ന്യൂദല്‍ഹി: രാജ്യത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ നാല് ഇടങ്ങളിലും ബി.ജെ.പി വിരുദ്ധ മുന്നണികള്‍ക്ക് മുന്നേറ്റം. മത്സരഫലം പ്രഖ്യാപിച്ച നാല് മണ്ഡലങ്ങളില്‍ മൂന്ന് സ്ഥലങ്ങളില്‍ ആം ആദ്മിയും തൃണമൂല്‍ കോണ്‍ഗ്രസുമാണ് മുന്നേറ്റം നടത്തിയത്. ഒരു സീറ്റില്‍ ബി.ജെ.പിയും വിജയിച്ചു. നാല് സംസ്ഥാനങ്ങളിലായി അഞ്ച് മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെണ്ണല്‍ നടന്നത്.
പഞ്ചാബിലെ തെരഞ്ഞെടുപ്പില്‍ ആംആദ്മിയും ബി.ജെ.പിയും ഓരോ സീറ്റില്‍ വിജയിച്ചു വിജയിച്ചു. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റിലാണ് ആം ആദ്മി വിജയം കൈവരിച്ചത്. ഗുജറാത്തിലെ ഒരു സീറ്റിലും എ.എ.പി സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാനായി. പഞ്ചാബിലെ ലുധിയാന വെസ്റ്റിലും ഗുജറാത്തിലെ വിസവദര്‍ സീറ്റിലുമാണ് ആം ആദ്മി ജയിച്ചത്. എന്നാല്‍ ഗുറാത്തിലെ കാഡി സീറ്റില്‍ ബി.ജെ.പി വിജയിച്ചു.
പശ്ചിമ ബംഗാളിലാകട്ടെ ഉപതെരഞ്ഞെടുപ്പ് നടന്ന കാളീഗഞ്ചില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുകയാണ്. ദക്ഷിണേന്ത്യയിലേക്ക് വരുമ്പോള്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ആര്യാടന്‍ ഷൗക്കത്താണ് വിജയിച്ചത്.
നിലവിലെ എം.എല്‍.എമാരുടെ മരണത്തെ തുടര്‍ന്നാണ് ഗുജറാത്ത്, പശ്ചിമ ബംഗാള്‍, പഞ്ചാബിലെ ഒരു സീറ്റിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് എം.എല്‍.എമാരുടെ രാജിയെ തുടര്‍ന്ന് കേരളത്തിലും ഗുജറാത്തിലെ മറ്റൊരു സീറ്റിലും വോട്ടെടുപ്പ് നടന്നു.
ഗുജറാത്തിലെ വിസവദര്‍ സീറ്റില്‍ ആം ആദ്മി നേതാവ് ഇറ്റാലിയ ഗോപാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കിരിത് പട്ടേലിനെതിരെ 17,555ന്റെ വോട്ടുകള്‍ക്കാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 5,501 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്താണ്.