ബി.ജെ.പിക്ക സ്വാധീനമുള്ള വാര്‍ഡുകള്‍ നേമത്തേക്ക് എത്തിയതും ഇരുമുന്നണികളുടെയും വോട്ട് വിഹിതത്തെ കാര്യമായി തന്നെ ബാധിച്ചിരുന്നു.
മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന്റെ സ്വാധീനം വലിയ രീതിയില്‍ ഇടിഞ്ഞതും കാണാം. 2006 മുതലുള്ള തെരഞ്ഞടുപ്പ് ഫലങ്ങളില്‍ നിന്നും ഇത് വ്യക്തമാണ്. 2006ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച എന്‍.ശക്തന് 60886 വോട്ടുകള്‍ ലഭിച്ചിരുന്നു. അന്ന് സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായിരുന്നത് വെങ്ങാനൂര്‍ ഭാസ്കരനായിരുന്നു. 50135 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന മലയിന്‍കീഴ് രാധാകൃഷ്ണന് 6705 വോട്ടാണ് ലഭിച്ചത്.
എന്നാല്‍ 2011ലെ തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ കോണ്‍ഗ്രസ് വോട്ടുകളില്‍ വലിയ കുറവുണ്ടായി. 2011 ല്‍ നേമത്ത് കോണ്‍ഗ്രസിനായി രംഗത്തെത്തിയത് എസ്.ജെ.ഡിയിലെ ചാരുപാറ രവിയാണ്. 20248 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. വിജയിച്ച സി.പി.ഐ.എമ്മിലെ വി ശിവന്‍കുട്ടിയ്ക്ക് 50076 വോട്ടും ലഭിച്ചിരുന്നു. ബി.ജെ.പി സ്ഥാനാര്‍ഥി ഒ.രാജഗോപാലിന് ലഭിച്ച വോട്ടുകള്‍ 43,661 ആണ്.
2016ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായത് ജെ.ഡി.യുവിലെ വി.സുരേന്ദ്രന്‍പിള്ളയാണ്. 13869 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. 67813 വോട്ട് ലഭിച്ച് ബി.ജെ.പിയുടെ ഒ.രാജഗോപാല്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ സി.പി.ഐ.എമ്മിലെ വി.ശിവന്‍കുട്ടിക്ക് ലഭിച്ചത് 59,142 വോട്ടാണ്. ഈ മൂന്ന് കണക്കുകളില്‍ നിന്ന് നിന്ന് കോണ്‍ഗ്രസിനുണ്ടായ വീഴ്ച വ്യക്തമാണ്. അത് തിരിച്ചുപിടിക്കുകയാകും കെ. മുരളീധരനെ സംബന്ധിച്ചിടത്തോളം ഇത്തവണ നേമത്തെ ഏറ്റവും വലിയ കടമ്പ.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലും കാര്യമായ നേട്ടമാണ് നേമത്ത് ബി.ജെ.പിയ്ക്കുള്ളത്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തിലെ 22 കോര്പ്പറേഷന് വാര്‍ഡില്‍ 10 എണ്ണമാണ് ബി.ജെ.പി നേടിയത്. 2020ല്‍ അത് 14 ആക്കി ഉയര്‍ത്തി. ഈ വികാരം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാതിരിക്കാനാണ് ഇടതുമുന്നണിയുടേയും യു.ഡി.എഫിന്റെയും ശ്രമം.
നേമം നിയോജക മണ്ഡലത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്നാണ് ഹിന്ദു വോട്ടുകള്‍. മൊത്തം 1.92 ലക്ഷത്തിലധികം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ ഭൂരിഭാഗവും ഹിന്ദു മതവിശ്വാസികളാണ്. കൂടാതെ 30000ത്തോളം വരുന്ന മുസ്ലിം വോട്ടുകളും അതിന് സമാനമായ നാടാര്‍ വോട്ടുകളുമാണ് ഉള്ളത്. ഇവ ഉപയോഗിച്ചുള്ള അട്ടിമറി വിജയസാധ്യതകളാണ് എല്‍.ഡി.എഫിനും യു.ഡി.എഫിനും മുന്നിലുള്ളത്. നേമത്ത് ഇത്തവണ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.