ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വെച്ച് ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരത്തിന് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ രാഷ്ട്രീയവിവാദം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് സ്ത്രീ സുരക്ഷ അതീവ ഗുരുതരമായ അവസ്ഥയിലാണെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചു. ‘ഇന്ത്യയുടെ പേര് ചെളിയില്‍ മുങ്ങി’യെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിതു പട്‌വാരി ആരോപിച്ചു.
ആതിഥ്യമര്യാദയ്ക്ക് പേരുകേട്ട ഇന്‍ഡോറിന്റെ സമാപകാലത്തെ ക്രമസമാധാനപാലനത്തെ കുറിച്ച് ഗുരുതരമായ ആശങ്കയുണ്ട്. പൊലീസിനോടുള്ള ഭയം നശിച്ചിരിക്കുന്നു. ഇതിനൊക്കെ ആരാണ് ഉത്തരവാദിയെന്ന് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മറുപടി നല്‍കണമെന്നും പട്‌വാരി ആവശ്യപ്പെട്ടു.
വേഗത്തിലുള്ള നീതിയും ശക്തമായ പ്രതിരോധവും ഉറപ്പാക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്‌വി ആവശ്യപ്പെട്ടു. സ്ത്രീ സുരക്ഷ അത് ഇന്ത്യക്കാര്‍ക്കായാലും അതിഥികള്‍ക്കായാലും ഒരുപോലെയാണ് വേണ്ടത്. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമം മനസിനെ വേട്ടയാടുന്നു. വേഗത്തില്‍ നീതിയും പ്രതിരോധവും നടപ്പാക്കണം. നിശബ്ദത പാടില്ലെന്നും സിംഗ്‌വി പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസും മധ്യപ്രദേശിലെ സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷയിലുള്ള അനാസ്ഥയ്‌ക്കെതിരെ രംഗത്തെത്തി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്താണ് ഈ അതിക്രമം സംഭവിച്ചിരിക്കുന്നത്. ഓര്‍ക്കുക, ഇത് ഇരട്ടഎഞ്ചിന്‍ എന്നവകാശപ്പെടുന്ന സര്‍ക്കാരിന്റെ കാലത്താണ് നടന്നിരിക്കുന്നത്. ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ തലകുനിയാന്‍ ഈ സംഭവം കാരണമായെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് വിമര്‍ശിച്ചു.
‘ഭയാനകമാണ് ഈ അവസ്ഥ. ബി.ജെ.പി ഭരണത്തിന് കീഴില്‍ അവര്‍ അവകാശപ്പെടുന്ന ‘ബേട്ടി ബച്ചാവോ’യുടെ യാഥാര്‍ത്ഥ്യമാണിത്. തൃണമൂലിനെതിരെ ആഞ്ഞടിക്കുന്നതിന് മുമ്പ് ബി.ജെ.പി ആത്മപരിശോധന നടത്തണം. നിങ്ങളുടെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യയുടെ പെണ്‍മക്കളും അതിഥികളും സുരക്ഷിതരല്ല, നമ്മുടെ രാജ്യത്തിന്റെ പേര് മുഴുവന്‍ ബി.ജെ.പി ചെളിയില്‍ മുക്കി’, തൃണമൂല്‍ വക്താവ് സുദീപ് റാഹ പ്രതികരിച്ചു.
2024 ഓഗസ്റ്റില്‍ പശ്ചിമബംഗാളിലെ ആര്‍.ജി കാര്‍ ആശുപത്രിയിലെ വനിതാഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതും ഈ മാസമാദ്യം ദുര്‍ഗാപുരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായതും ചൂണ്ടിക്കാണിച്ച് ബി.ജെ.പി പശ്ചിമബംഗാളിലെ മമതാനര്‍ജി സര്‍ക്കാരിന് എതിരെ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റാഹയുടെ പ്രതികരണം.
കഴിഞ്ഞദിവസമാണ് ലോകക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളുടെ ഭാഗമായി ഇന്‍ഡോറിലെത്തിയ ഓസ്‌ട്രേലിയന്‍ വനിതാക്രിക്കറ്റ് താരത്തിന് നേരെയുണ്ടായ ലൈംഗികാതിക്രമ വിവരം പുറംലോകമറിഞ്ഞത്.
സമീപത്തെ കഫേയിലേക്ക് താമസിക്കുന്ന ഹോട്ടലില്‍ നിന്നും നടന്നുപോവുകയായിരുന്ന ക്രിക്കറ്റ് താരങ്ങള്‍ക്ക് നേരെയാണ് അതിക്രമമുണ്ടായത്. മോട്ടോര്‍സൈക്കിളിലെത്തിയ പ്രതി താരങ്ങള്‍ക്ക് സമീപത്തെത്തിയപ്പോള്‍ വാഹനത്തിന്റെ വേഗം കുറയ്ക്കുകയും ഒരു താരത്തെ മോശമായി സ്പര്‍ശിച്ചതിന് ശേഷം കടന്നുകളയുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് നേതൃത്വത്തിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ കഴിഞ്ഞദിവസമാണ് പുറത്തെത്തിയത്. സംഭവത്തില്‍ പ്രതി അഖീലിനെ പൊലീസ് പിടികൂടി. സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് നടപടിയെടുത്തത്.
വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് മധ്യപ്രദേശ് മന്ത്രി കൃഷ്ണഗൗര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. പ്രതിയെ വേഗത്തില്‍ പിടികൂടിയത് പൊലീസിന്റെ മികവാണെന്ന് പ്രശംസിക്കുകയും ചെയ്തു. കുറ്റവാളിക്ക് കര്‍ശനമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. പകരം വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയാണ് കോണ്‍ഗ്രസെന്ന് ഗൗര്‍ വിമര്‍ശിച്ചു.
Content Highlight: ‘BJP government has tarnished the name of the country’, political battle over violence against Australian player