'ഹലാലിന്റെ പേര് പറഞ്ഞ് ഹൈന്ദവ മക്കളെ നേരെവന്നാല്‍ കയ്യും കാലും കൊത്തി പാണക്കാട്ടേക്ക് പാര്‍സലയക്കും'; പേരാമ്പ്രയില്‍ പ്രകോപന മുദ്രാവാക്യവുമായി ബി.ജെ.പി
Kerala News
'ഹലാലിന്റെ പേര് പറഞ്ഞ് ഹൈന്ദവ മക്കളെ നേരെവന്നാല്‍ കയ്യും കാലും കൊത്തി പാണക്കാട്ടേക്ക് പാര്‍സലയക്കും'; പേരാമ്പ്രയില്‍ പ്രകോപന മുദ്രാവാക്യവുമായി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th May 2022, 11:49 pm

കോഴിക്കോട്: ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് ആര്‍.എസ്.എസുകാര്‍ ആക്രമണം നടത്തിയ പേരാമ്പ്രയില്‍ പ്രകോപന മുദ്രാവാക്യവുമായി ബി.ജെ.പി-ആര്‍.എസ്.എസ് പ്രകടനം.

‘ഹലാലിന്റെ പേര് പറഞ്ഞ് ഹൈന്ദവ മക്കളെ നേരെ വന്നാല്‍ കയ്യും കാലും കൊത്തിയെടുത്ത് പാണക്കാട്ടെ ചെറ്റയ്ക്ക് പാര്‍സലയക്കും ആര്‍.എസ്.എസ്,’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. പൊലീസ് സാന്നിധ്യത്തിലാണ് മുദ്രാവാക്യം വിളിക്കുന്നത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് കോഴിക്കോട്ട് പേരാമ്പ്രയില്‍ ആക്രമണം നടത്തിയത് ചര്‍ച്ചയായിരുന്നു.

പേരാമ്പ്രയിലെ ബാദുഷ ഹൈപ്പര്‍മാര്‍ക്കറ്റിലാണ് ഒരുസംഘമെത്തി ജീവനക്കാരെ ആക്രമിച്ചിരുന്നത്. സംഭവത്തില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രസൂണ്‍, ഹരികുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നത്.

വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. പ്രസൂണ്‍ റിമാന്റിലാണ്. ഹരികുമാറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ബി.ജെ.പി പ്രകടനം നടത്തിയത്.

കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു ആര്‍.എസ്.എസ് ആക്രമണമുണ്ടായത്. സൂപ്പര്‍മാര്‍ക്കറ്റില്‍ നാല് പേരടങ്ങുന്ന സംഘമെത്തി ഹലാല്‍ സ്റ്റിക്കറുള്ള ബീഫുണ്ടോയെന്ന് ചോദിച്ചു. ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റില്‍ ബീഫ് സൂക്ഷിച്ചിരുന്ന ഫ്രീസറിനു മുകളില്‍ ഹലാല്‍ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടായിരുന്നു.