യു.പിയിലെ ബി.ജെ.പി സർക്കാർ ജനാധിപത്യത്തെ കൊല്ലുന്നു: അഖിലേഷ് യാദവ്
India
യു.പിയിലെ ബി.ജെ.പി സർക്കാർ ജനാധിപത്യത്തെ കൊല്ലുന്നു: അഖിലേഷ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th October 2025, 9:34 am

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാർ ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണെന്ന് സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. യു.പിയിലെ ബി.ജെ.പി സർക്കാർ സ്വേച്ഛാധിപത്യ മനോഭാവത്തോടെ ഭരണഘടനയിലെ തത്വങ്ങളെ അക്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ബറേലിയിലേക്കുള്ള സമാജ്‌വാദി പാർട്ടി നേതാക്കളുടെ സംഘത്തെ പൊലീസ് തടഞ്ഞത് അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്തിടെ മുതിർന്ന സമാജ്‌വാദി പാർട്ടി നേതാവും രാജ്യസഭാംഗവുമായ രാംജി ലാൽ സുമന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെയും തടഞ്ഞു.

പ്രതിപക്ഷ നേതാവ് മാതാ പ്രസാദ് പാണ്ഡെ തന്റെ സ്വകാര്യ വാഹനത്തിൽ പോകാനൊരുങ്ങുമ്പോൾ അദ്ദേഹത്തിന്റെ ലഖ്‌നൗ വസതിക്ക് പുറത്തു നിന്ന പൊലീസുകാരൻ അദ്ദേഹത്തെ തടഞ്ഞുവെന്നും അഖിലേഷ് യാദവ് പറഞ്ഞു.

നിരോധനാജ്ഞ ചൂണ്ടി കാട്ടി ജില്ലാ മജിസ്‌ട്രേറ്റ് പ്രതിപക്ഷ നേതാവിനെയും സമാജ്‌വാദി പാർട്ടി പ്രതിനിധി സംഘത്തെയും ബറേലിയിലേക്ക് പോകുന്നത് തടഞ്ഞത് ആശ്ചര്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ബറേലിയിലെ ജനങ്ങൾക്കെതിരെ അടിച്ചമർത്തൽ പ്രയോഗിച്ചുകൊണ്ട് ബിജെപി സർക്കാർ ഒന്നും നേടില്ലെന്ന് മനസ്സിലാക്കണമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

ശനിയാഴ്ച ബറേലിയിലേക്ക് യാത്രചെയ്യാനെത്തിയ സമാജ്‌വാദി പാർട്ടി നേതാക്കളുടെ സംഘത്തെ പൊലീസ് തടഞ്ഞു. പാർട്ടി പ്രതിനിധി സംഘത്തിലെ എല്ലാവരെയും വീട്ടുതടങ്കലിലാക്കിയെന്ന് സമാജ്‌വാദി പാർട്ടി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു.

ബി.ജെ.പി സർക്കാർ ഭരണഘടന വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായി പ്രവർത്തിക്കുന്നുവെന്ന് മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആരോപിച്ചു.

‘ബി.ജെ.പി സർക്കാർ തങ്ങളുടെ പരാജയങ്ങൾ മറച്ചുവെക്കാൻ സ്വേച്ഛാധിപത്യത്തിലേക്ക് തിരിയുകയാണ്. ഭരണഘടനയുടെ അടിസ്ഥാന ആശയത്തെ സ്വേച്ഛാധിപത്യ മനോഭാവത്തിലൂടെ സർക്കാർ ആക്രമിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

Content Highlight: BJP government in UP is killing democracy: Akhilesh Yadav