തോറ്റെങ്കിലും ഞങ്ങള്‍ പരാജയപ്പെട്ടിട്ടില്ലെന്ന് ബി.ജെ.പി; കശ്മീരിലെ തോല്‍വി സമ്മതിക്കാതെ നേതൃത്വം
India
തോറ്റെങ്കിലും ഞങ്ങള്‍ പരാജയപ്പെട്ടിട്ടില്ലെന്ന് ബി.ജെ.പി; കശ്മീരിലെ തോല്‍വി സമ്മതിക്കാതെ നേതൃത്വം
ന്യൂസ് ഡെസ്‌ക്
Wednesday, 23rd December 2020, 4:25 pm

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഡി.ഡി.സി തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാതെ ബി.ജെ.പി. തങ്ങളല്ല പരാജയപ്പെട്ടതെന്നും ഗുപ്കാര്‍ സഖ്യത്തിനാണ് പരാജയം സംഭവിച്ചതെന്നുമാണ് ബി.ജെ.പി അവകാശപ്പെടുന്നത്.

തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷയുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പി നേതാക്കള്‍ അവകാശപ്പെട്ടത്.

തെരഞ്ഞെടുപ്പില്‍ ഗുപ്കാര്‍ സഖ്യത്തേക്കാള്‍ ബി.ജെ.പിയും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വോട്ട് നേടിയെന്നും ഗുപ്കാര്‍ സഖ്യത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെന്നുമായിരുന്നു ബി.ജെ.പി വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടത്.

എന്നാല്‍ തങ്ങളാണ് ജമ്മു കശ്മീരിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന ബി.ജെ.പിയുടെ അവകാശവാദത്തെ രൂക്ഷമായി പരിഹസിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഉമര്‍ അബ്ദുള്ള രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിയുടെ ഈ നിരാശ കാണുന്നത് രസകരമാണെന്നും ഇത്തരത്തില്‍ പച്ചക്കള്ളം വിളിച്ചുപറയാന്‍ അവര്‍ക്ക് ലജ്ജയില്ലേയെന്നുമായിരുന്നു അദ്ദേഹം ചോദിച്ചത്.

ഇന്നലെ അവര്‍ പറഞ്ഞത് കശ്മീര്‍ താഴ്‌വരയില്‍ മൂന്ന് സീറ്റ് വരെ കിട്ടിയെന്നായിരുന്നു. ഇന്ന് പറയുന്നു ഏറ്റവും വലിയ ഒറ്റകക്ഷി അവരാണെന്ന്. സഖ്യം ഉള്ളതുകാരണം കുറഞ്ഞ സീറ്റുകളിലാണ് നാഷണല്‍ കോണ്‍ഫറന്‍സ് മത്സരിച്ചത്. എന്നിട്ടും ഏറ്റവും വലിയ ഒറ്റകക്ഷിയാണ് അവരെന്ന് സ്വയം അവകാശപ്പെടുന്നു. ഇതിലൊന്നും അവര്‍ക്ക് നാണം തോന്നുന്നില്ലേ.

അവര്‍ മൂന്ന് സീറ്റ് നേടിയെങ്കില്‍ അവരെ ഞാന്‍ അഭിനന്ദിക്കുന്നു. പക്ഷേ 35 സീറ്റു നേടിയ ഞങ്ങളുടെ കാര്യം എങ്ങനെയാണ്? ബി.ജെ.പി ഞങ്ങളെ വിളിക്കുന്നത് കശ്മീര്‍ അടിസ്ഥാനമാക്കിയുള്ള പാര്‍ട്ടിയെന്നാണ്. അങ്ങനെ വിളിച്ച ഞങ്ങള്‍ക്ക് ജമ്മുവില്‍ 35 സീറ്റുകിട്ടി. എന്നാല്‍ അവര്‍ ജമ്മു
മാത്രം അടിസ്ഥാനമാക്കിയല്ലല്ലോ പ്രവര്‍ത്തിച്ചത്’, ഉമര്‍ അബ്ദുള്ള പറഞ്ഞു.

തെരഞ്ഞെടുപ്പ് പരാജയം ബി.ജെ.പിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ തിരിച്ചടി തന്നെയാണെന്നും പൂര്‍ണമായും ഗുപ്കാര്‍ സഖ്യത്തിന്റെ വിജയമാണ് സംഭവിച്ചതെന്നും മെഹബൂബ മുഫ്തി പറഞ്ഞു. അവര്‍ ഞങ്ങളെ തീവ്രവാദികളെന്ന് വിളിച്ചു. ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിച്ചു. ഇന്ത്യയുടെ ഭരണഘടന ദുരുപയോഗം ചെയ്തു. വ്യാപകമായി റെയ്ഡു നടത്തി. ഒരു അടിസ്ഥാനവുമില്ലാതെ തങ്ങളെ തടങ്കലിലാക്കി. എന്തൊക്കെ സംഭവിച്ചാലും അവസാനം ശ്വാസം വരെ 370 പുനസ്ഥാപിക്കാന്‍ പോരാടും. ആളുകളെ ഭയപ്പെടുത്തി നിശബ്ദരാക്കുന്ന ബി.ജെ.പിയുടെ തന്ത്രത്തിനേറ്റ തിരിച്ചടിയാണ് ഈ പരാജയമെന്നും മുഫ്തി പറഞ്ഞു.

ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ജമ്മു-കശ്മീരിലെ 20 ജില്ലകളില്‍ 13ലും ഗുപ്കാര്‍ സഖ്യമാണ് വിജയിച്ചത്. ജമ്മുവിലെ ആറ് ജില്ലകളില്‍ മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാനായത്.

100 സീറ്റുകളില്‍ ഗുപ്കാര്‍ മുന്നണി വിജയിച്ചപ്പോള്‍ ബി.ജെ.പി 74 സീറ്റിലൊതുങ്ങി. ഒറ്റക്ക് മത്സരിച്ച കോണ്‍ഗ്രസിന് 26 സീറ്റുകളാണ് നേടാനായത്. കശ്മീരില്‍ മാത്രം 72 സീറ്റുകളില്‍ ഗുപ്കാര്‍ സഖ്യം വിജയിച്ചപ്പോള്‍ മൂന്ന് സീറ്റിലാണ് ബി.ജെ.പി ജയിച്ചത്.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവിയെടുത്തുമാറ്റിയ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയാണ് ഗുപ്കാര്‍ സഖ്യത്തിന്റെ കണ്‍വീനര്‍. ഫാറൂഖ് അബ്ദുള്ളയാണ് സഖ്യത്തിന്റ ചെയര്‍മാന്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP Claims Jammu Kashmir Victory