ഭോപ്പാൽ: ഭഗവാൻ ശ്രീ കൃഷ്ണനെ വെണ്ണക്കള്ളൻ എന്ന് വിളിക്കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടാൻ ക്യാംപയിൻ ആരംഭിക്കാനൊരുങ്ങി മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ. കൃഷ്ണന്റെ വെണ്ണ മോഷണം അനീതിക്കെതിരെയുള്ള പ്രതിഷേധമായിരുന്നുവെന്നും അത് മോഷണമല്ലെന്നും മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.
കൃഷ്ണൻ വെണ്ണക്കുടം പൊട്ടിച്ചത് അമ്മാവനും സ്വേച്ഛാധിപതിയുമായ കംസനെതിരെയുള്ള നിലപാടായിരുന്നുവെന്നും ജന്മാഷ്ടമി ദിനത്തിൽ സംസാരിക്കവെ മോഹൻ യാദവ് പറഞ്ഞു. കൃഷ്‌ണൻ സാമ്പത്തികമായി മുന്നോക്കമായ കുടുംബത്തിലാണ് ജനിച്ചതെന്നും അങ്ങനെയുള്ള ആൾക്ക് മോഷ്ടിക്കേണ്ട ആവശ്യമില്ലെന്നും യാദവ് വാദിച്ചു. മോഷണത്തിന് പകരം കൃഷ്ണന്റെ ഈ ചെയ്തി അനീതിക്കെതിരായ പ്രതീകാത്മകമായ പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ഇക്കാര്യം മനസിലായെന്ന് ഉറപ്പാക്കാൻ മുഖ്യമന്ത്രി പരസ്യമായി വെണ്ണ കഴിക്കുകയും ചെയ്തു.
‘ഗോകുലത്തിൽ ആയിരക്കണക്കിന് പശുക്കൾ ഉണ്ടായിരുന്നു, അവിടെ നിന്ന് വെണ്ണയെല്ലാം കംസന്റെ വീട്ടിലേക്ക് കൊണ്ടുപോയി. കൃഷ്ണൻ തന്റെ സഹ ഗോപാലകരോട് പറഞ്ഞു, ‘നിങ്ങളുടെ വെണ്ണ കഴിക്കൂ, കലം പൊട്ടിക്കൂ, പക്ഷേ അത് നമ്മുടെ ശത്രുവിൽ എത്താൻ അനുവദിക്കരുത്’ എന്ന്. ഇത് മോഷണമല്ല, മറിച്ച് പ്രതിരോധത്തിന്റെ സന്ദേശമാണ്. കൃഷ്ണന്റെ കഥ സ്നേഹത്തെക്കുറിച്ചും അനീതിക്കെതിരായ പ്രതിഷേധത്തെക്കുറിച്ചുമാണ്, മോഷണത്തെക്കുറിച്ചല്ല,’ മോഹൻ യാദവ് പറഞ്ഞു.
സംസ്ഥാന സാംസ്കാരിക വകുപ്പ് പ്രചാരണത്തിനായി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ സാംസ്കാരിക ഉപദേഷ്ടാവ് ശ്രീറാം തിവായ് പറഞ്ഞു. കഥാകൃത്തുക്കൾ, പുരോഹിതന്മാർ, മതനേതാക്കൾ എന്നിവരെ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
എന്നാൽ ബി.ജെ.പി സർക്കാരിന്റെ ഈ നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായ വിമർശനം ഉന്നയിച്ചിട്ടുണ്ട്. രാഷ്ട്രീയ നേട്ടം കൈവരിക്കുന്നതിനായി സർക്കാർ പുരാണ കഥകൾ പുനർനിർമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ഉമാങ് സിംഗർ ആരോപിച്ചു.
Content Highlight: BJP government in Madhya Pradesh to launch campaign to ask people not to call Lord Krishna a butter thief